ഈ വർഷം ഇത് രണ്ടാമത്തെ ആളാണെണെന്ന് തോന്നുന്നു എയ്ഡഡ് സ്കൂളിൽ ശമ്പളം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യുന്നത്. കഴിഞ്ഞ തവണ അതൊരു അദ്ധ്യാപിക ആയിരുന്നുവെങ്കിൽ ഇത്തവണ അദ്ധ്യാപികയുടെ ഭർത്താവാണ്. രണ്ടു പേരുടെ കാര്യത്തിലും ശമ്പളമില്ലാതെ വർഷങ്ങളോളം ജോലി ചെയ്തതിന് ശേഷം, ശമ്പളം കിട്ടാൻ പറ്റാവുന്ന വാതിലുകളെല്ലാം മുട്ടിയതിന് ശേഷമാണ് അവർ ആത്മഹത്യ തിരഞ്ഞെടുത്തത്.
എന്തൊരു കഷ്ടമാണ്! സത്യത്തിൽ എങ്ങനെയാണ് ഒരാൾക്ക് വർഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതെന്ന് ഞാൻ പലപ്പോഴും അതിശയപ്പെട്ടിട്ടുണ്ട്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1986 ൽ എന്റെ സുഹൃത്ത് ഒരു എയ്ഡഡ് കോളേജിൽ അധ്യാപകനായി ജോലിക്ക് കയറി. ഞാൻ ഉന്നത വിദ്യാഭ്യാസത്തിന് പോയ കാലമാണ്. പഠിക്കാൻ പോയി ആദ്യ മാസാവസാനം എനിക്ക് സ്കോളർഷിപ്പ് തുക കിട്ടിത്തുടങ്ങി. പക്ഷെ സുഹൃത്തിന് ശമ്പളം കിട്ടാൻ പിന്നെയും വർഷങ്ങൾ എടുത്തു. വീട്ടിൽ അത്യാവശ്യം സാമ്പത്തികസ്ഥിതി ഉണ്ടായിരുന്നതിനാൽ ആൾക്ക് ആത്മഹത്യയൊന്നും ചെയ്യേണ്ടിവന്നില്ല.
എന്നാൽ എന്റെ മറ്റൊരു സുഹൃത്തിന്റെ കാര്യം കൂടുതൽ കഷ്ടമായിരുന്നു. ജോലി കിട്ടി, നാട്ടുനടപ്പനുസരിച്ച് താമസിയാതെ വിവാഹവും കഴിച്ചു. ശമ്പളം കിട്ടാത്തതിനാൽ ചെറിയ ആവശ്യങ്ങൾക്ക് പോലും വീട്ടിൽനിന്ന് പണം ചോദിക്കേണ്ട സ്ഥിതി വന്നു. ‘നല്ല ജോലി’ ഉള്ളതിനാൽ കളഞ്ഞിട്ടു പോകാനും വയ്യാത്ത സ്ഥിതി. വർഷങ്ങളോളം ശമ്പളമില്ലാതെ വലഞ്ഞ സുഹൃത്ത് ക്രമേണ മാനസിക രോഗിയായി മാറി. സഹപ്രവർത്തകരുടെ കാരുണ്യം കൊണ്ടാണ് ആത്മഹത്യ ചെയ്യാതെ പിടിച്ചുനിന്നത്. പിന്നീട് ശമ്പളം ആയെങ്കിലും ഒരിക്കലും പൂർണ്ണമായ മാനസിക ആരോഗ്യം വീണ്ടെടുക്കാൻ അദ്ദേഹത്തിനായില്ല.
ഇവരെല്ലാം ഇപ്പോൾ റിട്ടയർ ആയി. എന്നിട്ടും സിസ്റ്റത്തിന് ഇപ്പോഴും ചെറുപ്പം തന്നെ. ഇപ്പോഴും ജോലി ചെയ്യുന്നവർക്ക് ശമ്പളം നൽകാതെ അവരെ മാനസിക വിഷമത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചുകൊണ്ട് അങ്ങനെ മുന്നേറുന്നു.
ഒന്നുരണ്ട് ആത്മഹത്യകൾ നടന്ന സ്ഥിതിക്ക് ഈ കേസിൽ ഉടനടി നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. മാറേണ്ടത് സിസ്റ്റമാണ്. ഒരാൾ ജോലിക്ക് കയറിയാൽ ഒരു മാസത്തിനകം ശമ്പളം കൊടുക്കാനുള്ള സംവിധാനം ഉണ്ടാകണം എന്നാഗ്രഹിക്കുന്നത് വെറും മനുഷ്യാവകാശമല്ലേ?
മുരളി തുമ്മാരുകുടി


Leave a Comment