പൊതു വിഭാഗം

ബിസിനസ്സ് – ചട്ടങ്ങൾ മാറുമ്പോൾ.

കേരളത്തിലെ ഒരു മന്ത്രി എന്നോട് പറഞ്ഞ രസകരമായ ഒരു സംഭവം ഉണ്ട്.

ആദ്യമായി മന്ത്രിയായതിന് ശേഷം നാട്ടിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെ ഉള്ള ഒരു പ്രവർത്തകന്റെ പുതിയൊരു പ്രസ്ഥാനം ഉത്ഘാടനം ചെയ്യാൻ ആവശ്യപ്പെട്ടു. ആദ്യത്തെ ഉത്‌ഘാടനമാണ്. ഉടൻ സമ്മതിച്ചു.

ഒരു വീഡിയോ എഡിറ്റിംഗ് പ്രസ്ഥാനമാണ്. ആഘോഷമായി ഉൽഘാടനം ഒക്കെ നടത്തി. പിന്നീട് ആ വഴി പോകുമ്പോൾ ഒക്കെ അദ്ദേഹം ആ സ്ഥാപനം ശ്രദ്ധിക്കും. പക്ഷെ അത് പൂട്ടിയിട്ടിരിക്കുകയാണ്. ആദ്യത്തെ ഉൽഘാടനം ആയതിനാൽ അദ്ദേഹത്തിന് അല്പം വിഷമം തോന്നി.

ഒരു ദിവസം സ്ഥലത്തെ പ്രവർത്തകരോട് അദ്ദേഹം ചോദിച്ചു “ആ എഡിറ്റിംഗ് സ്റ്റുഡിയോ അടച്ചു പോയോ?”.
“ഇല്ല സാർ, പ്രസ്ഥാനം നന്നായി നടക്കുന്നുണ്ട്.”
“പിന്നെ എന്താണ് അത് എപ്പോഴും പൂട്ടിയിട്ടിരിക്കുന്നത്?”

“സർ, സത്യത്തിൽ അദ്ദേഹം വീട്ടിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റ ക്ലയന്റ്സ് എല്ലാം വിദേശത്തു നിന്നുമാണ്. വീട്ടിൽ ആണ് പ്രസ്ഥാനം നടത്തുന്നത് എന്ന് പറഞ്ഞാൽ ലൈസൻസ് കിട്ടില്ല. അതുകൊണ്ടാണ് ഒരു കടമുറി വാടകക്കെടുത്ത് ഉൽഘാടനം ഒക്കെ നടത്തിയത്.”

ഇത് തമാശയാണെന്നാണ് ഞാൻ കരുതിയത്. പക്ഷെ ഒരിക്കൽ നാട്ടിൽ ഒരു കൺസൾട്ടൻസി നടത്തുന്നതിനുള്ള ലൈസന്സിങ്ങ് അന്വേഷിച്ചപ്പോൾ എന്നോടും ഇക്കാര്യം ഒരാൾ സൂചിപ്പിച്ചു.

നമ്മുടെ ബിസിനസ്സ് പ്രായോഗികമായി പൊതുസ്ഥലത്ത് ഇരിക്കേണ്ട ഒരു ആവശ്യവുമില്ലെങ്കിലും സാങ്കേതികതയുടെ പേരിൽ നമ്മൾ ഓഫീസ് വാടകയ്‌ക്കെടുക്കേണ്ട അവസ്ഥ.

ഒരു ആവശ്യവുമില്ലാത്ത, മന്ത്രിയുടെ സമയം മാത്രമല്ല പ്രസ്ഥാനം നടത്തുന്നവരുടെ പണവും വെറുതെ കളയുന്ന ചട്ടങ്ങൾ ആണ്. ഇപ്പോൾ അത് മാറുകയാണ് എന്ന് ഞാൻ വായിച്ചു.

ഇനി മുതൽ താമസിക്കുന്ന വീടുകളിൽ ഉൾപ്പടെ സ്ഥാപനങ്ങൾക്ക് ലൈസൻസ് കിട്ടും. വാർത്തകൾ ശരിയാണെങ്കിൽ ലൈസൻസിന് അപേക്ഷിച്ച് അഞ്ചു പ്രവർത്തി ദിവസത്തിനകം ലൈസൻസ് ലഭിച്ചില്ലെങ്കിൽ ലൈസൻസ് ലഭിച്ചതായി കണക്കാക്കി പ്രവർത്തനം ആരംഭിക്കാം. ഇതൊക്കെയാണ് മാറ്റം.

‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്’ ഉൾപ്പടെയുള്ള കാര്യങ്ങൾ ബഹുമാനപ്പെട്ട മന്ത്രിമാർ, രാജീവും (P Rajeev) രാജേഷും (MB Rajesh) സംസാരിക്കുന്നു. ഏറെ സന്തോഷം. കേരളം മാറുകയാണ്.

മുരളി തുമ്മാരുകുടി

Leave a Comment