ശ്രീ. തോമസ് ഐസക്ക് ആണ് എന്നോട് ശ്രീ. ബിജു ബാലകൃഷ്ണനെ വിളിക്കാൻ പറഞ്ഞത്. ആലപ്പുഴയിൽ മലിനജല ശുദ്ധീകരണത്തിന് ഒരു മൊബൈൽ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ചില സാങ്കേതിക ചർച്ചകൾക്കാണ് അന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡിൽ എക്സിക്യൂട്ടിവ് എൻജിനീയർ ആയ ബിജു ബാലകൃഷ്ണനെ ഞാൻ വിളിച്ചത്. ഞാൻ ആലപ്പുഴയിൽ എത്തി, പ്ലാന്റ് കണ്ടു, ബിജുവിനെ പരിചയപെട്ടു സംസാരിച്ചു. പിന്നീടൊരിക്കൽ അദ്ദേഹത്തിൻറെ ഓഫീസിൽ എന്തോ ഒരു ചെറിയ പരിപാടിക്ക് ക്ഷണിച്ചു. അന്നും അദ്ദേഹത്തെ കണ്ട് പരിചയം പുതുക്കി.
സർക്കാർ സംവിധാനങ്ങളുടെ പരിധിയിൽ നിന്ന് കൊണ്ട് സാധിക്കാവുന്നതെല്ലാം ചെയ്യുന്ന ആളും, അതിനപ്പുറം സ്വപ്നം കാണുന്ന ആളുമാണ് ബിജു എന്ന് അന്ന് മനസ്സിലാക്കി. പിന്നീട് കേൾക്കുന്നത് ബിജുവിന്റെ മരണ വാർത്തയാണ്. വലിയ വിഷമം തോന്നി.
ഈ വർഷം ജൂലൈയിൽ നാട്ടിൽ ഉണ്ടെങ്കിൽ ബിജുവിന്റെ അനുസ്മരണ സമ്മേളനത്തിൽ വരണമെന്ന് പറഞ്ഞത് മാതൃഭൂമിയിലെ ബാബു ആണ്. ഉടൻ സമ്മതിച്ചു.
തൃശൂർ എഞ്ചിനീയറിങ്ങ് കോളേജിൽ കെമിക്കൽ എഞ്ചിനീയറിങ്ങ് പഠനത്തിന് ശേഷം ബിനാനിയിലും സി.എം.ആർ.എൽ.ലും ജോലി. അതിനിടെ പാർട്ട് ടൈം ആയി എം ടെക്ക്, പിന്നീട് എഞ്ചിനീയറിങ്ങ് കോളേജുകളിൽ അധ്യാപകൻ. ആ സമയത്താണ് പൊല്യൂഷൻ കൺട്രോൾ ബോർഡിൽ ജോലി കിട്ടുന്നത്. വീണ്ടും എൻവിറോൺമെന്റൽ എൻജിനീയറിങ്ങിൽ അടുത്ത എം ടെക്. ഇങ്ങനെ നിയോഗവും നിർബന്ധവും ആയി ഈ രംഗത്ത് വന്ന ആളാണ് ബിജു. ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തും ഒക്കെ ആയി ആവുന്നത്ര കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച ആളാണ്. ഇതിനോടൊപ്പം സ്‌കൂളുകളിൽ വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്താനുള്ള ക്ലാസുകളും പ്രോജക്ടുകളും വേറെ.
ബിജുവിന്റെ കുടുംബത്തിൽ ഉള്ളവരും സുഹൃത്തുക്കളും സഹപ്രവർത്തകരും ബിജുവുമായി പ്രൊഫഷണൽ ആയി സഹകരിച്ചു പ്രവർത്തിച്ച അധ്യാപകരും എല്ലാമായി വലിയൊരു കൂട്ടം ആളുകൾ പങ്കെടുത്ത ചടങ്ങായിരുന്നു. മുൻ മന്ത്രി ശ്രീ. ജി സുധാകരൻ ആണ് ചടങ്ങ് ഉൽഘാടനം ചെയ്തത്.
1960 കളിൽ കേരളം സാന്പത്തികമായി പിന്നിൽ നിന്നിരുന്ന കാലത്ത് വനനശീകരണവും ഭൂരിഭാഗം വീടുകളിലും കക്കൂസ് പോലും ഇല്ലാത്തതും ആയിരുന്നു നമ്മുടെ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നം. ഇന്നത് മാറി. ഇന്ന് നമ്മുടെ ഉപഭോഗം ആണ് ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നത്. നമ്മുടെ ഉപഭോഗത്തിന്റെ പാദമുദ്രകൾ നമ്മുടെ ചുറ്റും മാത്രമല്ല മറുനാട്ടിലും മറ്റു രാജ്യങ്ങളിലും ഇന്ന് പരിസ്ഥിതി നാശങ്ങൾ ഉണ്ടാക്കുന്നു. അതേസമയം നഗരവൽക്കരണ മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങൾ ഖരമാലിന്യക്കൂന്പാരമായി, കാനകളിലെ മാലിന്യമായി, കൊതുകായി, പനിയായി നമ്മുടെ ആരോഗ്യവും ജീവിതവും കുഴപ്പത്തിൽ ആക്കുന്നു.
എങ്ങനെയാണ് സാന്പത്തിക സാഹചര്യങ്ങൾ വർധിക്കുന്പോഴും പരിസ്ഥിതി നാശം കുറക്കാൻ നമുക്ക് സാധിക്കുന്നത് എന്നതായിരുന്നു പ്രധാനമായും സംസാരിച്ചത്.
ഒരു റോഡപകടത്തിലാണ് ബിജു മരിച്ചത്. അതുകൊണ്ട് തന്നെ കേരളത്തിലെ റോഡ് സുരക്ഷയും സുരക്ഷാ സംസ്‌ക്കാരവും വിഷയമായി.
കുടുംബത്തോട് ദുഃഖം നേരിട്ട് അറിയിച്ചു. ഈ പരിപാടിക്ക് ക്ഷണിച്ചതിലുള്ള നന്ദിയും രേഖപ്പെടുത്തി.
മുരളി തുമ്മാരുകുടി
Leave a Comment