2026 ഏറെ പ്രതീക്ഷകളോടെ നോക്കിക്കാണുന്ന ഒരു വർഷമാണ്. വ്യക്തിപരമായി വലിയ മാറ്റങ്ങളുടെ വർഷം കൂടിയാണ്.
നാലു പതിറ്റാണ്ട് കേരളത്തിന് പുറത്തും മുപ്പത്തി ഒന്ന് വർഷം ഇന്ത്യക്ക് പുറത്തും സ്ഥിരമായി ജീവിച്ചതിന് ശേഷം നാട്ടിലേക്ക് തിരിച്ചു വരാൻ തീരുമാനിച്ചിരിക്കുന്ന വർഷം ആണ്.
1986 ജൂലൈ മാസത്തിൽ ആണ് ഐ ഐ ടി യിൽ മാസ്റ്റർ ഡിഗ്രി പഠനത്തിനായി കേരളത്തിൽ നിന്നും പുറത്ത് പോയി ജീവിക്കാൻ തുടങ്ങുന്നത്. ഉത്തർ പ്രദേശിലെ കാൺപൂരിൽ.
1995 ൽ മാസ്റ്റേഴ്സും പി എച്ച് ഡി യും കഴിഞ്ഞു മൂന്നു വർഷം ഇന്ത്യയിൽ ജോലി ചെയ്തതിന് ശേഷം ബ്രൂണെയിലേക്കാണ് ആദ്യമായി വിദേശത്തേക്ക് പോകുന്നത്.
ഞാൻ നാട്ടിൽ നിന്നും പോയ കാലത്ത് നിന്നും കേരളവും ഇന്ത്യയും ഏറെ മാറി. കേരളം എല്ലാ അർത്ഥത്തിലും കൂടുതൽ സമ്പന്നവും സുരക്ഷിതവുമായി. ഇന്ത്യയുടെ വിദേശത്തെ ഇമേജ് ഒരു ദരിദ്ര രാജ്യം എന്നതിൽ നിന്നും ദശകോടികളെ ദാരിദ്ര്യമുക്തമാക്കിയ മുൻനിര സാമ്പത്തിക രാഷ്ട്രീയ ശക്തി, ഐ ടി സൂപ്പർ പവർ എന്നതിലേക്ക് മാറി.
കേരളത്തിൽ കൃഷി ഗണ്യമായി കുറഞ്ഞെങ്കിലും ഭക്ഷ്യ സുരക്ഷ കൂടി, നടുവൊടിക്കുന്ന തൊഴിലുകളിൽ നിന്നും മലയാളികൾ ഏറെക്കുറെ മോചിതരായി. ആരോഗ്യ രംഗത്ത് കുതിച്ചു ചാട്ടങ്ങൾ ഉണ്ടായി, പരിസ്ഥിതി കൂടുതൽ സമ്പന്നമായി, നാട്ടിൽ നിന്നും അന്യമായിരുന്ന വന്യമൃഗങ്ങൾ വീണ്ടും ചുറ്റുവട്ടത്തെത്തി. കാളച്ചന്തയും ഉഡുപ്പി ഹോട്ടലും പ്രധാന വാണിജ്യ കേന്ദ്രങ്ങൾ ആയിരുന്ന പെരുമ്പാവൂരിൽ മാളുകളും കെന്റക്കി ഫ്രൈഡ് ചിക്കനും ഒക്കെയായി. മറുനാട്ടിലേക്ക് മലയാളികൾ കൈത്തൊഴിലിന് പോയിരുന്ന കാലത്ത് നിന്നും കേരളം മറുനാടൻ തൊഴിലാളികളുടെ പറുദീസയായി.
രാഷ്ട്രീയത്തിൽ പക്ഷെ അന്നത്തേതിനേക്കാൾ വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. 1980 കളിലാണ് ഇന്ന് നമ്മൾ കാണുന്ന തരത്തിലുള്ള ഇടതു ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും രൂപപ്പെടുന്നത്. 1979 ൽ സി പി ഐ ഇടതു പക്ഷത്തേക്കും 1981 ൽ ആന്റണി കോൺഗ്രസ്സ് വലതുപക്ഷത്തേക്കും മാറി. എൽ ഡി എഫും, യു ഡി എഫും ചേരിതിരിഞ്ഞതിന്റെ ഏതാണ്ട് ചുറ്റുവട്ടത്തിൽ തന്നെയാണ് ഇപ്പോഴും മുഖ്യധാരാ രാഷ്ട്രീയം നിൽക്കുന്നത്. ചെറിയ പാർട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കളം ചാടിയത് അടിസ്ഥാന നയങ്ങളിൽ മാറ്റം ഒന്നുമുണ്ടാക്കിയില്ല. ബി ജെ പിക്ക് വോട്ട് ഷെയറിൽ ഉണ്ടായ വളർച്ച പാർലിമെന്ററി വിജയമായി ഇനിയും മാറിയിട്ടില്ല. ഞാൻ കേരളം വിടുമ്പോൾ കളം നിറഞ്ഞു നിന്ന രാഷ്ട്രീയ നേതാക്കളിൽ ശ്രീ. പി ജെ ജോസഫ് മാത്രമാണ് ഇന്നും നേതൃ നിരയിൽ ഉള്ളത്. മറ്റുള്ളവർ മൺമറഞ്ഞു, അന്നത്തെ രണ്ടാം തലമുറയും അന്ന് ചിത്രത്തിൽ ഇല്ലാത്തവരും ഒക്കെ ഇപ്പോൾ നേതൃനിരയിൽ എത്തി.
കേരളത്തിൽ വികസനം ഏറെ വന്നിട്ടും വികസനത്തിന്റെ രാഷ്ട്രീയം ഇപ്പോഴും പച്ചപിടിക്കുന്നില്ല എന്നത് എന്നെ അമ്പരപ്പിക്കുന്നുണ്ട്. ഈ അടുത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോലും ജയപരാജയങ്ങൾ അപ്രഗ്രഥിക്കുന്ന വിദഗ്ധർ ജാതി മത സമവാക്യങ്ങളാണ് അടിസ്ഥാന കാരണമായി പറയുന്നത് എന്നത് എന്നെ നിരാശപ്പെടുത്തുകയും ചെയ്യുന്നു. എന്റെ ചുറ്റുമുള്ള പുതിയ തലമുറ പൊതുവെ രാഷ്ട്രീയത്തിൽ താല്പര്യം എടുക്കുന്നില്ലെങ്കിലും എടുക്കുന്ന താല്പര്യങ്ങൾ ജാതി-മത ചിന്തകൾക്ക് അപ്പുറത്താണെന്നത് അല്പം ആശ്വാസം നൽകുന്നുണ്ട്.
കേരളത്തിലെ കാലാവസ്ഥയിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. മൺസൂണുകളുടെ പ്രെഡിക്റ്റബിലിറ്റി മാറി, അതി വർഷവും മിന്നൽ പ്രളയവും സഹിക്കാനാകാത്ത ചൂടും ഇപ്പോൾ നമ്മുടെ കാലാവസ്ഥയുടെ ഭാഗമായി.
നാട്ടിൽ വയോജനങ്ങളുടെ വർധനവും പുതിയ തലമുറയുടെ മൊത്തമായിട്ടുള്ള ഒഴിഞ്ഞുപോക്കുമാണ് സാമൂഹ്യ രംഗത്ത് പ്രധാനമായി കാണുന്നത്. 1980 കളിൽ എല്ലാ വീടുകളും തന്നെ മൂന്നു തലമുറയിലെ ആളുകൾ ഒരുമിച്ച് ജീവിക്കുന്നതായിരുന്നു. പക്ഷെ ഇപ്പോൾ പത്തു വീടുകളിൽ സന്ദർശിക്കാൻ പോയാൽ അതിൽ പകുതിയിലും ഒരു തലമുറ മാത്രമാണ് ഉള്ളത്, പത്തിൽ മൂന്നിലും ഒരു ഹോം നേഴ്സും കിടപ്പു രോഗിയും ഉണ്ടെന്നതും ശ്രദ്ധേയമായ മാറ്റമാണ്.
ഇങ്ങനെ ഏറെ മാറുകയും കുറച്ചൊക്കെ മാറാതിരിക്കുകയും ചെയ്യുന്ന കേരളത്തിലേക്കാണ് 2026 ൽ ഞാൻ തിരിച്ചു വരുന്നത്. നിർഭാഗ്യ വശാൽ 2026 മെയ് മാസം കഴിഞ്ഞേ നാട്ടിൽ എത്തുകയുള്ളൂ എന്നതിനാൽ ഈ അസംബ്ലി ഇലക്ഷനിൽ മത്സരിക്കാനുള്ള ചാൻസ് പോയി. ഇനി 2029 ലെ പാർലമെന്റോ, 2030 ലെ പഞ്ചായത്തോ നോക്കാം.
അടുത്ത ആറു മാസം ഔദ്യോഗികമായിട്ടുള്ള തിരക്കും തിരിച്ചുവരവിന്റെ പ്ലാനിങ്ങും ആയത് കൊണ്ട് സോഷ്യൽ മീഡിയയിൽ അധികം കാണാൻ വഴിയില്ല. പക്ഷെ അടുത്ത ഓണക്കാലം ആകുമ്പോഴേക്കും ഒരു യു ടുബ് ചാനൽ ഒക്കെ തുടങ്ങാൻ പദ്ധതിയുണ്ട്.
അപ്പോൾ എല്ലാം പറഞ്ഞത് പോലെ, എല്ലാവർക്കും പുതുവത്സര ആശംസകൾ!
മുരളി തുമ്മാരുകുടി

Leave a Comment