ചെറുപ്പകാലം തൊട്ടേ കേരളത്തിൽ കേൾക്കുന്ന പത്ര വാർത്തയാണ്. വഴിയിൽ കിടന്ന പണമോ മാലയോ ഓട്ടോറിക്ഷയിൽ മറന്നുവെച്ച പണമോ ഉടമക്ക് തിരിച്ചു കൊടുത്തു മാതൃകയാകുന്നവരുടെ വാർത്തകൾ.
കഴിഞ്ഞ ആഴ്ചയും അത്തരത്തിൽ ഒരു വാർത്ത കണ്ടു. വഴിയിൽ കിടന്ന സ്വർണ്ണമാല ഒരു കുട്ടി എടുത്ത് അടുത്ത കടയിൽ കൊടുക്കുന്നു, അവർ അത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുന്നു. മാല പോയ ആൾ സ്റ്റേഷനിൽ എത്തുമ്പോൾ അവിടെ നിന്നും മാല ലഭിക്കുന്നു. അവർക്ക് ഏറെ സന്തോഷം. അവർ മാല റോഡിൽ നിന്നും കണ്ടെടുത്ത് സ്റ്റേഷനിൽ കൊടുത്ത കുട്ടിയെ അന്വേഷിച്ചു കണ്ടുപിടിക്കുന്നു. അവരെ കെട്ടിപ്പിടിക്കുന്നു. ഉപഹാരം നൽകുന്നു. എത്ര സന്തോഷമുള്ള വാർത്തയാണ്.
പക്ഷെ സത്യത്തിൽ നമ്മുടെ സമൂഹത്തെപ്പറ്റി ഈ വാർത്ത എന്താണ് പറയുന്നത്? കളഞ്ഞുകിട്ടുന്ന മറ്റുള്ളവരുടെ വസ്തുക്കൾ തിരിച്ചു കൊടുക്കുന്നത് അപൂർവ്വമാണ്, അടിച്ചു മാറ്റുകയാണ് സാധാരണ പെരുമാറ്റം. അതുകൊണ്ടാണ് ആരെങ്കിലും തിരിച്ചു കൊടുക്കുന്നത് മാതൃകാപരം ആകുന്നത് എന്നുകൂടി അല്ലേ?! ഇത് ഒരു മോശം കാര്യമല്ലേ?
ഈ വിഷയത്തിൽ ഏറ്റവും മാതൃകാപരമായി കണ്ടിട്ടുള്ളത് സ്വിറ്റ്‌സർലണ്ടിനെ ആണ്.
അവിടെ സാധാരണഗതിയിൽ നമ്മുടെ കയ്യിൽ നിന്നും ഒരു വസ്തു നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അതിന് വേണ്ടി മാത്രം മുനിസിപ്പാലിറ്റിക്കും റയിൽവേക്കും ബസ് കമ്പനിക്കും ഒരു ഹെല്പ് ലൈനും ഓഫിസും ഉണ്ട് (lost and found center).
നമ്മുടെ എന്തെങ്കിലും വസ്തു വഴിയിലോ ട്രെയിനിലോ ട്രാമിലോ മറന്നുവെച്ചു പോയാൽ നേരെ ഈ ലോസ്റ്റ് ആൻഡ് ഫൗണ്ട് സെന്ററിൽ വിളിച്ചാൽ മതി. അവർ അത് രെജിസ്റ്റർ ചെയ്യും, മിക്കവാറും ഒന്നോ രണ്ടോ ദിവസത്തിനകം സാധനം തിരിച്ചു കിട്ടിയെന്ന അറിയിപ്പ് ഉണ്ടാവുകയും ചെയ്യും. ഇത് യാദൃശ്ചികമായി ഉണ്ടായതോ, ആളുകൾ കൂടുതൽ സത്യസന്ധരായതുകൊണ്ടോ സംഭവിക്കുന്നതല്ല, കൃത്യമായ നിയമം ഉള്ളതുകൊണ്ടും അത് പാലിക്കപ്പെടുന്നതുകൊണ്ടും സംഭവിക്കുന്നതാണ്.
പൊതുസ്ഥലത്ത് എവിടെയെങ്കിലും കിടന്ന് ഒരു വസ്തു കിട്ടിയാൽ അത് പോലീസിലോ മറ്റു ഉത്തരവാദിത്തപ്പെട്ടവരെയോ ഏല്പിക്കേണ്ട നിയമപരമായ ഉത്തരവാദിത്തം ആളുകൾക്കുണ്ട്. പത്തു ഫ്രാങ്കിൽ കൂടുതൽ മൂല്യമുള്ള വസ്തുവാണെങ്കിൽ അത് ഉറപ്പായിട്ടും പോലീസിൽ ഏൽപ്പിക്കണം. അങ്ങനെ ഏല്പിച്ച വസ്തു ഉടമസ്ഥന് കൈമാറുമ്പോൾ ഉടമസ്ഥൻ വസ്തു കണ്ടെടുത്ത ആൾക്ക് പോലീസിലോ മറ്റു അധികാരികൾക്കോ ഏൽപ്പിക്കാൻ ചിലവായ തുക പൂർണ്ണമായിട്ടും, അതിന് പുറമെ വസ്തുവിന്റെ മൂല്യമനുസരിച്ചുള്ള ഒരു പാരിതോഷികവും നൽകണം എന്നതും നിയമമാണ്. എന്താണ് ആ പാരിതോഷികം എന്ന് നിയമം നിർദ്ദേശിക്കുന്നില്ലെങ്കിലും കണ്ടെടുത്ത വസ്തുവിന്റെ മൂല്യത്തിന്റെ പത്തിലൊന്ന് എന്നതാണ് നാട്ടു നടപ്പ്. തീർന്നില്ല. നമ്മൾ ഒരു വസ്തു വഴിയിൽ നിന്ന് കണ്ടെടുത്ത് ലോസ്റ്റ് ആൻഡ് ഫൗണ്ടിൽ ഏൽപ്പിച്ച് അഞ്ചു വർഷമായിട്ടും അതിന് അവകാശികൾ വന്നില്ലെങ്കിൽ അത് നമുക്ക് തന്നെ അവകാശപ്പെടാം.
ട്രെയിനിലോ ഓഫിസിലോ ഒക്കെ വച്ചാണ് ഇത്തരത്തിൽ മറന്നു പോയ ഒരു വസ്തു നമ്മൾ കാണുന്നതെങ്കിൽ ട്രെയിൻ ഇൻസ്‌പെക്ടർ, ഡ്രൈവർ, ഓഫീസിലുള്ളവർ ഇവരെ ഏൽപ്പിച്ചാൽ നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞു. പക്ഷെ ഈ സ്ഥലങ്ങളിൽ കിടക്കുന്ന വസ്തു തിരിച്ചു കൊടുക്കുന്നതിന് പാരിതോഷികമില്ല. അപ്പോൾ ഒരു വസ്തു വഴിയിലോ പാർക്കിലോ കിടന്നു കിട്ടിയാൽ ഉടമസ്ഥരെ ഏൽപ്പിക്കാൻ നല്ല ഇൻസെന്റീവ് ഉണ്ട്. അടിച്ചു മാറ്റി എന്ന കുറ്റബോധത്തിന്റെ ആവശ്യമില്ലാതെ തന്നെ അല്പം സാമ്പത്തിക ലാഭം ഉണ്ടാകും.
ഇത്തരത്തിൽ ഒരു പാരിതോഷിക നിയമവും ലോസ്റ്റ് ആൻഡ് ഫൗണ്ട് സംവിധാനവും നമുക്കും വേണം. നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചു കൊടുക്കുന്നത് ശീലമാക്കണം, മാതൃകയാകരുത്.
മുരളി തുമ്മാരുകുടി


Leave a Comment