കേരളത്തിലെ ആരോഗ്യരംഗത്ത് എത്രമാത്രം പുരോഗതിയാണ് കഴിഞ്ഞ അമ്പത് വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ളതെന്ന് കേരളത്തിലെ ഏത് ഗ്രാമത്തിൽ നോക്കിയാലും അറിയാൻ പറ്റും. വെങ്ങോലയും വ്യത്യസ്തമല്ല.
എന്റെ ചെറുപ്പകാലത്ത് വെങ്ങോലയിൽ ആശുപത്രികൾ ഇല്ല. സാധാരണഗതിയിൽ എന്തെങ്കിലും അസുഖം ഉണ്ടായാൽ വീട്ടിൽ അമ്മയുടെ പൊടിക്കൈകൾ ആദ്യം, അതിൽ നിന്നില്ലെങ്കിൽ അടുത്ത വീട്ടിലെ സരോജനി ചിറ്റമ്മയുടെ ഉപദേശം. അതുപ്രകാരം ആടലോടകം തൊട്ട് കുരുമുളക് വരെ വീടിന് ചുറ്റുമുള്ള വസ്തുക്കൾ കൊണ്ടുള്ള ചികിത്സ. ഇതാണ് പതിവ്. പ്രസവം പോലും വീടുകളിൽ തന്നെയാണ്, അതിന് പാരമ്പര്യമായി പരിചയമുള്ള വയറ്റാട്ടികൾ ഉണ്ട്.
ഇതിന്റെയെല്ലാം പ്രത്യാഘാതവും അക്കാലത്ത് ഉണ്ടായിരുന്നു. ബാല മരണങ്ങൾ സാധാരണം, സ്‌കൂളിൽ പഠിക്കുമ്പോൾ ഇടക്കൊക്കെ സഹപാഠികളുടെ മരണം, സഹപാഠികളുടെ മാതാപിതാക്കളുടെ മരണം (അമ്പത് വയസ്സ് പോലും ആയിട്ടുണ്ടാകില്ല), ഇതൊക്കെ സർവ്വ സാധാരണമായിരുന്നു. എന്റെ അമ്മക്ക് തന്നെ രണ്ടു കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്.
വീടിന് പുറത്തുള്ള ചികിത്സക്ക് രണ്ടു സാദ്ധ്യതകളാണ് അന്ന് വെങ്ങോലയിൽ ഉള്ളത്. പാരമ്പര്യമായി ആയുർവേദ ചികിത്സ നടത്തുന്ന കുഞ്ഞൻ എന്നൊരാൾ. അടുത്തത് ഞങ്ങളുടെ സ്വന്തം ‘പാട്ടായിക്കുടി ഡോക്ടർ.’ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ആളാണ്. അത്യാവശ്യം ഗൗരവതരമായ രോഗങ്ങൾക്ക് മാത്രമേ അദ്ദേഹത്തിന്റെ അടുത്ത് പോകാറുള്ളൂ.
ഞാൻ പ്രൈമറി സ്‌കൂളിൽ പോയിരുന്ന ഓണംകുളത്തിന് അടുത്താണ് അദ്ദേഹത്തിന്റെ വീട്. വീട് തന്നെയാണ് ആശുപത്രി. കിടത്തി ചികിത്സ ഒന്നുമില്ല, കുത്തിവയ്‌പ്പുകൾ എടുക്കും. മുറിവുകൾ തുന്നിക്കെട്ടുന്നതും നീരുവന്നാൽ കീറി ശരിപ്പെടുത്തുന്നതുമായ അത്യാവശ്യം ചെറിയ സർജറികളും നടത്തും. മരുന്നുകൾ അടുത്ത മുറിയിൽ ഉണ്ട്. ഞാൻ പിന്നീട് മനസ്സിലാക്കിയിടത്തോളം അദ്ദേഹം എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയ ആളല്ല. അക്കാലത്ത് സർക്കാർ നൽകിയിരുന്ന ആർ.എം.പി. (Registered Medical Practitioner) എന്ന സർട്ടിഫിക്കേഷൻ അന്ന് നിലവിലുണ്ടായിരുന്നു. ഒരുകാലത്ത് ഇന്ത്യൻ ആരോഗ്യ സംവിധാനത്തിന്റെ അടിസ്ഥാനം ഇവരായിരുന്നു. അപ്രകാരം എന്റെ ചെറുപ്പകാലത്ത് വെങ്ങോലക്കാരുടെ ആരോഗ്യത്തിന്റെ കാവലാൾ ആയിരുന്നു അദ്ദേഹം.
പാട്ടായക്കുടി ഡോക്ടർക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ പെരുമ്പാവൂരിലെ ‘കുറുപ്പ് ഡോക്ടറുടെ’ അടുത്തെത്തും. അദ്ദേഹം എം.ബി.ബി.എസ്. ആണ്, സൗമ്യതയുടെ എതിർവാക്കും. അതുകൊണ്ട് തന്നെ ജീവന്മരണ സാഹചര്യങ്ങളിൽ മാത്രമാണ് വെങ്ങോലയിലെ ആളുകൾ അദ്ദേഹത്തെ കാണാൻ പോകാറുള്ളത്.
ഇന്നിപ്പോൾ വെങ്ങോലയിൽ ആരോഗ്യ സംവിധാനങ്ങൾ പലതായി. ആയുർവ്വേദം, ഹോമിയോ, ആധുനിക വൈദ്യം, എല്ലാത്തിനും സർക്കാർ / സ്വകാര്യ ആശുപത്രികളും വന്നു. രാജഗിരി ഉൾപ്പെടെ വെങ്ങോലക്ക് ചുറ്റും സൂപ്പർ സ്പെഷ്യാലിറ്റികൾ പലതുണ്ട്. ബാലമരണങ്ങൾ ഇല്ലാതായി, സാധാരണ രോഗങ്ങൾ മരണകാരണമല്ലാതായി. കാൻസർ പോലുള്ള രോഗങ്ങൾക്ക് പോലും ചികിത്സ വന്നു. ആർ.എം.പി. പോലുള്ള സംവിധാനങ്ങൾ നാട്ടിൽ ഇല്ലാതായി.
എന്നാലും ഒരു കാലത്ത് വെങ്ങോലയുടെ ആരോഗ്യം കാത്തുസൂക്ഷിച്ച പാട്ടായിക്കുടി ഡോക്ടർ ഞങ്ങളുടെ പൊതുവികാരമാണ്. അദ്ദേഹം ഇന്നലെ അന്തരിച്ചു. സാർത്ഥകമായ ജീവിതമായിരുന്നു.
വെങ്ങോലയിലെ, ഞാൻ അറിയുന്ന, സ്നേഹിക്കുന്ന ഒരു വൻമരം കൂടി ഇല്ലാതാവുകയാണ്.
നന്ദി, വിട!
മുരളി തുമ്മാരുകുടി
Leave a Comment