പൊതു വിഭാഗം

മുതിർന്ന പൗരന്മാർക്കുള്ള പുതിയ സംസ്ഥാന നയം

മുതിർന്ന പൗരന്മാർക്കുള്ള പുതിയ സംസ്ഥാന നയത്തിന്റെ കരട് കേരളസർക്കാർ സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആഗസ്റ്റ് 31 വരെ അതിൽ പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കാൻ സമയം വെച്ചിട്ടുണ്ട്.

പ്രായമായവരുടെ സംരക്ഷണം ലോകത്തെല്ലായിടത്തും പ്രാധാന്യമുള്ള വിഷയമാണ്. 1991 ൽ United Nations Principles for Older Persons എന്ന പ്രമേയം ഐക്യരാഷ്ട്രസഭ പാസ്സാക്കിയതിന് ശേഷം ഐക്യരാഷ്ട്രസഭയിലെ വിവിധ വകുപ്പുകൾ ഈ വിഷയത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

1999 ലാണ് ഇന്ത്യ, ദേശീയ വയോജന നയം പ്രഖ്യാപിച്ചത്. അതിനെ പിന്തുടർന്ന് കേരള വയോജന നയം 2006 ൽ കേരളം പ്രഖ്യാപിച്ചുവെന്നും 2013 ൽ മുതിർന്ന പൗരന്മാരുടെ സംസ്ഥാന നയം കേരളത്തിൽ പ്രാബല്യത്തിൽ വന്നു എന്നും ഈ കരട് നയത്തിൽ പറയുന്നുണ്ട്.

ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിൽ പ്രായമായവരുടെ എണ്ണം എന്നതിനാൽ ഈ വിഷയത്തിൽ കേരളം പ്രത്യേക താല്പര്യം എടുക്കുന്നതും നയങ്ങൾ കാലാനുസൃതമായി പുതുക്കാൻ ശ്രമിക്കുന്നതും വളരെ നല്ല കാര്യമാണ്.

  1. നയ രൂപീകരണം പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വേണം എന്നതാണ് ആഗോളമായി നല്ല പ്രാക്ടീസ് ആയി കരുതപ്പെടുന്നത്. ഒരു വിഷയത്തിൽ നയരൂപീകരണ രംഗത്തുള്ളവർക്കും ഭരണാധികാരികൾക്കും വിവിധ അഭിപ്രായങ്ങൾ ഉണ്ടായിരിക്കും. എന്നാൽ അധിപ്രായങ്ങൾക്ക് അടിസ്ഥാനമായ വസ്തുതകളും തെളിവുകളും പ്രധാനമാണ്.
  2. മുൻപ് ഉണ്ടായിരുന്ന നയങ്ങളും പദ്ധതികളും എങ്ങനെ നടപ്പിലായി (അല്ലെങ്കിൽ നടപ്പിലായില്ല), അതിൽ നിന്നും എന്തെല്ലാം പാഠങ്ങൾ പഠിക്കാം എന്നതും പ്രധാനമാണ്.
  3. ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന പോളിസിയിൽ ഇത്തരം വിശകലനങ്ങൾ ഇല്ല. 2017 ലെ ഒരു പഠനമാണ് അടിസ്ഥാനമായി കൊടുത്തിരിക്കുന്നത്. 2025 ൽ, ചുരുങ്ങിയത് പത്തുവർഷമെങ്കിലും നീണ്ടുനിൽക്കുന്ന ഒരു പോളിസി ഉണ്ടാക്കുമ്പോൾ അതിന് അടിസ്ഥാനമായി മുതിർന്ന പൗരന്മാർ ഇപ്പോൾ നേരിടുന്ന വിഷയങ്ങൾ, അതിനെ സർക്കാർ കൈകാര്യം ചെയ്യുന്ന രീതി, അതിന്റെ മേന്മകൾ, പോരായ്മകൾ, ഇവയെപ്പറ്റിയെല്ലാം കുറേക്കൂടി മെച്ചപ്പെട്ട പഠനം നടത്തിയിരുന്നെങ്കിൽ നന്നായിരുന്നു.
  4. കേരള സർക്കാരിന്റേതുൾപ്പെടെ പല പോളിസികളുടെയും ഒരു പോരായ്മ അത് നയവും കർമ്മപദ്ധതിയും ആയി കൂട്ടിക്കുഴയ്ക്കും എന്നതാണ്. പോളിസി അഥവാ നയം പിൽക്കാലത്ത് നിയമനിർമ്മാണത്തിനും പദ്ധതികൾ ഉണ്ടാക്കുന്നതിനും ഉള്ള അടിസ്ഥാന രേഖയാണ്. അത് ഈ വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ട മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും, ലളിതമായി ആർക്കും വിശദീകരിച്ചു കൊടുക്കാൻ പറ്റുന്നതുമാകണം. കർമ്മ പദ്ധതികൾ ഇതിൽ നിന്നും വ്യത്യസ്തമാണ്.
  5. ഇപ്പോഴത്തെ നയ രേഖയിൽ ആറു ദൗത്യങ്ങളും (mission) പതിനാല്  മാർഗ്ഗനിർദ്ദേശ തത്വങ്ങളും (guiding principles) ഉണ്ട്. ഇത് കൂടാതെ പത്തു മുൻഗണനാ മേഖലകളിലായി അറുപതിലധികം പ്രവർത്തന ചട്ടക്കൂടും ഉണ്ട്. ഇതെല്ലാം വായിച്ചു വരുമ്പോഴേക്ക് നയത്തെ പറ്റിയോ കർമ്മപദ്ധതിയെപ്പറ്റിയോ വായിക്കുന്നവർക്ക് കൃത്യമായ ഒരു ചിത്രം കിട്ടില്ല എന്ന് മാത്രമല്ല എഴുതിയവർക്ക് വരെ കൺഫ്യൂഷൻ ഉണ്ടാകുകയും ചെയ്യും. ഉദാഹരണത്തിന് പോളിസിയിലെ മാർഗ്ഗനിർദ്ദേശ തത്വം 5.7. തലമുറകൾ തമ്മിലുള്ള ഐക്യദാർഢ്യം വളർത്തുക എന്നതാണ്. ഇത് തന്നെയാണ് മുൻഗണനമേഖലയും പ്രവർത്തന ചട്ടക്കൂടും എന്ന തലക്കെട്ടിൽ 6.9 ആയി കൊടുത്തിരിക്കുന്നത് (6.9  തലമുറകൾ തമ്മിലുള്ള ഐക്യദാർഢ്യം വളർത്തുക). നയരേഖ ഉണ്ടാക്കുമ്പോൾ ഓരോ തലക്കെട്ടിലും വേണ്ടത് എന്താണ്, അവ തമ്മിലുള്ള ബന്ധം എന്താണ് എന്നുള്ള കൃത്യമായ ബോധ്യം ഇല്ലാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്.
  6. അനവധി മുൻഗണനാ മേഖലകൾ എഴുതിവെക്കുമ്പോൾ അത് എല്ലാവരേയും തൃപ്തിപ്പെടുത്തും. കാരണം അവരുടെ എല്ലാ വിഷയങ്ങളും ‘മുൻ’ഗണനയിൽ ഉണ്ടല്ലോ. ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസനയവും ഏതാണ്ട് ഇത്തരത്തിൽ തന്നെ ആയിരുന്നു. ലോകത്തെ നല്ല എല്ലാ ആശയങ്ങളും അതിലുണ്ട്. ഇതൊക്കെ വായിക്കാൻ നല്ലതാണെങ്കിലും  പ്രായോഗികമായി ഇത് നയത്തിന്റെ പ്രയോഗം ഏറെ ബുദ്ധിമുട്ടുള്ളതാക്കുന്നു. സത്യത്തിൽ  ‘Economics the science which studies human behaviour as a relationship between ends and scarce means which have alternative uses’ എന്ന് ശ്രീനിവാസനും പറഞ്ഞിട്ടുണ്ടല്ലോ.
  7. ലോകത്തെ എല്ലാ നല്ല ആശയങ്ങളും ഉൾപ്പെടുത്തുന്നതിനോടൊപ്പം പല നയരേഖകളും കാണിക്കുന്ന ഒരു കുറവ് കൃത്യമായി നിർവചിച്ചിട്ടുള്ള ടാർഗെറ്റുകളുടെ അഭാവമാണ്. ഈ നയം അനുസരിച്ച് എന്തൊക്കെ എപ്പോൾ നടപ്പിലാക്കും എന്ന് കൂടി പറയുമ്പോഴാണ് നയത്തിന്റെ പ്രായോഗികത വായിക്കുന്നവർക്കും ഒരു പരിധി വരെ എഴുതുന്നവർക്കും  ബോധ്യമാകുന്നത്. പുതിയ മുതിർന്ന പൗരന്മാരുടെ നയരേഖയിലും ഇത് വ്യത്യസ്തമല്ല.
  8. പുതിയ നയങ്ങൾ പ്രഖ്യാപിക്കുമ്പോൾ അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത എന്താണ്, അതെങ്ങനെയാണ് സർക്കാർ കണ്ടെത്താൻ പോകുന്നത് എന്നുള്ള ഒരു പഠനവും കൂടി നിർബന്ധമായും നടത്തേണ്ടതാണ്. അങ്ങനെ ചെയ്യുമ്പോഴാണ് ഈ നയങ്ങളും കർമ്മപദ്ധതിയും ഒക്കെ നടപ്പിലാക്കാൻ സാധിക്കുമോ, ശരിക്കും ഏത് പദ്ധതിക്കാണ് മുൻഗണന നൽകേണ്ടത്, എങ്ങനെയാണ് ആവശ്യമായ പണം കണ്ടെത്തേണ്ടത് എന്നൊക്കെയുള്ള ചിന്ത വരിക. ഈ നയരേഖയിൽ ഈ വിഷയം പരിഗണിച്ചിട്ടില്ല.
  9. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ അഞ്ച് ശതമാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റിൽ പത്തു ശതമാനവും തുക ഈ നയം നടപ്പിലാക്കുന്നതിന് വേണ്ടി ചിലവഴിക്കും എന്നാണ് നയം പറഞ്ഞുവെയ്ക്കുന്നത്. എന്തുകൊണ്ട് അഞ്ച് അല്ലെങ്കിൽ പത്ത് എന്ന് നയം പറയുന്നില്ല. ഇപ്പോൾത്തന്നെ വയോജനങ്ങൾക്ക് അനവധി പദ്ധതികൾ ഉണ്ടല്ലോ, അപ്പോൾ ഇപ്പോഴത്തെ തുക അഞ്ചിൽ കുറവാണോ കൂടുതലാണോ? ഇപ്പോഴത്തേതിലും കൂടുതൽ തുക വയോജനക്ഷേമത്തിന് മാറ്റിവെയ്ക്കുകയാണെങ്കിൽ മറ്റേത് വകുപ്പിനാണ് തുക കുറയാൻ പോകുന്നത്? ഇതെല്ലാം പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. നിദ്ദേശിക്കുന്ന നയങ്ങളുടെ യഥാർത്ഥ സാമ്പത്തിക ബാധ്യത കണക്കു കൂട്ടാത്തതുകൊണ്ടാണ് ഇത്തരം കൊട്ടക്കമ്മതിയുമായി വരുന്നത്. ഇത് പ്രായോഗികമായ ഒന്നല്ല.

മൊത്തത്തിൽ വായിച്ചുവരുമ്പോൾ വളരെ സന്തോഷം തോന്നുന്നതും എന്നാൽ പ്രായോഗികമായി എല്ലാ വിഷയങ്ങളും വേണ്ടത്ര ചിന്തിക്കാതെ എഴുതിയിരിക്കുന്നതുമായ ഒന്നാണ് ഈ നയം എന്നാണ് എന്റെ അഭിപ്രായം. അറുപത് വയസ്സ് കഴിഞ്ഞതിനാൽ എന്റെ കാര്യം കൂടി ഉൾപ്പെട്ടതായതിനാൽ എനിക്ക് ഇക്കാര്യത്തിൽ പ്രത്യേകതാല്പര്യം ഉണ്ട്. ഇപ്പോൾ ലഭ്യമായ വിവരങ്ങൾ എല്ലാം കൂടി ക്രോഡീകരിച്ചും കേരളത്തിലെ വയോജനങ്ങളോടും ഇപ്പോൾ ഈ രംഗത്ത് പ്രവർത്തിക്കുനന്നവരോടും ഈ നയം നടപ്പിലാക്കാൻ ഉത്തരവാദിത്തം ഏൽപ്പിക്കാൻ ഉദ്ദേശിക്കുന്നവരോടും സിസ്റ്റമാറ്റിക് ആയി ഒരു ചോദ്യാവലിയിലൂടെ വിവരങ്ങൾ മനസ്സിലാക്കിയതിന് ശേഷം വേണം ഈ നയം കരടിൽ നിന്നും നയപ്രഖ്യാപനത്തിലേക്ക് നീങ്ങാൻ എന്നാണ് എന്റെ നിർദ്ദേശം.

കൂടുതൽ വിശദമായ കമന്റുകൾ സർക്കാർ ഇ-മെയിലിൽ അയച്ചിട്ടുണ്ട്.

മുരളി തുമ്മാരുകുടി

May be an image of text that says "1 Sol SOCIAL USTICE DEPARTMENT DEPART കേരള സർക്കാർ സാമൂഹികനീതി വകുപ്പ് മുതിർന്ന പൗരൻ്മാരുടെ കേരള സംസ്ഥാന നയം 2025 ജൂലൈ 2025"

Leave a Comment