പൊതു വിഭാഗം

ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസ് – മാറ്റം മുകളിൽ മാത്രം അല്ല വേണ്ടത്

കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ തലപ്പത്ത് വീണ്ടും പുതിയ ആൾ വരുന്നു എന്ന് വാർത്ത. ഈ വർഷത്തിൽ ഇത് എത്രാമത്തെ തവണയാണ് ഫയർ ആൻഡ് റെസ്ക്യൂ തലപ്പത്ത് മാറ്റം ഉണ്ടാകുന്നത്?

എനിക്കറിയാവുന്നിടത്തോളം ഇന്ത്യൻ പോലീസ് സർവ്വീസിലുള്ള ഒരു ഉദ്യോഗസ്ഥനാണ് ഈ സ്ഥാനത്തേക്ക് വരാറുളളത്. അത് അത്ര പോപ്പുലർ ആയ ഒരു സ്ഥാനമല്ല എന്ന് തോന്നുന്നു അതുകൊണ്ടു കൂടിയായിരിക്കണം വരുന്നതിനേക്കാൾ വേഗത്തിൽ ആളുകൾ ഇവിടെ നിന്നും മറ്റു സ്ഥാനങ്ങളിലേക്ക് മാറുന്നത്.

ഞാൻ മനസ്സിലാക്കുന്നിടത്തോളം സാങ്കേതികമായി പോലീസ് വകുപ്പിന്റെ ഭാഗമല്ല ഫയർ ആൻഡ് റെസ്ക്യൂ. പക്ഷെ എന്തുകൊണ്ടോ  ഐ പി എസ് ഉദ്യോഗസ്ഥർ മാത്രമാണ് ഇതിന്റെ തലപ്പത്ത് എത്തുന്നത്. ഇങ്ങനെ വരുന്നവർക്ക് ഈ വിഷയത്തിൽ പ്രത്യേക അറിവോ പരിചയമോ പരിശീലനമോ ഉണ്ടാകേണ്ട ആവശ്യമില്ല, പലപ്പോഴും ഉണ്ടാകാറുമില്ല. മുൻപ് പറഞ്ഞത് പോലെ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥർ ആകാൻ ശ്രമിക്കുന്ന ഒരു പൊസിഷനുമല്ല ഫയർ സർവ്വീസ് ചീഫ് എന്നത്. അങ്ങനെ ലൂസ് – ലൂസ് കോമ്പിനേഷൻ ആണ് ഈ വകുപ്പ്.

വാസ്തവത്തിൽ കേരളത്തിൽ ഏറെ പ്രാധാന്യമുണ്ടാകേണ്ട   ഒരു വകുപ്പാണ് ഫയർ ആൻഡ് സേഫ്റ്റി. ഒരു വർഷം കേരളത്തിൽ മുന്നൂറോളം പേരാണ് കൊലചെയ്യപ്പെടുന്നത്. അതിന്റെ ഇരുപത് ഇരട്ടി ആളുകൾ അപകടങ്ങളിൽ മരണപ്പെടുന്നു. അതിന്റെ പത്തിരട്ടിയെങ്കിലും ഗുരുതരമായി പരിക്കേറ്റ് ജീവിതകാലം മുഴുവൻ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുമായി ജീവിക്കുന്നു. അതിലും പല മടങ്ങ് ആളുകൾക്ക് അപകടങ്ങളിൽ പരിക്കേൽക്കുന്നു. സമൂഹത്തിനുണ്ടാകുന്ന സാമൂഹ്യവും സാമ്പത്തികവുമായ നഷ്ടങ്ങൾ ശതകോടികൾ വരും. എന്നാൽ ആയിരങ്ങളെ വർഷാവർഷം കൊല്ലുന്ന ജലസുരക്ഷാ വിഷയങ്ങൾ മുതൽ പതിനായിരങ്ങൾക്ക് അപകടം വരുത്തുന്ന നിർമ്മാണ രംഗത്തെ സുരക്ഷ വരെ കൈകാര്യം ചെയ്യാൻ പ്രൊഫഷണലായ അറിവുള്ള ഒരു സംവിധാനം ഇപ്പോൾ നമുക്കില്ല.

ഇത് മാറ്റിയെടുക്കേണ്ട സമയമായി. ഒരു വർഷം അപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കേരളത്തിൽ ഇപ്പോൾ പതിനായിരത്തിന്റെ അടുത്താണ്. അതായത് 2030 ആകുമ്പോഴേക്കും അമ്പതിനായിരം മലയാളികൾ (അത് നമ്മളിൽ ഒരാൾ ആകാം) അപകടങ്ങളിൽ മരിച്ചിരിക്കും. അത് ഒഴിവാക്കാനുള്ള അറിവും കഴിവും ഉത്തരവാദിത്തവും ഉള്ള ഒരു വകുപ്പിന്റെ ആവശ്യം നമുക്കുണ്ട്. അതിന്റെ കേന്ദ്രമായി പ്രവർത്തിക്കാൻ കഴിവുള്ള ഒന്നാണ് നമ്മുടെ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ്.

ഇപ്പോഴത്തെ സംവിധാനത്തിൽ ഈ വകുപ്പിനും കേരളത്തിലെ സുരക്ഷയ്ക്കും ഒരു ഭാവിയുമില്ല. അതുകൊണ്ടാണ് വർഷാവർഷം ആയിരങ്ങൾ മരിക്കുന്നത്.

  1. കേരളത്തിലെ ജനങ്ങളുടെ സമഗ്രമായ സുരക്ഷാവിഷയങ്ങൾ കൈകാര്യം ചെയ്യാനായി നമുക്ക് ഒരു വകുപ്പ് വേണം. ഇതിൽ റോഡ് സുരക്ഷ, ജല സുരക്ഷ, നിർമ്മാണ സുരക്ഷ, ഫാക്ടറികളിലെ സുരക്ഷ, വൈദ്യുതി സുരക്ഷ, അഗ്നി സുരക്ഷ, റെയിൽ സുരക്ഷ എല്ലാം കൊണ്ടുവരണം.
  2. അപകടം ഉണ്ടാകുമ്പോൾ പ്രതികരിക്കുന്നത് മാത്രമല്ല, അപകടം ഒഴിവാക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടാക്കുക, പരിശീലനങ്ങൾ നൽകുക, അപകടം ഉണ്ടായിക്കഴിഞ്ഞാൽ പ്രൊഫഷണൽ ആയ അന്വേഷണം നടത്തുക ഇതൊക്കെ ഈ വകുപ്പിന്റെ കീഴിൽ ആക്കണം.
  1. കേരളത്തിലെ പ്രധാന വകുപ്പുകളിലെല്ലാം സുരക്ഷയുടെ ഉത്തരവാദിത്തമുള്ള സീനിയർ ഉദ്യോഗസ്‌ഥർ ഉണ്ടാകണം. എല്ലാ വകുപ്പുകളിലും എല്ലാ തലത്തിലും ഉള്ളവർക്ക് സുരക്ഷാ ഉത്തരാദിത്തവും അതിനനുസൃതമായ പരിശീലനവും ലഭ്യമാക്കണം

 

  1. ഇപ്പോഴത്തെ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിനെ കേരള സേഫ്റ്റി ആൻഡ് ഒക്ക്യൂപ്പേഷണൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ആക്കി മാറ്റുക. ഈ വകുപ്പിനെ പോലീസ് വകുപ്പിൽ നിന്നും പൂർണ്ണമായും ഡീ കപ്പിൾ ചെയ്യുക. താഴെ മുതൽ മുകളിൽ വരെ പ്രൊഫഷണലുകൾ ഉള്ള ഒരു വകുപ്പായി ഇത് മാറ്റണം.

 

  1. ഇപ്പോഴത്തെ ഫയർ ആൻഡ് റെസ്ക്യൂ സംവിധാനത്തിൽ ഫയർ സ്റ്റേഷൻ തലം കഴിഞ്ഞാൽ പിന്നെ മുകളിലേക്ക് മാനുഷിക ശേഷി വളരെ ശുഷ്കമാണ്. ഇത് പ്രൊഫഷണലുകളുടെ വളർച്ച തടയുന്നു എന്ന് മാത്രമല്ല സുരക്ഷയെപ്പറ്റി ഉയർന്ന തലത്തിൽ ചിന്തിക്കാൻ കഴിവുള്ള ആളുകൾ ഇല്ലാത്ത സാഹചര്യം കൂടി ഉണ്ടാക്കുന്നു. ആയിരങ്ങളുടെ ജീവൻ രക്ഷപെടുത്താൻ അവസരമുള്ള ഈ വകുപ്പിൽ  ജില്ലാ തലത്തിൽ ഒരു ഡിസ്ട്രിക്ട് ഫയർ ഓഫീസർ മാത്രം ഉണ്ടായാൽ പോര. നമുക്ക് വേണ്ടത് ഒരു ഡിസ്ട്രിക്ട് സേഫ്റ്റി ആൻഡ് ഒക്ക്യൂപ്പേഷണൽ ഹെൽത്ത് ഓഫിസ് ആണ്. അതിൽ ഫയർ സേഫ്റ്റി, കൺസ്ട്രക്ഷൻ സേഫ്റ്റി, ഇൻഡസ്ട്രിയൽ സേഫ്റ്റി, വാട്ടർ സേഫ്റ്റി, ഇലക്ട്രിക്കൽ സേഫ്റ്റി ഇവയ്ക്കൊക്കെ ഡെപ്യൂട്ടിമാർ ഉണ്ടാകണം. അവർ വ്യത്യസ്ത വകുപ്പുകളിലെ സുരക്ഷ ഏകീകരിക്കുന്ന രീതി വേണം.

2026 ലെ പ്രകടനപത്രികയിൽ കേരളത്തിലെ അപകടമരണങ്ങൾ 2030 ആകുമ്പോഴേക്കും 2025 ലേതിൽ നിന്നും അമ്പത് ശതമാനം എങ്കിലും കുറക്കുമെന്നുള്ള ഒരു കമ്മിറ്റ്മെന്റ് വിവിധ പാർട്ടികൾ എടുത്താൽ എത്ര നന്നായിരിക്കും. 25,000 ആളുകളുടെ മരണമാണ് അങ്ങനെ ഒഴിവാക്കാൻ പറ്റുന്നത്. ഇത് സാധ്യമാണ്.

 

മുരളി തുമ്മാരുകുടി

Leave a Comment