കോഴിക്കോട് ട്രെയിനിലുള്ളിൽ മോഷണ ശ്രമം ചെറുക്കുന്നതിനിടയിൽ റെയിൽപാളത്തിലേക്ക് വീണ സ്ത്രീ സുഖം പ്രാപിക്കുന്നു എന്ന് വാർത്ത. വലിയ ഭാഗ്യമാണ്. അവരുടെ ബാഗും തട്ടിപ്പറിച്ച് ഓടിയ മോഷ്ടാവിനെ മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തു എന്നും വായിച്ചു. അതും നല്ല കാര്യമാണ്.
അപകടത്തിൽ ആ സ്ത്രീ മരിക്കുകയോ ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്തിരുന്നെങ്കിൽ ഇതൊരു സാധാരണ അപകടം ആണെന്ന് ആളുകൾ ധരിച്ചേനെ. മോഷ്ടാവ് വീണ്ടും മോഷണവും അക്രമവും നടത്താൻ സ്വതന്ത്രമായി വിഹരിച്ചേനെ.
ഈ സംഭവത്തിൽ നിന്ന് എല്ലാവർക്കും പഠിക്കാൻ രണ്ടു പാഠങ്ങളുണ്ട്.
- ട്രെയിനിൽ ആണെങ്കിലും പുറത്താണെങ്കിലും മോഷ്ടാവിനെ ചെറുക്കൻ പോകാതിരിക്കുന്നതാണ് നല്ലത്. മോഷ്ടാക്കൾ നമ്മളെ നേരിടുന്നത് സമയവും സൗകര്യവും നോക്കിയിട്ടാണ്, അതുകൊണ്ട് തന്നെ അവർ തയ്യാറെടുപ്പിലാണ്. നമ്മൾ ആകട്ടെ ആകസ്മികമായി, അമ്പരപ്പോടെ ആണ് അവരെ നേരിടുന്നത്. ഇത്തരം അവസരങ്ങളിൽ കയ്യിലുള്ള പണം പോയാലും ആരോഗ്യവും ജീവനും രക്ഷിക്കുക എന്നതാണ് പ്രധാനം. കള്ളനെ പിന്നീട് കണ്ടുപിടിക്കാം, ഇല്ലെങ്കിലും ജീവൻ രക്ഷിക്കാമല്ലോ.
- വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും തുറക്കാവുന്ന തരത്തിലുള്ള കോച്ചുകൾ ഇന്ത്യൻ റെയിൽവേയിലെ വലിയൊരു സുരക്ഷാ പിഴവാണ്. സ്വാഭാവിക വീഴ്ചയായും, ആളുകൾ മനഃപൂർവം തള്ളിയിട്ടും, വണ്ടി വിട്ടുകഴിയുമ്പോൾ അതിലേക്ക് കയറാൻ ശ്രമിച്ചും, വണ്ടി നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ചാടിയിറങ്ങിയും ഒക്കെ ആയിരങ്ങളാണ് ഓരോ വർഷവും ഇന്ത്യൻ റയിൽവേയിൽ മരിയ്ക്കുന്നത്. ഇത് ഒരു റയിൽവേ അപകടമായി റയിൽവേ കൂട്ടുന്നില്ല. മാത്രമല്ല, എനിക്കറിയുന്നിടത്തോളം ഒരു നഷ്ടപരിഹാരവും ലഭിക്കുകയുമില്ല.
- വികസിത ലോകത്തൊരിടത്തും ഇല്ലാത്ത ഈ സംവിധാനം മാറാൻ ഒരു തലമുറ എങ്കിലും എടുക്കും. അതുകൊണ്ട് ട്രെയിൻ യാത്ര ചെയ്യുന്നവർ വളരെ വളരെ ശ്രദ്ധിക്കണം. ഒരു ട്രെയിൻ പോയാൽ അടുത്ത ട്രെയിൻ വരും. ഒരു സ്റ്റേഷൻ വിട്ടാൽ അടുത്ത സ്റ്റേഷൻ വരും. അതുകൊണ്ട് തിരക്ക് കൂട്ടരുത്. ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ ഒരു കാരണവശാലും വാതിൽക്കൽ പൊയി നിൽക്കരുത്. ടോയ്ലറ്റിലേക്ക് ഒരു കാരണവശാലും കുട്ടികളേയും പ്രായമായവരെയും തനിയെ അയയ്ക്കരുത്. മുതിർന്നവർ തുറന്ന വാതിലിനടുത്തുകൂടെ പോകുമ്പോൾ ഏറ്റവും ശ്രദ്ധയോടെ മാത്രം വേണം അവിടം കടന്നുപോകാൻ.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
മുരളി തുമ്മാരുകുടി
Leave a Comment