പൊതു വിഭാഗം

ശശി തരൂരിന്റെ ‘കേരള വിഷൻ’

കേരളത്തിന്റെ മുഖ്യമന്ത്രി ആകണമെന്ന് ഞാൻ ഉൾപ്പടെയുള്ള അനവധി ആളുകൾ ആഗ്രഹിക്കുന്ന ഒരാളാണ് ശ്രീ. ശശി തരൂർ.

അതുകൊണ്ട് തന്നെ അദ്ദേഹം കോട്ടയത്ത് സി.എം.എസ്. കോളേജിൽ ‘My vision for Kerala and the role of the youth’, എന്ന വിഷയത്തിൽ സംസാരിച്ചു എന്നറിഞ്ഞപ്പോൾ ആ പ്രഭാഷണത്തിന്റെ ലിങ്ക്, സുഹൃത്തായ വിനുവിനോട് Vinu J George ചോദിച്ചിരുന്നു. ഇന്നാണ് ലഭിച്ചത്.

ഒന്നര മണിക്കൂർ പരിപാടിയിൽ ഏകദേശം 45 മിനുട്ടാണ് അദ്ദേഹം സംസാരിക്കുന്നത്. കോട്ടയത്തും ചുറ്റുമുള്ള കോളേജുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നുമുള്ള വിദ്യാർഥികൾ ആയിരുന്നു പ്രധാന ഓഡിയൻസ്. അവരിൽ നിന്നും ചോദ്യങ്ങൾ ഉണ്ടായി.

കഴിഞ്ഞ രണ്ടായിരം വർഷത്തെ കേരളചരിത്രം എങ്ങനെയാണ് മലയാളികൾക്ക് പുതിയ ലോകത്ത് മുന്നേറാൻ ഒരു അടിത്തറ ഉണ്ടാക്കിത്തന്നിരിക്കുന്നത് എന്ന് അദ്ദേഹം സംസാരിച്ചു.  പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങാൻ സൗഹൃദമായ ഒരു ഇക്കോസിസ്റ്റം ഉണ്ടാക്കേണ്ടതിനെ, നമ്മുടെ ജൈവവൈവിധ്യത്തിലും കടലിലും ഉള്ള ബിസിനസ്സ് സാധ്യതകളെ, കേരളത്തിൽ ബിസിനസിന് പണമിറക്കുന്നവർക്ക് ബിസിനസ്സ് തന്ത്രം പാളുന്നത് കൊണ്ടല്ലാതെ പണം നഷ്ടപ്പെട്ടാൽ അവർക്ക് നഷ്ടപരിഹാരം നൽകാൻ ഒരു ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ബിൽ വേണ്ടതിനെ ഒക്കെ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. സ്വാഭാവികമായും ചുരുങ്ങിയ സമയത്ത് ഭാവിയിലെ എല്ലാ സാധ്യതകളെയും കുറിച്ച് സംസാരിക്കാൻ സാധിക്കില്ലല്ലോ. ഈ വിഷയത്തിൽ കൂടുതൽ പ്രഭാഷണങ്ങൾ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

പ്രഭാഷണത്തിന് മുൻപുള്ള എല്ലാ ചടങ്ങുകളും (പ്രാർത്ഥന മുതൽ സ്വാഗതപ്രസംഗം വരെ) വെറും ഒമ്പത് മിനുട്ടിൽ തീർത്ത കോളേജ് അധികൃതർ മാതൃകാപരമായിട്ടാണ് പ്രവർത്തിച്ചത്. ഇത്തരം പരിപാടികൾ നടത്തുന്ന മറ്റുള്ളവർ ഒന്ന് ശ്രദ്ധിക്കണം.

അരമണിക്കൂറോളം ചോദ്യങ്ങൾക്ക് മാറ്റിവെച്ചതും നന്നായി. ചോദ്യങ്ങളുടെ തിരഞ്ഞെടുപ്പും മോഡറേഷനും വാസ്തവത്തിൽ അത്ര നന്നായില്ല. ശശി തരൂരിനെപ്പോലെ ഉളള ഒരു വ്യക്തിയോട് സ്വന്തം കരിയറിനെപ്പറ്റി ചോദിയ്ക്കാൻ അവസരം കിട്ടുന്നത് വ്യക്തിപരമായി നല്ലതാണെങ്കിലും പ്രഭാഷണത്തിന്റെ വിഷയത്തിലും ആഴത്തിലും ഉള്ള ചോദ്യങ്ങൾ വരുമ്പോഴാണ് സദസ്സിൽ ഉള്ളവർക്ക് അത് ഗുണകരമാകുന്നത്. ഇക്കാര്യത്തിൽ അല്പം കൂടി ശ്രദ്ധയും തിരഞ്ഞെടുപ്പും ആകാമായിരുന്നു.

 ലിങ്ക് – https://www.youtube.com/watch?v=NO9h4z8vtlk

മുരളി തുമ്മാരുകുടി 

May be an image of 1 person and text

Leave a Comment