പൊതു വിഭാഗം

ലഹരി മരുന്നും സ്വകാര്യ മേഖലയും

സ്വകാര്യ മേഖലയിൽ, പ്രത്യേകിച്ചും ഐ.ടി. മേഖലയിലുള്ളവരെ ഇടക്കിടെ പരിശോധനക്ക് വിധേയരാക്കി അവർ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ അവരെ പിരിച്ചുവിടുന്നതുൾപ്പെടെയുള്ള അച്ചടക്കനടപടികൾ സ്വീകരിക്കാനുള്ള പദ്ധതി കൊച്ചിയിൽ തുടങ്ങുന്നതായി വായിച്ചു. ലിങ്ക് ഒന്നാമത്തെ കമന്റിൽ.

കേരളത്തിൽ ലഹരിമരുന്നിന്റെ ഉപയോഗം കൂടി വരുന്നു, അതിൽത്തന്നെ രാസലഹരികൾ വ്യാപകമാകുന്നു. സ്‌കൂളുകളിൽ പോലും ലഹരി എത്തുന്നു. അടുത്തയിടെ ഉണ്ടായ കുറ്റകൃത്യങ്ങളിൽ പലതിലും ലഹരി ഒരു പ്രധാനഘടകമാകുന്നു. ഈ വിഷയത്തിൽ തീർച്ചയായും ശക്തമായ നടപടികൾ വേണ്ടതാണ്. ഇക്കാര്യത്തിൽ സമൂഹത്തിന് വലിയ താല്പര്യവും ആശങ്കയും ഉണ്ട്.

അതേസമയം ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്ന പദ്ധതി കേട്ടിടത്തോളം പലതരത്തിൽ കുഴപ്പം പിടിച്ചതുമാണ്. 

  1. ഒന്നാമതായി ഇത് നിയമപരമായി നിലനിൽക്കുന്ന ഒന്നാണോ എന്നെനിക്കറിയില്ല. ഒരു സ്ഥാപനത്തിന്റെ മേധാവിക്ക് ഇടക്കിക്കിടെ ആ സ്ഥാപനത്തിലെ ജോലിക്കാരോട് ലഹരി പരിശോധനക്ക് വിധേയമാകാൻ ആവശ്യപ്പെടാൻ നിയമപരമായി അവകാശമുണ്ടോ?. അങ്ങനെ അവരെ നിർബന്ധിക്കാൻ പൊലീസിന് അധികാരമുണ്ടോ?. ഈ പരിശോധനയിൽ പങ്കെടുത്തില്ലെങ്കിൽ തൊഴിൽ പോയേക്കാമെന്ന തരത്തിൽ സമ്മർദ്ദത്തിലാക്കി ആളുകളെ പരിശോധനക്ക് വിധേയമാക്കുന്നത് ശരിയാണോ?. ഇതൊക്കെ നിയമവിദഗ്ധർ അഭിപ്രായം പറയേണ്ടതും ആവശ്യം വന്നാൽ കോടതിയിൽ തീരുമാനിക്കപ്പെടേണ്ടതുമാണ്.
  2. രണ്ടാമതായി, ലഹരി ഉപയോഗത്തെപ്പറ്റിയുള്ള ആധുനികമായ ചിന്ത ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായി കാണരുത്, ഇരകളായി കാണണം എന്നാണ്. ഇന്ത്യയിലെ നിയമം തന്നെ അത്തരത്തിൽ മാറ്റുവാൻ പോകുന്നു എന്ന വാർത്തയും കണ്ടു. അടുത്തിടെ കേരളത്തിലെ മുഖ്യമന്ത്രിയും ഇതേ അഭിപ്രായം പറഞ്ഞതായിട്ടാണ് വായിച്ചത്. ഇത് ശരിയായ നയമാണ്. അപ്പോൾ ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായിക്കണ്ട് തൊഴിൽ നഷ്ടപ്പെടുത്തുന്നത് ഈ രംഗത്തെ ശാസ്ത്രീയവും ആധുനികവുമായ രീതികൾക്ക് ചേർന്നതല്ല എന്ന് മാത്രമല്ല ഇത്തരം പദ്ധതി നിർബന്ധിതമായി നടപ്പിലാക്കിയാൽ പരിശോധനയിൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള രാസലഹരിയിലേക്ക് കൂടുതൽ ആളുകൾ എത്തിപ്പറ്റും. അങ്ങനെ വിപരീതഫലം ഉണ്ടാവുകയും ചെയ്തേക്കാം.
  3. ലഹരി ഉപയോഗം രാസപരിശോധനയിലൂടെ കണ്ടുപിടിക്കുന്നത് സാങ്കേതികമായി വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിൽത്തന്നെ എല്ലാ രാസലഹരികളും കണ്ടെത്താൻ സാധിക്കില്ല എന്ന് മാത്രമല്ല നമ്മൾ സാധാരണഗതിയിൽ ഉപയോഗിക്കുന്ന മറ്റു മരുന്നുകൾ (ആയുർവ്വേദം ഉൾപ്പടെ) രാസപരിശോധനയിൽ ലഹരിക്ക് സമാനമായ സിഗ്നലുകൾ തന്നേക്കാം. ഇത്തരത്തിൽ ശാത്രീയമായി ഏറെ സങ്കീർണ്ണമായ ഒരു പരിശോധനയെ തൊഴിൽ നഷ്ടപ്പെടുത്താനുള്ള സാധ്യതയുള്ള ഒന്നായി നമ്മുടെ പോലീസ് / എക്സൈസ് സംവിധാനങ്ങളുടെ കയ്യിൽ കൊടുക്കുന്നത് തെറ്റായ തീരുമാനങ്ങൾക്ക്, സമൂഹത്തിൽ മാനഹാനിക്ക്, അഴിമതിക്ക് ഒക്കെയും വഴിവെക്കും.
  4. സ്വകാര്യമേഖലയിൽ, പ്രത്യേകിച്ച് ഐ.ടി. മേഖലയിലുള്ള യുവാക്കളാണ് ലഹരി കൂടുതൽ ഉപയോഗിക്കുന്നത് എന്നൊരു പൊതുബോധം ഇപ്പോൾത്തന്നെ ഉണ്ട്. ഇതിന് അടിസ്ഥാനമായ വസ്തുതകൾ ഒന്നുംതന്നെ ഇതുവരെ പബ്ലിക് ഡൊമൈനിൽ ഇല്ല. അപ്പോൾ സ്വകാര്യ മേഖലയെ, പ്രത്യേകിച്ചും ഐ.ടി. മേഖലയെ ടാർഗറ്റ് ചെയ്യുന്നത് ഈ പൊതുബോധത്തിന്റെ ആക്കം കൂട്ടാനേ സഹായിക്കൂ. കേരളത്തിലുള്ള കുട്ടികൾ കേഇവിടെ ഐ.ടി. ജോലിക്ക് പോകാതിരിക്കുകയും കേരളത്തിന് പുറത്തുള്ള ആളുകൾ കേരളത്തിലേക്ക് ഐ.ടി. ജോലിക്ക് വരാൻ മടിക്കുകയും ചെയ്യും. 
  5. ഇത്തരത്തിൽ ഒരു പദ്ധതി മുന്നോട്ട് വെക്കുകയാണെങ്കിൽ, സ്വകാര്യ മേഖലയെ പ്രത്യേകമായി ടാർഗറ്റ് ചെയ്യുന്നതും സർക്കാർ മേഖലയെ ഒഴിവാക്കുന്നതും ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുന്നതല്ല.

കേരളത്തിലെ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെയും അതുണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെയും കുറ്റകൃത്യങ്ങളെയും കൈകാര്യം ചെയ്യാൻ തീർച്ചയായും കർമ്മപദ്ധതികൾ വേണം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി വിളിച്ചു ചേർത്ത സമ്മേളനത്തിൽ അനവധി നിർദ്ദേശങ്ങൾ ഉണ്ടായി. ശാസ്ത്രീയമായി ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് അനവധി ലോകമാതൃകകൾ ഉണ്ട്. ഇവയൊക്കെ സംയോജിപ്പിച്ച് സംസ്ഥാനവ്യാപകമായി ഒരു കർമ്മപദ്ധതിയാണ് വേണ്ടത്. എറണാകുളത്തെ ഐ.ടി. മേഖലയെ കേന്ദ്രീകരിച്ച്, ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായി കാണുന്ന പദ്ധതി ഒരുകാരണവശാലും ശാസ്ത്രീയമല്ല, ഈ കാലഘട്ടത്തിന് യോജിച്ചതല്ല, വിഷയത്തെ കൈകാര്യം ചെയ്യാൻ പോന്നതല്ല.

ഈ കാര്യത്തിൽ പുനർവിചിന്തനം ഉണ്ടാകുമെന്നും കൂടുതൽ ആധുനികവും ശാസ്ത്രീയവുമായ ഒരു സമീപനം ഉണ്ടാകുമെന്നുമാണ് ഞാൻ ആഗ്രഹിക്കുന്നതും വിശ്വസിക്കുന്നതും.

മുരളി തുമ്മാരുകുടി

May be an image of 1 person and text that says "ലഹരി വേണോ പണിവേണോ' സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി ഉപയോഗിച്ചാൽ പിരിച്ചുവിടും നിശ‌ചിത ഇടവേളകളിൽ ജീവനക്കാരെ ലഹരിപരിശോധനക്ക് വിധേയമാക്കാൻ പദ്ധതി SYAMSUNDAR o manorama NEWS manoramanews.com manews.con male വിവിധ മാനേജ്‌മെൻ്റുകളുമായി ചർച്ച നടത്തി പൊലീസ് 02 APR 2025"May be an illustration of 1 person and textMay be an image of text that says "03:34 ദേശീയം ലഹരി ഉപയോഗിക്കുന്നവർ ഇനി 'ഇരകൾ'- എൻഡിപിഎസ് നിയമത്തിൽ സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്രം ലഹരി ഉപയോഗിക്കുന്നവർ ഇനി 'ഇരകൾ'- എൻഡിപിഎസ് നിയമത്തിൽ സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്രം സമകാലിക മലയാളം ഡെസ്ക് Updated: 12th Nov. 2021 at 12:03 PM f ന്യുഡൽഹി: ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി കണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ശ്രമവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ ലഹരി തടയൽ നിയമത്തിൽ മാറ്റം വരുത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്. ലഹരി ഉപയോഗം കുറ്റമാകുന്ന ഭാഗം ഒഴിവാക്കി നിയമം പരിഷ്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതേസമയം ലഹരിക്കടത്ത് കുറ്റകൃത്യമായി തന്നെ നിലനിൽക്കും. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി കണ്ട് samakalikamalayalam.com"

Leave a Comment