എറണാകുളം ജില്ലയിലെ കടമക്കുടിയെപ്പറ്റി ശ്രീ. @Anand Mahindra ഇങ്ങനെ പറഞ്ഞുവെന്നാണ് റിപ്പോർട്ട്. മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് അദ്ദേഹത്തെ ഗ്രാമത്തിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. നല്ല കാര്യം. കൊല്ലങ്കോടിനെപ്പോലെ ഇനി ആ ഗ്രാമത്തിലേക്കും ടൂറിസ്റ്റുകളുടെ ഒഴുക്കായിരിക്കും. അതും നല്ലത് തന്നെ.
പ്രശ്നം വരാനിരിക്കുന്ന ടൂറിസം വിപ്ലവത്തിന് ഗ്രാമം തയ്യാറാണോ എന്നതാണ്. കണ്ടിടത്തോളം അല്ലേയല്ല എന്നതാണ് ഉത്തരം.
മെയിൻ റോഡിൽ നിന്നും ഇടറോഡിലേക്ക് അഞ്ചു മീറ്റർ മാറിയാൽ കുണ്ടും കുഴിയുമാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഒരു സംവിധാനവുമില്ല. റോഡിനിരുപുറവും വേണം പാർക്ക് ചെയ്യാൻ. നൂറു കാറുവന്നാൽ ട്രാഫിക്ക്ജാമും ബ്ലോക്കും കശപിശയുമാകും.
ഞങ്ങൾ രാവിലെ എത്തിയപ്പോൾ അവിടെ മെയിൻറോഡിൽ ഒരു ചായക്കടപോലുമില്ല. രണ്ട് ഐസ് സ്ക്രീം ട്രക്കുകൾ കണ്ടു.
ടോയ്ലറ്റ് സൗകര്യം? കണ്ടില്ല. ഇല്ല എന്നു പറയുന്നില്ല, കാണാത്തതാകാം.
മാലിന്യസംഭരണത്തിൻ്റെയും സംസ്കരണത്തിന്റെയും കാര്യം അന്നേ പറഞ്ഞിരുന്നു. ബോട്ടിംഗിനായി കണ്ടത് ഒരാൾ തുഴയുന്ന കൊതുമ്പു വള്ളമാണ്, അതിന് കാറിലേക്ക് അടുക്കാൻ സൗകര്യമായ ജെട്ടിയോ ബോട്ടിൽ ലൈഫ് ജാക്കറ്റോ ഇല്ല.
സുരക്ഷ? പോലീസ് ഔട്ട്പോസ്റ്റ് ഒന്നും കണ്ടില്ല, സദാചാരപോലീസിംഗിന് വളക്കൂറുള്ള സ്ഥലം പോലെ തോന്നി. കുറ്റപ്പെടുത്താൻ വേണ്ടി പറയുന്നതല്ല. കണ്ട നല്ല കാര്യങ്ങൾ അന്നേ പറഞ്ഞിരുന്നല്ലോ
ഇതൊരു അവസരമാണ്. ദിവസവും പതിനായിരങ്ങൾ വരുന്ന ആയിരങ്ങൾക്ക് തൊഴിൽ ലഭിക്കുന്ന ഒരു ടൂറിസം സംവിധാനം അവിടെ ഉണ്ടാക്കാം. അവിടുത്തെ ജനപ്രതിനിധികൾ വേണ്ടത്ര പദ്ധതികൾ ഉണ്ടാക്കി മന്ത്രിക്കും ശ്രീ. ആനന്ദ് മഹീന്ദ്രക്കും സമർപ്പിച്ചാൽ മതി.
ഉത്തരവാദിത്തമുള്ള ടൂറിസവും സുസ്ഥിര വികസനവും ഉയർന്ന ടൂറിസ്റ്റുകളുടെ എണ്ണവും തനതുസംസ്കാരങ്ങൾ സംരക്ഷിക്കലും ഇവിടെ ഒരുമിച്ച് സാധ്യമാണ്. ഒത്തു ശ്രമിച്ചാൽ മാത്രം മതി.
മുരളി തുമ്മാരുകുടി
Leave a Comment