മിക്കവാറും പ്രൊഫഷനകളിൽ തൊഴിൽ നേടണമെങ്കിൽ നിശ്ചിത വിദ്യാഭ്യാസയോഗ്യതയും അതിന് മേൽ പ്രവർത്തിപരിചയവും വേണമെന്നുണ്ട്. ജോലിയുടെ നിലവാരം ഉയരുംതോറും വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിചയത്തിന്റെയും ആവശ്യകത കൂടും.
രാഷ്ട്രീയരംഗത്ത് പക്ഷെ അങ്ങനെ അല്ല. അമേരിക്കൻ പ്രസിഡന്റ് ആകാനുള്ള യോഗ്യത പോലും മൂന്നേ മൂന്ന് നിബന്ധനകളിൽ തീരും. ജന്മം കൊണ്ട് അമേരിക്കക്കാരൻ ആയിരിക്കണം, കഴിഞ്ഞ പതിനാല് വർഷം അമേരിക്കയിൽ സ്ഥിരമായി താമസിക്കുന്ന ആളായിരിക്കണം, 35 വയസ്സായിരിക്കണം. അത്രയേ ഉള്ളൂ.
ഇന്ത്യയിലെ കാര്യവും അധികം വ്യത്യസ്ഥമല്ല. രാഷ്ട്രീയവും മറ്റു തൊഴിലുകളും വ്യത്യസ്തമായത് കൊണ്ട് അവയിലെ അവസരങ്ങളിൽ എത്തിപ്പിടിക്കാൻ വേറിട്ടുള്ള നിബന്ധനകൾ ഉണ്ടാകുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ സൂക്ഷിച്ചു നോക്കിയാൽ രാഷ്ട്രീയ രംഗത്തും മുന്നോട്ട് പോകാൻ മിനിമം ക്വാളിഫിക്കേഷൻ ഒന്നും പോരാ എന്ന് മനസിലാക്കാം.
ഇന്ത്യയിലെ കാര്യം എടുത്താൽ വളരെ രസകരമായ ചില വസ്തുതകൾ നമുക്ക് കാണാം.
2019 ലെ ലോക്സഭയെപ്പറ്റിയുള്ള ഒരു പഠനത്തിൽ പറയുന്നത് MP മാർ ആയിരുന്ന മുപ്പത് ശതമാനം ആളുകളുടെയും കുടുംബത്തിൽ മറ്റൊരു MP യോ MLA യോ ഉണ്ടായിരുന്നു എന്നാണ്. മുപ്പത് വയസ്സിൽ താഴെയുള്ള പന്ത്രണ്ട് MP മാരിൽ എട്ടുപേരും ഇത്തരം രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നും വന്നതാണ്. അപ്പോൾ രാഷ്ട്രീയ കുടുംബങ്ങളിൽ നിന്നും ആകുക എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർന്നു പോകാനുള്ള വലിയ ഒരു യോഗ്യതയാണ്. കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിലെ അത്ര അധികമില്ലെങ്കിലും രണ്ടാം തലമുറ MLA മാരും മന്ത്രിമാരും നമുക്കുമുണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ട്.
രണ്ടാമത്തേത് രാഷ്ട്രീയ ബന്ധങ്ങൾ ആണ്. ഏത് രാഷ്ട്രീയപ്പാർട്ടിയിൽ പ്രവർത്തിച്ചാലും അതിലെ പ്രബലന്റെയോ പ്രബലമായ ഗ്രൂപ്പിന്റെയോ ഭാഗമായി നിൽക്കുന്നവർക്കാണ് അവസരങ്ങൾ കിട്ടുന്നത്. ഇത് ഏറെക്കുറെ കേരളത്തിലും ശരിയാണ്.
ബന്ധുബലം വഴി കടന്നുവന്നവരെ അപേക്ഷിച്ച് വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിലൂടെ കടന്നുവന്നവരോട് കേരളത്തിലുള്ളവർക്ക് പ്രത്യേക താൽപര്യമുണ്ട്. അതിൽത്തന്നെ സമരത്തിൽ പങ്കെടുത്തിട്ടുള്ളവർക്കും പോലീസിന്റെ അടി കൊണ്ടവർക്കും ജയിലിൽ പോയവർക്കും പാർട്ടിയും ജനങ്ങളും മുൻഗണന കൊടുക്കുന്നുണ്ട്.
അടിയും തടയും ഇല്ലാതെ MLA ആകാൻ വരുന്നത് തന്നെ അയോഗ്യതയായി ഇപ്പോഴും നമ്മുടെ രാഷ്ട്രീയ ചർച്ചകളിൽ കടന്നുവരാറുണ്ട്.
രാഷ്ട്രീയത്തിലൂടെ ഭരണനിർവ്വഹണത്തിന്റെ (executive) ഭാഗമാകുന്ന, അതായത് മന്ത്രിമാർ ആകുന്നവർക്ക്, മുൻപ് പറഞ്ഞ പാരമ്പര്യ, അടിതട യോഗ്യതകൾ മാത്രം മതിയോ എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ബന്ധുബലം കൊണ്ടോ വിദ്യാർത്ഥികാലം തൊട്ടേ സമരം ചെയ്തതുകൊണ്ടോ മാത്രം മന്ത്രിമാർ ആകുകയും വലിയ തലത്തിലും തരത്തിലും ഉള്ള ഭരണനിർവ്വഹണ ജോലികൾ ചെയ്യേണ്ടി വരികയും ചെയ്യുന്നത് വലിയ വെല്ലുവിളി അല്ലേ?,
സ്വന്തം പ്രതിഭകൊണ്ട് ഭരണരംഗത്ത് മുൻ പരിചയം ഇല്ലാതിരുന്നിട്ടും ‘നല്ല’ മന്ത്രിമാർ ആയ അനവധി ആളുകൾ നമുക്കുണ്ട്. അതുപോലെ തന്നെ ഏതെങ്കിലും പ്രൊഫഷനിൽ തിളങ്ങിയിട്ടും മന്ത്രിയായപ്പോൾ മോശം പ്രകടനം കാഴ്ചവെച്ചവരും ഉണ്ട്.
ഇത് രണ്ടും ഉള്ളപ്പോൾ തന്നെ നമ്മൾ അടുത്ത തലമുറ നേതാക്കളെ പ്രൊഫഷണൽ ആയി തിരഞ്ഞെടുത്ത് അവരുടെ മിടുക്ക് മുൻകൂർ മനസ്സിലാക്കി വേണ്ടത്ര പരിശീലനവും ഭരണ അവസരങ്ങളും കൊടുത്ത് വേണം മന്ത്രി തലത്തിലേക്ക് ഉയർത്താൻ എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ ചെയ്താൽ നമ്മുടെ രാഷ്ട്രീയവും ഭരണത്തിന്റെ കാര്യക്ഷമതയും വേറെ ലെവൽ ആകുമെന്നുമാണ് എനിക്ക് തോന്നുന്നത്.
എന്റെ ഒരു ആശയം പറയാം.
കേരളത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരികയാണ്. പൊതുവിൽ ത്രിതല പഞ്ചായത്തിൽ (മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ഉൾപ്പെടെ) മത്സരിക്കാൻ നേതാക്കൾക്ക് മടിയാണ്. കാരണം ഈ നിലയിൽ മത്സരിക്കുന്നവർ അവിടെത്തന്നെ തളയ്ക്കപ്പെടുമോ എന്ന പേടിയാണ്. നേരിട്ട് MLA യും MP യും ആകാനാണ് ആളുകൾക്ക് പ്രിയം.
ഇത് മാറണം എന്നാണ് എന്റെ അഭിപ്രായം. MLA യോ MP യോ ആകുന്നതിന് മുൻപ് ഒരു വട്ടമെങ്കിലും ത്രിതല പഞ്ചായത്തിൽ ഏതെങ്കിലും തലത്തിൽ മത്സരിച്ചു ജയിച്ച് ഒരു കാലാവധി പൂർത്തിയാക്കിയിരിക്കണം എന്നത് നിർബന്ധമാക്കണം. രാഷ്ട്രീയ C V യിലെ ഒരു മിനിമം ക്വാളിഫിക്കേഷൻ.
അതുപോലെ തന്നെ കേരളത്തിൽ മന്ത്രി ആകുന്നതിന് മുൻപ് ഒരു പഞ്ചായത്തെങ്കിലും ഭരിച്ച പരിചയം ഉണ്ടായിരിക്കണം എന്നുമാകാം. അത് പഞ്ചായത്തോ, മുനിസിപ്പാലിറ്റിയോ, ജില്ലാ പഞ്ചായത്തോ, കോർപ്പറേഷനോ ആകാം.
ഇങ്ങനെ ചെയ്താൽ തീർച്ചയായും നമ്മുടെ താഴെത്തട്ടിൽ ലഭ്യമായ ടാലന്റ് പൂൾ നന്നായി വർദ്ധിക്കും. തങ്ങളുടെ കരിയർ പ്രോഗ്രഷൻ താഴെത്തട്ടിലുള്ള പ്രകടനത്തെ കൂടി ആശ്രയിച്ചിരിക്കും എന്ന് മനസ്സിലാക്കിയാൽ ഭരണനിർവ്വഹണത്തിന്റെ കാര്യക്ഷമത കൂടുകയും ചെയ്യും.
കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ ഫുട്ബോളിലെ സെക്കൻഡ് ഡിവിഷൻ ആണ്. കാര്യം MP എന്നത് MLA ക്ക് മുകളിൽ എന്നൊക്കെ തോന്നുമെങ്കിലും കേരളരാഷ്ട്രീയത്തിലെ പ്രീമിയർ ലീഗ് നിയമസഭ തന്നെയാണ്. അതുകൊണ്ട് തന്നെ കേരള രാഷ്ട്രീയത്തിൽ ഉയർന്നുപോകാൻ താല്പര്യമുള്ളവർ MP സീറ്റ് വരുമ്പോൾ രണ്ടാമത് ഒന്ന് ചിന്തിക്കും.
ഇവിടേയും മാറ്റം വേണമെന്നാണ് എന്റെ ആഗ്രഹം. സംസ്ഥാനത്തെ മന്ത്രി ആകുന്ന ആൾക്ക് മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഉള്ള രാഷ്ട്രീയക്കാരുടെ ഇടയിൽ ഒരു നെറ്റ്‌വർക്ക് ഉണ്ടായിരിക്കുന്നത് ഏറെ നല്ലതാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ മന്ത്രി ആകുന്നതിന് മുൻപ് ഒരു വട്ടം എങ്കിലും MP ആകണം എന്നൊരു നിബന്ധനയും ആകാം.
ഒരു തവണ എങ്കിലും കേന്ദ്രത്തിലോ കേരളത്തിലോ മന്ത്രിയായിട്ടുള്ള ആളായിരിക്കണം മുഖ്യമന്ത്രി എന്നും, ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്നിട്ടുള്ള ആളായിരിക്കണം പ്രധാനമന്ത്രി എന്നും നിബന്ധന ആകാം.
മുരളി തുമ്മാരുകുടി
Leave a Comment