ഒമാനിൽ ജോലി ചെയ്യുന്ന കാലത്താണ് യു എന്നിൽ ജോലി കിട്ടുന്നത്. പോസ്റ്റിങ്ങ് സ്വിറ്റസർലണ്ടിലെ ജനീവയിൽ. സ്വർഗ്ഗം കിട്ടിയത് പോലത്തെ തോന്നൽ ആയിരുന്നു. ഭൂമിയിലെ സ്വർഗ്ഗം എന്നൊക്കെയാണല്ലോ സ്വിറ്റ്സർലാൻഡിനെ പറയുന്നത്.
പക്ഷെ അവിടെ എത്തി ഒന്നാമത്തെ ആഴ്ച തന്നെ മനസ്സിലായി “പണി പാളി” എന്ന്. അവിടെ വീട് വാടകക്ക് കിട്ടുന്നത് ഒരു ഫർണിച്ചറോ കർട്ടനോ എന്തിന് ലാംപ് ഷേഡോ പോലുമില്ലാതെ ആണ്. കുഴപ്പമില്ല, പണം ഉണ്ടല്ലോ വാങ്ങാം എന്ന് കരുതി ഇകിയയിൽ (IKEA) യിൽ എത്തി.
പത്തോ പതിനയ്യായിരമോ ഫ്രാങ്കിന് ആവശ്യത്തിനുള്ള ഫർണിച്ചർ വാങ്ങി.
“ഇത് സ്വയം അസംബിൾ ചെയ്യുമോ അതോ സഹായം വേണോ ?” എന്നവർ
“സഹായം വേണം” എന്ന് ഞാൻ.
വീണ്ടും ആയിരമോ രണ്ടായിരമോ ഫ്രാങ്ക് ആ വകയിലും കൊടുത്തു.
“ഇന്ന് വൈകീട്ട് വരുമോ” എന്ന് എന്ന് ഞാൻ
അയാൾ ചിരിച്ചുകൊണ്ട് കന്പ്യൂട്ടറിൽ നോക്കി.
ആറ് ആഴ്ച കഴിഞ്ഞുള്ള ഒരു തീയതി തന്നു.
“അത് പറ്റില്ല, എനിക്ക് വീട്ടിൽ കിടക്കാൻ കട്ടിൽ പോലുമില്ല.”
“അത് എൻറെ പ്രശ്നം അല്ല, അത്യാവശ്യം ആണെങ്കിൽ എടുത്തു കൊണ്ടുപോയി സ്വന്തമായി അസംബിൾ ചെയ്തോളൂ” എന്ന് അയാൾ.
എനിക്ക് ദേഷ്യം വന്നു. ഞാൻ ഓർഡർ മുഴുവൻ കാൻസൽ ചെയ്തു. അടുത്ത കടയിലേക്ക് പോയി. അവിടെയും സാധനം ഉണ്ട്.
ആദ്യമേ ചോദിച്ചു. “എന്ന് ഡെലിവറി കിട്ടും, എനിക്ക് അത്യാവശ്യം ഉള്ളതാണ്.” ചിരിച്ചു കൊണ്ട് അയാളും കന്പ്യൂട്ടറിൽ നോക്കി. ഒന്പത് ആഴ്ച കഴിഞ്ഞുള്ള ഒരു ഡേറ്റ് തന്നു.
പിന്നെ നാണക്കേടൊന്നും വിചാരിച്ചില്ല, തിരിച്ച് ഇകിയയിലേക്ക് പോയി. ആറാഴ്ച ഒരു പായയും വിരിച്ചു നിലത്തു കിടന്നു !! അന്ന് തീർന്നതാ തിരുമേനി ഭൂമിയിലെ സ്വർഗ്ഗത്തോടുള്ള സ്നേഹം.
ഇതിപ്പോൾ ഫർണിച്ചർ കച്ചവടത്തിന്റെ മാത്രം കഥയല്ല. ഇന്ത്യയെയോ മധ്യേഷ്യയെയോ വച്ച് നോക്കുന്പോൾ കസ്റ്റമർ സർവ്വീസ് എന്നത് യൂറോപ്പിലെ രീതിയല്ല. കയ്യിൽ എത്ര കാശുണ്ടായിട്ടും കാര്യമില്ല, കാര്യങ്ങൾ അതിൻറെ രീതിക്കേ നടക്കൂ.
അതുകൊണ്ട് തന്നെ യൂറോപ്പിൽ സ്ഥിരതാമസം ആക്കില്ല എന്ന് ഞാൻ അന്ന് തന്നെ തീരുമാനിച്ചു. ഇന്നും അതിൽ മാറ്റമില്ല.
പക്ഷെ ജീവിക്കാൻ യൂറോപ്പ് അത്ര സുഖമല്ലെങ്കിലും ഒരു കാര്യത്തിൽ അവർ നമ്മളെക്കാൾ ഏറെ മുൻപിലാണ്. മരിക്കുന്ന കാര്യത്തിൽ.
എല്ലാ ദിവസവും വൈകീട്ട് ഞാൻ നടക്കാൻ പോകുന്നത് ഒരു റിട്ടയർമെന്റ് ഹോമിന്റെ മുന്നിലൂടെ ആണ്. അവിടെ തൊണ്ണൂറു വയസ്സ് കഴിഞ്ഞവർ ഒരുമിച്ചിരുന്നു സംസാരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒരു ത്രീ സ്റ്റാർ ഹോട്ടലിലെ പോലെയാണ്. അവിടെ നമുക്കും വേണമെങ്കിൽ പോയി ഭക്ഷണം കഴിക്കാം. കണ്ടാൽ തന്നെ കൊതിയാകും.
ആഴ്ച അവസാനങ്ങളിൽ നഗരത്തിൽ ഇറങ്ങുന്പോൾ എൺപതു കഴിഞ്ഞവർ വീൽ ചെയറുമായി നഗരം ചുറ്റാനും ഷോപ്പിങ്ങിനും വരും. രാത്രി പന്ത്രണ്ട് മണിക്ക് പബ്ബിലും തെരുവിലും അവരുണ്ട്. കാണുന്പോൾ അതിശയം തോന്നും, സന്തോഷവും.
എൻറെ സുഹൃത്തിന് കാൻസർ ബാധിച്ച് അവസാന ഘട്ടത്തിൽ ആയിരുന്നു. അവസാന കാലത്തേക്ക് മാത്രം ജീവിക്കാനായി ഹോസ്ഫസ് (hospice) ഉണ്ട്. അതിൽ അവർക്ക് കിട്ടുന്ന പരിചരണം, ആദരം, സംരക്ഷണം, സംവിധാനം ഒക്കെ ഒന്ന് കാണേണ്ടതാണ്.
മരിക്കാൻ ആഗ്രഹിക്കുന്നവരെ അതിന് സഹായിക്കാൻ വേണ്ടി മാത്രം സ്വിസ്സിൽ സംഘടനകൾ ഉണ്ട്. അതിന് സഹായകമായ നിയമങ്ങൾ ഉണ്ട്. ലോകത്തിൽ തന്നെ ഏറ്റവും സുഗമമായ രീതിയിൽ മരണം തിരഞ്ഞെടുക്കാൻ പറ്റുന്നത് സ്വിസ്സിൽ ആണ്. അതുകൊണ്ട് മരിക്കാൻ മാത്രം സ്വിസ്സിലേക്ക് വരുന്നവർ ഉണ്ട്. അതിനായി വിദേശത്ത് നിന്ന് വരുന്നവരെ സഹായിക്കാൻ അവിടെ സന്നദ്ധപ്രവർത്തകർ ഉണ്ട്.
ഇതിലൊക്കെ അപ്പുറത്താണ് മരിച്ചു കഴിഞ്ഞാലുള്ള കിടപ്പ്. സ്വിറ്റ്സർലണ്ടിൽ പ്രശസ്തമായ ഒരു ശ്മശാനം ഉണ്ട്. ഒരു വിശാലമായ പൂന്തോട്ടം പോലെയാണ്. നടപ്പാതകളും ഇരുപ്പു ബെഞ്ചുകളും ഒക്കെയായി. അവിടെ ഉച്ച സമയത്തു പോയാൽ നമ്മൾ അത്ഭുതപ്പെടും. സാൻഡ്വിച്ചും വാങ്ങി അവിടെ വന്നു വെയിൽ കാഞ്ഞു പുസ്തകം വായിക്കുന്നവരെ കാണാം.
ഇതൊന്നും ജനീവയിലെ മാത്രം കഥയല്ല, സ്വിസ്സിനോടൊപ്പം നിന്നില്ലെങ്കിലും യൂറോപ്പിൽ പൊതുവെ മരിക്കുക എന്നത് ജീവിക്കുന്നതിലും എളുപ്പമുള്ള കാര്യമാണ് ! അതുകൊണ്ട് തന്നെ യൂറോപ്പിൽ ജീവിക്കാൻ ആഗ്രഹമില്ലെങ്കിലും അവിടുത്തെ രീതിയിൽ മരിക്കണം എന്നാണ് ആഗ്രഹം.
റിട്ടയർ ചെയ്തു നാട്ടിൽ എത്തിയാൽ ആദ്യം ചെയ്യുന്നത് നാട്ടിലെ റിട്ടയർമെന്റ് ഹോം തൊട്ട് ഹോസ്ഫസ് വരെ കണ്ടു പിടിക്കുകയാണ്.
അതിലും പ്രധാനമായ ഒന്നുണ്ട്.
നമുക്ക് ജീവിതത്തിലെ അവതാരലക്ഷ്യങ്ങൾ കഴിഞ്ഞു എന്ന് തോന്നുന്ന സമയത്ത് അഭിമാനത്തോടെ മരിക്കാനുള്ള അവകാശം നേടിയെടുക്കണം. ലോകത്ത് അനവധി രാജ്യങ്ങളിൽ ഇപ്പോൾ ഈ വിഷയത്തിൽ ആധുനികമായ നിയമങ്ങൾ ഉണ്ട്. അത് പോലൊന്ന് നാട്ടിലും ഉണ്ടാക്കാൻ വേണ്ടി ശ്രമിക്കണം.
ഈ വിഷയത്തിൽ താല്പര്യമുള്ള വേറെയും ധാരാളം ആളുകൾ ഉണ്ടാകും എന്നറിയാം, അവരുമായി ബന്ധപ്പെടണം. കോടതിയും പാർലമെന്റും മാധ്യമങ്ങളും ഒക്കെ ഈ വിഷയത്തിൽ ഉപയോഗപ്പെടുത്തണം.
സ്വച്ഛന്ദമൃത്യു നമ്മുടെ മൗലിക അവകാശമാക്കണം. അതാണ് ഒന്നാമത്തെ റിട്ടയർമെന്റ് പ്ലാൻ
ഈ വിഷയത്തിൽ യോജിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ളവർ കൈ പൊക്കുമല്ലോ
മുരളി തുമ്മാരുകുടി
Leave a Comment