നാട്ടിലെ കുട്ടികൾ വിവാഹത്തിന് മുൻപ് പ്രേമിച്ചോ അല്ലാതെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം അതിന്റെ വീഡിയോ പെൺകുട്ടി അറിഞ്ഞോ അറിയാതെയോ എടുത്ത് ഇന്റർനെറ്റിൽ പോസ്റ്റുന്ന ചെറ്റത്തരത്തെപ്പറ്റി ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു. ആൺകുട്ടികളാണ് പൊതുവെ ഇത് ചെയ്യുന്നത് (ഇത് കേരളത്തിലെ മാത്രം കാര്യമല്ല, revenge porn എന്ന ഒരു വിഭാഗം തന്നെയുണ്ട്. പല രാജ്യങ്ങളിലും അതിനെതിരെ നിയമവും നിലവിലുണ്ട്).
എന്നാൽ കേരളത്തിൽ കണ്ടുവരുന്ന മറ്റൊന്നുണ്ട്. വിവാഹത്തിന് മുൻപ് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം കുറേ നാൾ കഴിഞ്ഞിട്ട് ബന്ധം വഷളായിക്കഴിഞ്ഞാൽ, അഥവാ വിവാഹം നടന്നില്ലെങ്കിൽ അത് പീഡനമാക്കുന്ന നടപടി. ഇത് ശരിയല്ല എന്നതാണ് എന്റെ അഭിപ്രായം. ഇത് നിയമപരമായി നിലനിൽക്കുന്ന കേസാണോ എന്നെനിക്കറിയില്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ നൽകിയ സമ്മതവും, വിവാഹം ‘കഴിച്ചു’ എന്ന് തെറ്റിദ്ധരിപ്പിച്ച് നേടിയെടുത്ത സമ്മതവും നിലനിൽക്കില്ല എന്നറിയാം. പക്ഷെ അല്ലാത്ത കേസുകളിൽ ഇങ്ങനെ കേസെടുത്ത ഒന്നെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ? അതോ വെറുതെ നാറ്റിക്കാനോ, സമ്മർദ്ദം ചെലുത്താനോ മാത്രമാണോ ഇത് ഉപയോഗിക്കുന്നത് ? അറിയാവുന്ന വക്കീലുമാർ ഉണ്ടെങ്കിൽ മറുപടി പറയാമോ.
വിവാഹത്തിന് മുൻപ് പ്രേമിക്കുന്നവരുടെയും പ്രേമിക്കുന്ന കാലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെയും എണ്ണം കൂടിവരികയാണ്. അതൊന്നും ഒരു തെറ്റല്ല, എന്റെ അഭിപ്രായത്തിൽ നല്ല കാര്യവുമാണ്. പക്ഷെ എല്ലാ പ്രേമവും വിവാഹത്തിൽ എത്തണമെന്ന് നിർബന്ധം പിടിക്കരുത്. വിവാഹം കഴിഞ്ഞും ആളുകൾ പിരിയുന്നുണ്ടല്ലോ, അതുപോലെ തന്നെയാണ് വിവാഹത്തിന് മുൻപ് പിരിയുന്നതും. ലൈംഗികബന്ധത്തിൽ ഏർപ്പെടുത്താനുള്ള സമ്മതം വിവാഹവുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെ നിർബന്ധമുള്ളവർ വിവാഹത്തിന് ശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ മതി എന്ന് കരുതിയാൽ മതി.
ഇന്നൊരു വാർത്ത കണ്ടപ്പോൾ ഓർത്തുവെന്ന് മാത്രമേയുള്ളൂ. ഈ വാർത്തയിലെ പ്രത്യേക സാഹചര്യം നമുക്കറിയില്ലല്ലോ. അതിനിടക്ക് ഹോസ്റ്റലിൽ അനധികൃതമായി താമസിച്ചു എന്ന കാര്യങ്ങളൊന്നും കൊണ്ടുവരേണ്ട കാര്യവുമില്ല.
http://localnews.manoramaonline.com/kottayam/local-news/2017/12/01/k3-university-raid.html

Leave a Comment