പൊതു വിഭാഗം

ഷിരൂർ – രക്ഷാ പ്രവർത്തനവും മാധ്യമപ്രവർത്തനവും

ഒരാഴ്ചയായി ഔദ്യോഗിക യാത്രയിലാണ്, അതേസമയം ഓഫിസിലെ ജോലികളും ഉണ്ട്. രണ്ടും കൂടി ആകുമ്പോൾ ദിവസം പതിനഞ്ചു മണിക്കൂർ തീരും. ഒരു വിഷയം കൃത്യമായി പഠിക്കാതെ ഇന്റർനെറ്റിൽ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ‘വിദഗ്ദ്ധാഭിപ്രായം’ പറയുന്നത് ശരിയുമല്ലല്ലോ.  അതുകൊണ്ടാണ് ഷിരൂരിലെ സംഭവത്തിൽ ഒന്നും എഴുതാതിരുന്നത്. ക്ഷമിക്കുമല്ലോ.

പല മാധ്യമങ്ങളും പ്രതികരണത്തിനും ചർച്ചക്കും വിളിച്ചിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ മാധ്യമ ചർച്ചകൾക്ക് പൊതുവെ പോകാറില്ല. അല്പം ഒച്ചപ്പാട് ഉണ്ടാക്കുക, ആരെയെങ്കിലും ഒക്കെ കുറ്റക്കാരാക്കുക, മന്ത്രിമാരെയോ ഉദ്യോഗസ്ഥരെയോ മോശക്കാരായി ചിത്രീകരിക്കുക, ചാനലിന് കാഴ്ചക്കാരെ കൂട്ടുക എന്നതിനൊക്കെ ഉപരി വിഷയത്തിന് പരിഹാരം ഉണ്ടാകണമെന്നോ ഇനി ഇത്തരത്തിൽ ഒരു ദുരന്തം ഉണ്ടാകരുതെന്നോ ഉള്ള ആഗ്രഹം ഒന്നും ഈ ചാനലുകൾക്ക് ഉള്ളതായി പൊതുവെ തോന്നിയിട്ടില്ല. അത്തരം ചർച്ചാ സദസ്സിനിരിക്കാൻ സമയം ഉണ്ടെങ്കിൽ കൂടി സൗകര്യം ഉണ്ടാവില്ലല്ലോ.

ഇത്തവണയും മാധ്യമങ്ങൾ പ്രതീക്ഷയിൽ നിന്നും വ്യത്യസ്തമായില്ല. ഒരു രക്ഷാപ്രവർത്തനത്തെ ഒരു അന്തർസംസ്ഥാന പ്രശ്നം പോലെ വളർത്തിക്കൊണ്ടുവരുവാൻ നമ്മുടെ മാധ്യമങ്ങൾക്ക് സാധിച്ചു. അതിന് വാളെടുത്തവർ ഒക്കെ വെളിച്ചപ്പാട് എന്ന് പറഞ്ഞത് പോലെ ഓൺ സൈറ്റും ഓഫ് സൈറ്റും ആയി ദുരന്ത വിദഗ്ദ്ധർ കൂട്ടിനെത്തി.

“നീ നിന്റെ നിലവാരം കാണിച്ചു എന്നതാണ് ശരി” എന്ന രാവണപ്രഭുവിലെ മോഹൻലാൽ ഡയലോഗ് ആണ് ഓർക്കുന്നത്.

ദുരന്ത മുഖത്തെ രക്ഷാ പ്രവർത്തനം എന്നത് സാങ്കേതികമായി സങ്കീർണ്ണവും മാനസികമായി ഏറെ പിരിമുറുക്കം ഉണ്ടാക്കുന്നതുമായ ഒന്നാണ്. ദുരന്തന്തിൽ അകപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനോടൊപ്പം തന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ ജീവൻ അപകടത്തിൽ പെടാതെ നോക്കേണ്ടതുമായ ഉത്തരവാദിത്തം രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നവർക്കുണ്ട്. അവിടെ മന്ത്രിമാരോ മാധ്യമപ്രവർത്തകരോ, അടുത്ത ബന്ധുക്കളോ, പൊതുജനങ്ങളോ ആകട്ടെ, അവർക്ക് ചെയ്യാവുന്ന ഏറ്റവും സഹായകമായ കാര്യം ദുരന്തമുഖത്ത് എത്തി അവരുടെ തൊഴിൽ തടസ്സപ്പെടുത്തുകയോ അവരെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കാതിരിക്കുകയോ ചെയ്യുക എന്നുള്ളതാണ്. എങ്ങനെയാണ് ദുരന്ത സമയത്ത് ഒരു സമൂഹം പെരുമാറേണ്ടത് എന്നുള്ള കാര്യത്തിൽ സംശയമുളളവർ തായ്‌ലൻഡിലെ ഗുഹയിൽ കുട്ടികൾ അകപ്പെട്ടപ്പോൾ അവിടുത്തെ ആളുകൾ (മന്ത്രിമാർ, മാധ്യമങ്ങൾ, ബന്ധുക്കൾ, നാട്ടുകാർ) ഒക്കെ എങ്ങനെയാണ് പെരുമാറിയത് എന്ന് ഒന്ന് കൂടി ഓർത്താൽ മതി.

ഷിരൂരിലെ സാഹചര്യത്തിൽ എന്ത് സാങ്കേതിക നിർദ്ദേശങ്ങളാണ് നൽകാൻ സാധിക്കുക എന്ന് പലരും ചോദിച്ചിരുന്നു. ഇത്തരം സാഹചര്യത്തിൽ ആവശ്യത്തിന് വസ്തുതകൾ ലഭ്യമല്ലാത്തവർ സംഭവസ്ഥലത്തോ ചാരുകസേരയിലോ ഇരുന്ന് ലോറി ഇവിടെയുണ്ടാകും, അവിടെ ഉണ്ടാകും, രക്ഷാപ്രവർത്തനം ഇങ്ങനെ വേണം, അങ്ങനെ വേണം എന്നൊക്കെ പറയാതിരിക്കുന്നതാണ് ഔചിത്യം. ആരെങ്കിലും ഈ ഔചിത്യബോധം കാണിച്ചില്ലെങ്കിൽ അവർ പറയുന്നതൊക്കെ നാട്ടുകാരെ കാണിച്ചു രക്ഷാപ്രവർത്തനം നടത്തുന്നവരെ മോശക്കാരാക്കുന്ന പ്രവർത്തനം നടത്താതിരിക്കലാണ് മാധ്യമ പ്രവർത്തകർ ചെയ്യേണ്ടത്.

പ്രശസ്തമായ ഒരു ഷെർലോക്ക് ഹോംസ് ക്വോട്ട് ഉണ്ട്. “It is a capital mistake to theorize before one has data. Insensibly one begins to twist facts to suit theories, instead of theories to suit facts.”

ഇതാണ് നമ്മൾ ഷിരൂരിൽ കണ്ടത്. വേണ്ടത്ര വസ്തുതകൾ ഇല്ലാതെ, തോന്നിയ സിദ്ധാന്തങ്ങളുമായി ആളുകൾ വന്നു. മാധ്യമങ്ങൾ അവരുടെ വാക്കുകളെ മെഗാഫോൺ വെച്ചു നാടുമുഴുവൻ അറിയിച്ചു. അത് കേട്ട് കേരളത്തിലെ ആളുകൾ കർണാടകത്തിലെ സർക്കാർ സംവിധാനങ്ങൾക്കെതിരെ തിരിഞ്ഞു. എന്തൊരു കഷ്ടമാണ്?

സേർച്ച് ആൻഡ് റെസ്ക്യൂ എന്നത് പൊതുജനാഭിപ്രായം അനുസരിച്ചു ചെയ്യേണ്ട ഒന്നല്ല. ഭൂകമ്പമോ മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ പോലുള്ള ദുരന്തം ഉണ്ടാകുമ്പോൾ ആളുകൾ മണ്ണിനും കെട്ടിടാവശിഷ്ടങ്ങൾക്കും ഇടയിൽ കുടുങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാകും. ഇവരിൽ മിക്കവാറും ആളുകളെ ഒന്നോ രണ്ടോ ദിവസത്തിനകം രക്ഷപെടുത്താൻ സാധിക്കും. അത്യപൂർവ്വമായി ആളുകൾ ഒന്നോ രണ്ടോ ആഴ്ചകൾക്കപ്പുറത്തും ജീവനോടെ ഇരുന്ന സാഹചര്യങ്ങളുണ്ട്. 2005 ലെ പാകിസ്ഥാൻ ഭൂകമ്പത്തിൽ രണ്ടു മാസത്തിന് ശേഷം ഒരു സ്ത്രീയെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപെടുത്തിയ സാഹചര്യം ഉണ്ടായിട്ടുണ്ട്.  മണ്ണിനടിയിൽ പെട്ടവർ കൂടുതൽ സമയം ജീവനോടെ ഇരിക്കാനുള്ള സാധ്യത കുറയുമെങ്കിലും  ഇത്തരം സാഹചര്യങ്ങളിൽ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടവർ ജീവിച്ചിരിക്കാൻ സാധ്യതയുണ്ട് എന്ന പ്രതീക്ഷയിൽ തന്നെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ആയിരക്കണക്കിന് ആളുകൾ മരിക്കുന്ന ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ പരിക്കേറ്റവരെ രക്ഷിക്കാനും വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും ഒക്കെ ശ്രമങ്ങൾ തുടങ്ങേണ്ടതുള്ളത് കൊണ്ട് രണ്ടാഴ്‌ച കഴിയുമ്പോൾ പലപ്പോഴും രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനം എടുക്കേണ്ടി വരും. അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത തീരുമാനമാണ് ഇത്. അപകടത്തിൽ പെട്ടവർ മരിച്ചിരിക്കാനാണ് സാധ്യത എന്ന് അറിയാമെങ്കിൽ പോലും മൃതശരീരം കിട്ടുന്നത് വരെ ആൾ ജീവിച്ചിരുന്നിരിക്കാം അല്ലെങ്കിൽ അപകടത്തിൽ പെട്ടിട്ടില്ലായിരിക്കാം എന്ന പ്രതീക്ഷ അവരുടെ മനസ്സിൽ ഉണ്ടാകും.  2004 ലെ സുനാമിയിൽ മൃതശരീരം കണ്ടെടുക്കാതെ പോയ സാഹചര്യങ്ങളിൽ കാണാതായവരെ തേടി പോലീസ് സ്റ്റേഷനുകളിൽ, അനാഥാലയങ്ങളിൽ, അമ്പലങ്ങളിൽ, ജ്യോൽസ്യന്മാരുടെ അടുത്ത് ഒക്കെ പോകുന്നവർ ഇപ്പോഴും ഉണ്ട്. ഇതൊക്കെ അറിഞ്ഞുകൊണ്ടാണ് രക്ഷാപ്രവർത്തത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഷിരൂർ പോലുള്ള സാഹചര്യത്തിൽ അപകടത്തിൽ പെട്ടു എന്ന് സംശയിക്കുന്നവരെ ജീവനോടെയോ അല്ലാതെയോ കണ്ടെത്താൻ പരമാവധി ശ്രമിക്കുക എന്നതാണ് ചെയ്യാറുള്ളത്. ബന്ധുക്കളുടെ ദീർഘകാലം നീളുന്ന അനിശ്ചിതാവസ്ഥക്ക് (പലപ്പോഴും നിയമപരമായ കുരുക്കുകൾ ഒഴിവാക്കാനും)  ഇങ്ങനെയാണ് വിരാമമിടുന്നത്.

ഭൂകമ്പം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഈ സാഹചര്യങ്ങളിൽ മണ്ണിനും കല്ലിനും ഇടയിലും കെട്ടിട അവശിഷ്ടങ്ങൾക്കിടയിലും ആളുകൾ പെട്ടിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നത് സാങ്കേതികമായി ഏറെ വെല്ലുവിളിയുള്ള കാര്യമാണ്. അതേസമയം ഇത്തരം സാഹചര്യങ്ങൾ ലോകത്ത് ഓരോ വർഷവും പലപ്രാവശ്യം നടക്കുന്നതിനാൽ അതിനെ കൈകാര്യം ചെയ്യാൻ കൃത്യമായ രീതികളുണ്ട്.

മണ്ണിനടിയിൽ ആളുകളോ വസ്തുക്കളോ കുടുങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ഉപകരണങ്ങൾ, ഇക്കാലത്ത് ഡ്രോണിൽ നിന്നുള്ള നിരീക്ഷണ യന്ത്രങ്ങൾ, അതിന് പരിശീലനം ലഭിച്ച നായ്ക്കൾ, മണ്ണിലോ അവശിഷ്ടങ്ങൾക്കിടയിലോ അകപ്പെട്ടവർക്ക് ജീവനുണ്ടോ എന്ന് പരിശോധിക്കാനുള്ള ഉപകരണങ്ങൾ, അവരോട് സംവദിക്കാൻ, അവർക്ക് ജീവൻ നിലനിർത്താൻ ആത്മവിശ്വാസവും ആഹാരവും നൽകാനുള്ള സംവിധാനങ്ങൾ, അവരെ പുറത്തെത്തിക്കാനുള്ള സംവിധാനങ്ങൾ ഇവയിൽ എല്ലാം പരിശീലനം ലഭിച്ച ആളുകൾ, അവരുടെ കൃത്യമായ കോർഡിനേഷൻ, ഇവയൊക്കെ ചേർന്നതാണ് ഒരു ആധുനിക സെർച്ച് ആൻഡ് റെസ്ക്യൂ ടീം. ഇത് എല്ലാ ജില്ലകളിലും സംസ്ഥാനങ്ങളിലും നിലനിർത്തുന്നത് എളുപ്പമല്ല. സാധാരണ ഒരു രാജ്യത്ത് ഒന്നോ രണ്ടോ ടീമുകൾ, അമേരിക്ക, ഇന്ത്യ, ചൈന, റഷ്യ ഒക്കെ പോലുള്ള വലിയ രാജ്യങ്ങളിൽ കുറച്ചധികം ടീമുകൾ, ഇവർക്കാണ് പൂർണ്ണമായ പരിശീലനവും ഉപകരണങ്ങളും ഉളളത്. അതേസമയം ഇത്തരം സാചര്യത്തിൽ ലോക രാജ്യങ്ങൾ പരസ്പരം സഹായിക്കുകയും ചെയ്യും. ലോകത്ത് ഭൂമികുലുക്കമോ മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടാകുമ്പോൾ പലപ്പോഴും മറ്റു രാജ്യങ്ങളിൽ നിന്ന് പോലും സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ വരാറുണ്ട്. ലോകത്തെവിടെയും ഒരു ആധുനിക റെസ്ക്യൂ ടീം ആദ്യം ചെയ്യുന്നത് രക്ഷാപ്രവർത്തനം നടത്തുന്ന പ്രദേശത്തുനിന്നും രക്ഷാപ്രവർത്തകർ അല്ലാത്തവരെ ഒഴിവാക്കുകയും രക്ഷാപ്രവർത്തനം നടത്തുന്നവരുടെ സുരക്ഷ പരമാവധി ഉറപ്പാക്കുകയുമാണ്.

ലോകത്തെ അപകടങ്ങളിൽ പെടുന്ന 99 ശതമാനം ആളുകളെയും കണ്ടെത്തുന്നതും പുറത്തെത്തിക്കുന്നതും പ്രത്യേകിച്ച് പരിശീലനം ലഭിച്ചിട്ടില്ലാത്ത സ്വന്തം ബന്ധുക്കളോ, അയൽക്കാരോ, സുഹൃത്തുക്കളോ, നാട്ടുകാരോ ആണ്. വേണ്ടത്ര ഉപകരണവും പരിശീലനവും ഉള്ള സംഘങ്ങൾ വരുന്നത് വരെ കത്ത് നിൽക്കുന്നതിലും നിൽക്കാതിരിക്കുന്നതിലും റിസ്ക് ഉണ്ട്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ അപ്പോൾ രക്ഷാപ്രവർത്തനം തുടരുന്നതിലും തുടരാതിരിക്കുന്നതിലും റിസ്ക് ഉണ്ട്. രാത്രിയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിലും നടത്താതിരിക്കുന്നതിലും റിസ്ക് ഉണ്ട്. ഇത്തരത്തിൽ കൃത്യമായി ഒരു ഗണിത ഫോർമുല പോലെ കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ദുരന്തങ്ങൾ കൈകാര്യം ചെയ്തുള്ള പരിചയം പ്രാധാന്യമുള്ളതാകുന്നത്. ഇക്കാര്യത്തിൽ കർണ്ണാടകയിൽ എന്തൊക്കെ സംവിധാനങ്ങൾ ഉണ്ടായിരുന്നു, മറ്റെന്തൊക്കെ സംവിധാനങ്ങൾ ആണ് അവർ ആവശ്യപ്പെട്ടത്, ലഭ്യമാക്കിയത് എന്നൊന്നും അറിയാതെ ആ വിഷയത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ. അപ്പോൾ ആ വിഷയത്തിൽ പരിചയവും ഉത്തരവാദിത്തവും ഉള്ളവരെ ഗുണവും ദോഷവും കൂട്ടിക്കിഴിച്ച് തീരുമാനം എടുക്കാൻ അനുവദിക്കുക, അനാവശ്യമായി ഇടപെടാതിരിക്കുക, തെറ്റായ തീരുമാനം എടുക്കാനോ വേഗത്തിൽ തീരുമാനം എടുക്കാനോ സമ്മർദ്ദത്തിൽ ആക്കാതിരിക്കുക, ഈ വിഷയത്തിൽ  ആധികാരികമായി വൈദഗ്ദ്ധ്യം ഉള്ള ഒരാൾ ഉണ്ടെങ്കിൽ അവരെ അധികാരികളുമായി ബന്ധപ്പെടുത്തുക, അല്ലെങ്കിൽ അവരെ കണ്ടെത്താൻ അധികാരികളെ സഹായിക്കുക   എന്നതൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്.

ഇക്കാര്യത്തിൽ അധികാരികൾ  പ്രൊഫഷണലായി രക്ഷാപ്രവർത്തനം നടത്തുന്നതോടൊപ്പം   ചെയ്യേണ്ട ഒരു കാര്യം കൂടി ഉണ്ട്. ഇനി ഉണ്ടാകുന്ന സാഹചര്യത്തിൽ ഉപയോഗപ്പെടാൻ വേണ്ടി ഒരിക്കൽ കൂടി പറയാം.

ഒരു ദുരന്തം ഉണ്ടാകുമ്പോൾ അത് പ്രൊഫഷണൽ ആയി  കൈകാര്യം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് അതിനെ പറ്റിയുള്ള ശരിയായ വിവരങ്ങൾ നാട്ടുകാരെ സമയാസമയങ്ങളിൽ അറിയിക്കുക എന്നത്. ദുരന്തം ഉണ്ടാകുമ്പോൾ, വേണ്ടപ്പെട്ടവർ കാണാമറയത്ത് കിടക്കുമ്പോൾ അവരുടെ കാര്യത്തിൽ കുടുംബത്തിന് വലിയ ആശങ്കയും നാട്ടുകാർക്ക് താല്പര്യവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അപ്പോൾ ശരിയായ കാര്യങ്ങൾ ചെയ്യുക, ആവശ്യമില്ലാത്തവരെ സ്ഥലത്ത് നിന്ന് മാറ്റുക എന്നതിനോടൊപ്പം പ്രധാനമാണ്, സാഹചര്യങ്ങളുടെ തൽസ്ഥിതി ആളുകളെ അറിയിക്കുക എന്നതും. അതിനുള്ള ഏറ്റവും ശരിയായ മാർഗ്ഗം ദിവസത്തിൽ രണ്ടുപ്രാവശ്യം എങ്കിലും മാധ്യമങ്ങൾ വഴി കൃത്യമായ വിവരങ്ങൾ  ജനങ്ങളോട് പങ്കുവെക്കുക എന്നതാണ്. ഇപ്പോൾ എന്താണ് നടക്കുന്നത്, ഏതൊക്കെ വിദഗ്ദ്ധരും യന്ത്രങ്ങളും സ്ഥലത്തുണ്ട്, ഇന്നത്തെ, അല്ലെങ്കിൽ നാളത്തെ പദ്ധതി എന്താണ് എന്നൊക്കെ മാധ്യമങ്ങളോട് പറയുന്നതിൽ ഒരു തെറ്റുമില്ല. ഇത് തീവ്രവാദി ആക്രമണം ഒന്നുമല്ലലോ നമ്മുടെ പ്ലാൻ ലോകം അറിഞ്ഞാൽ പ്രശ്നമുണ്ടാകാൻ. കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ നമ്മുടെ മുഖ്യമന്ത്രി നടത്തിയിരുന്ന പത്ര സമ്മേളനങ്ങൾ ഈ വിഷയത്തിലെ പാഠപുസ്തകങ്ങളാണെന്ന് ഞാൻ പറഞ്ഞത് ഓർക്കുന്നുണ്ടാകുമല്ലോ.

ദുരന്തങ്ങൾ ഉണ്ടാകുന്നതിന് മുൻപാണ് മാധ്യമങ്ങൾ യഥാർത്ഥത്തിൽ പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തേണ്ടത്. ദുരന്തം നടക്കുന്നതിന് മുൻപാണ് സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ പ്രവർത്തനങ്ങളിലെ കുറവ് കണ്ടുപിടിക്കേണ്ടതും പരിഹരിക്കാൻ ശ്രമിക്കേണ്ടതും. ഒരു വർഷം എണ്ണായിരത്തോളം ആളുകൾ കേരളത്തിൽ അപകടങ്ങളിൽ മരിക്കുന്നു. മാറുന്ന കാലാവസ്ഥ, അതിതീവ്രമായി പെയ്യുന്ന മഴ, പ്രകൃതി ദുരന്ത സാധ്യതകളെ അറിയാതെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ, പെരുകിവരുന്ന നഗരവൽകരണം, ഇതൊക്കെ ഓരോ വർഷവും അപകട സാദ്ധ്യതകൾ കൂട്ടുന്നു. നമ്മുടെ മാധ്യമങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ, ഒരു ദുരന്തം ഉണ്ടാകുമ്പോൾ അതിനെ കവർ ചെയ്യാൻ എടുക്കുന്നതിന്റെ പകുതി സമയവും പ്രയത്നവും എങ്കിലും ഉപയോഗിച്ച് ദുരന്തം ഉണ്ടാകുന്നതിന് മുൻപ് ആളുകളെ ബോധവൽക്കരിക്കാൻ ശ്രമിച്ചാൽ, സർക്കാരിനെക്കൊണ്ട്, തദ്ദേശ സ്ഥാപനങ്ങളെ കൊണ്ട് അവരുടെ ഉത്തരവാദിത്തങ്ങൾ വേണ്ട സമയത്ത് നടത്തിക്കാൻ കഴിഞ്ഞാൽ, നമ്മുടെ ദുരന്തലഘൂകരണ അതോറിറ്റിക്കും ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റിനും വേണ്ടത്ര പിന്തുണയും പ്രോത്സാഹനവും നൽകിയാൽ അടുത്ത അഞ്ചു വർഷത്തിനകം വർഷത്തിൽ നാലായിരം ജീവനുകൾ എങ്കിലും നമുക്ക് രക്ഷിച്ചെടുക്കാൻ ആകും.

മുരളി തുമ്മാരുകുടി

Leave a Comment