ഏതാനും മാസങ്ങൾക്ക് മുൻപ് അംഗൻവാടിയിൽ എത്തിയ ഒരു കുട്ടി ഭക്ഷണമായി പൊരിച്ച കോഴിയും ബിരിയാണിയും ആവശ്യപ്പെട്ടതും സർക്കാർ അത് അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് പറഞ്ഞതും വർത്തയായിരുന്നല്ലോ.
ആ വിഷയത്തിൽ അന്ന് തന്നെ അഭിപ്രായം പറഞ്ഞിരുന്നു. സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകൾക്കും മൂന്നു നേരം ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന, സമൂഹത്തിലെ മിക്ക ആളുകളും പഞ്ഞമാസങ്ങളിൽ എങ്കിലും പട്ടിണി അനുഭവിച്ചിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും ഒറ്റ തലമുറകൊണ്ടാണ് മലയാളികൾ ഭക്ഷ്യസുരക്ഷയിലേക്കും ഭക്ഷ്യസമൃദ്ധിയിലേക്കും കുതിച്ചു കയറിയത്.
അതേ കാലഘട്ടത്തിൽ തന്നെ മലയാളികൾക്ക് കായികമായ അധ്വാനവും വലിയതോതിൽ കുറഞ്ഞു. കൃഷിയിൽ നിന്നും മറ്റു തൊഴിലുകളിലേക്ക് ആളുകൾ മാറി, അധ്വാനമുള്ള തൊഴിലുകൾ ചെയ്യാൻ മറുനാട്ടുകാർ എത്തി, മിക്കവാറും എല്ലാ വീട്ടിലേക്കും റോഡുകളായി, മിക്കവാറും റോഡുകളിൽ ബസുകൾ വന്നു, സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും സർവ്വസാധാരണമായി, തൊഴിലിന്റെ അധ്വാനം കുറയ്ക്കുന്ന യന്ത്രങ്ങൾ പലത് വന്നു.
എന്നാൽ നിർഭാഗ്യവശാൽ ഈ കാലഘട്ടത്തിൽ ആരോഗ്യകരമായ ഒരു ഭക്ഷണ സംസ്കാരമോ വ്യായാമ സംസ്കാരമോ അതിനുള്ള സംവിധാനങ്ങളോ കേരളത്തിൽ ഉണ്ടായില്ല.
അതിന്റെ ഫലം എന്തായി?
ജീവിതശൈലീരോഗങ്ങൾ വളരെ കൂടി. കേരളത്തിലെ ഓരോ പഞ്ചായത്തിലും ഓരോ ഡയാലിസിസ് യൂണിറ്റ് വേണമെന്ന സ്ഥിതിയായി. കേരളത്തിലെ ജനങ്ങളിൽ നാല്പത്തി അഞ്ചു ശതമാനത്തിനും ജീവിതശൈലീരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
ഈ സാഹചര്യം നേരിടാൻ കൂടുതൽ ഡോക്ടർമാരും ആശുപത്രികളും അല്ല, ആരോഗ്യകരമായ ഭക്ഷണശീലവും കൃത്യമായ വ്യായാമവുമാണ് വേണ്ടത്. അത് ചെറുപ്പ കാലത്ത് തന്നെ തുടങ്ങണം. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ചെറുപ്രായത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കണം, വ്യായാമത്തിനുള്ള സംവിധാനങ്ങൾ ഓരോ വാർഡിലും ഉണ്ടാക്കണം.
ഈ കാരണങ്ങൾ കൊണ്ടാണ് കുട്ടിയുടെ ആഗ്രഹം എന്താണെങ്കിലും അംഗൻവാടിയിൽ സ്ഥിരമായി ബിരിയാണിയും പൊരിച്ച കോഴിയും കൊടുക്കുന്നത് നല്ല കാര്യമല്ല എന്ന് അന്ന് ഞാൻ പറഞ്ഞത്. ഇന്നിപ്പോൾ പുതിയ മെനു വന്നിട്ടുണ്ട്. ബിർനാനി മെനുവിൽ ഉണ്ട്, ഭാഗ്യത്തിന് കോഴി ബിരിയാണിയോ പൊരിച്ചോ കോഴിയോ ഇല്ല. ഇക്കാര്യത്തിൽ സർക്കാരിലെ ഡയട്ടീഷ്യന്മാർ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിശ്വാസം. അതുകൊണ്ട് അധികം മസാലക്കൂട്ടുകൾ ചേർത്ത് ആരോഗ്യകരമല്ലാത്ത ഭക്ഷണം ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കുന്നതിന് പകരം മുട്ട പോലെ ആരോഗ്യകരമായ വിഭവങ്ങൾ ഉൾപ്പെടുത്തി അല്പം ആകർഷകമാക്കി കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയാണ് ലക്ഷ്യം എന്ന് കരുതുന്നു. നല്ലത്.
ആരോഗ്യകരമായ ഭക്ഷണം കുട്ടികളുടെ മാത്രം വിഷയമല്ല. നമ്മുടെ ഓരോ വീട്ടിലും ഓരോ നേരത്തും എങ്ങനെയാണ് ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കുന്നത് എന്നതിനെ കൂടി അനുസരിച്ചിരിക്കും നമ്മുടെ ഭാവി ആരോഗ്യം.
അതുകൊണ്ട് തന്നെ ‘What to Eat, How Much to Eat & How to Do It Right’ എന്ന വിഷയത്തിൽ ഗുഡ് ഫുഡ് ഗുരു എന്ന ഗ്രൂപ്പിലുള്ള വിദഗ്ധർ വികസിപ്പിച്ചെടുത്ത ഓൺലൈൻ പരിശീലനം ഞാൻ തീർച്ചയായും റെക്കമൻഡ് ചെയ്യുന്നു. ചെറിയൊരു ഫീസ് ഉണ്ടെങ്കിലും നിങ്ങളുടെ ഭാവിയിലെ ആരോഗ്യ ചിലവ് നോക്കിയാൽ ഇത് നല്ലൊരു നിക്ഷേപമാണ്.
കോഴ്സിന്റെ ലിങ്ക് – https://goodfoodguru.graphy.com/s/pages/gfg-course
കോഴ്സ് തയ്യാറാക്കിയവർക്ക് അഭിനന്ദനങ്ങൾ!
മുരളി തുമ്മാരുകുടി

Leave a Comment