തമിഴ്നാട്ടിൽ ഒരു സിനിമാ താരത്തിന്റെ രാഷ്ട്രീയ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മുപ്പതിലധികം ആളുകൾ മരിച്ച വാർത്ത കാണുന്നു. ഇതിപ്പോൾ ഇന്ത്യയിൽ പ്രതിവർഷം ചുരുങ്ങിയത് ഒന്ന്, പലപ്പോഴും അതിലധികം സംഭവങ്ങൾ ഇത്തരത്തിൽ ഉണ്ടാകാറുണ്ട്.
അതീവ ദാരുണമാണ് തിരക്കിൽ പെട്ടുള്ള മരണങ്ങൾ. ഒന്നാമത് നമ്മൾ ഒരു സ്ഥലത്ത് രാഷ്ട്രീയത്തിനോ സംഗീതത്തിനോ സ്പോർട്സിനോ പ്രാർത്ഥനക്കൊ ആയി പോകുമ്പോൾ ഒരപകടം ഉണ്ടാകുമെന്നുള്ള ഒരു ആശങ്കയും ഇല്ലാതെയാണ് പോകുന്നത്. അപ്പോൾ തികച്ചും അപ്രതീക്ഷിതമായിട്ടാണ് തിരക്കുണ്ടാകുന്നതും, നമ്മൾ അതിൽ പെടുന്നതും, മരണം സംഭവിക്കുന്നതും.
രണ്ടാമത്തേത് ഏറെ വേദനാജനകമായ മരണമാണ്. മിക്കവാറും വാരിയെല്ലൊക്കെ ഒടിഞ്ഞു ശ്വാസകോശത്തിൽ കയറി ആന്തരികരക്തസ്രാവം ഉണ്ടായിട്ടും മറ്റുമാണ് മരണം സംഭവിക്കുന്നത്. പെട്ടെന്ന് പ്രഥമശുശ്രൂഷ നൽകി കൈകാര്യം ചെയ്യാൻ പറ്റുന്ന ഒന്നല്ല.
മൂന്നാമത്തേത് തിരക്ക് നിയന്ത്രണാതീതം ആയിക്കഴിഞ്ഞാൽ പിന്നെ വ്യക്തിപരമായി അതിൽ നിന്നും രക്ഷപെടാൻ നമുക്ക് ഒരു സാധ്യതയും ഇല്ല. ഓരോ തിരക്കിൽ പെട്ടുള്ള മരണവും കഴിയുമ്പോൾ എങ്ങനെയാണ് തിരക്കിൽ നിന്നും രക്ഷപ്പെടുന്നത് എന്നുള്ളതിനെപ്പറ്റിയുള്ള വീഡിയോ നിർദ്ദേശങ്ങൾ കാണാറുണ്ട്. ഈ വിഷയത്തിന്റെ പ്രായോഗികവശങ്ങൾ അറിയാതെയുള്ള നിർദ്ദേശങ്ങൾ ആണവ. തിക്കും തിരക്കും പെട്ടെന്ന് ഒരു തിരമാല പോലെയാണ് നിയന്ത്രണം വിട്ടു വരുന്നത്, അവിടെ വ്യക്തിപരമായോ അഞ്ചോ പത്തോ പേർ കൂടിയോ പ്രതിരോധം ഒരുക്കുക സാധ്യമല്ല.
അതുകൊണ്ട് തന്നെ തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ള പരിപാടികൾക്ക് പോകാതിരിക്കുക, അഥവാ പോയിക്കഴിഞ്ഞാൽ തിരക്ക് നിയന്ത്രണാതീതം ആയേക്കുമോ എന്ന തോന്നൽ ഉണ്ടാകുന്ന ആദ്യത്തെ നിമിഷത്തിൽ തന്നെ സ്ഥലം വിടുക. നിങ്ങളുടെ ജീവൻ രക്ഷിക്കാൻ പ്രായോഗികമായ രണ്ടു മാർഗ്ഗങ്ങൾ ഇതാണ്.
ഇന്നലത്തെ സംഭവത്തിൽ എന്നെ ഏറെ വിഷമിപ്പിച്ചത് അഞ്ചു വയസ്സിന് പോലും താഴെയുള്ള കുട്ടികളുടെ മരണമാണ്. ഒരു രാഷ്ട്രീയ റാലിയിൽ അവരെക്കൊണ്ടു വരേണ്ട എന്ത് ആവശ്യമാണ് ഉള്ളത്? ഇത്തരത്തിൽ ഉത്തരവാദിത്തം ഇല്ലാതെ ആളുകൾ പെരുമാറരുത്.
ഇന്ത്യ പോലെ ഏറെ ജനസംഖ്യയുള്ള രാജ്യത്ത്, രാഷ്ട്രീയം തൊട്ട് ഫുഡ് ഫെസ്റ്റിവൽ വരെ അനവധി ആൾക്കൂട്ട പരിപാടികൾ ഉള്ള രാജ്യത്ത് ഈ വിഷയത്തിൽ ദുരന്ത നിലവാരണ സേനക്കും പോലീസിനും ഏറെ പരിശീലനത്തിന്റെ ആവശ്യമുണ്ട്. പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നവർക്ക് ബോധവൽക്കരണത്തിന്റെയും മാർഗ്ഗനിർദ്ദേശത്തിന്റെയും ആവശ്യകതയുണ്ട്. മാർഗ്ഗനിർദ്ദേശത്തിന് എതിരായി പ്രവർത്തിക്കുന്ന സംഘാടകർക്ക് നിയമപരമായ ഉത്തരവാദിത്തം ഉണ്ടാകണം. ഇപ്പോൾ ആധുനികമായ സാങ്കേതികവിദ്യകൾ തിരക്ക് നിയന്ത്രിക്കാനും നിയന്ത്രണം വിട്ടുപോകുന്ന സാഹചര്യങ്ങൾ പ്രവചിക്കാനും ഉണ്ട്, അവ ഉപയോഗിക്കണം.
അതൊക്കെ ഉള്ളപ്പോൾ തന്നെ തിരക്കുള്ള സാഹചര്യങ്ങളിൽ, അത് ചെറിയൊരു സിനിമാ തീയേറ്ററിൽ പോകുന്നത് തൊട്ട് മഹാകുംഭമേളക്ക് പോകുന്നത് വരെ, സ്വന്തം ജീവനോടൊപ്പം നമ്മുടെ കൂട്ടുകാരുടെയും കുടുംബത്തിന്റെയും ജീവനും നമ്മൾ തന്നെ സൂക്ഷിക്കുന്നതാണ് ബുദ്ധി.
മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. സുരക്ഷിതമായിരിക്കുക!
മുരളി തുമ്മാരുകുടി
Leave a Comment