കൊല്ലത്ത് ഒരു പൊതുപരിപാടിയിൽ പങ്കെടുത്തപ്പോൾ അവിടെ പ്ലാസ്റ്റിക്ക് കുപ്പികളിൽ വെള്ളം നൽകിയപ്പോൾ ബഹുമാനപ്പെട്ട മന്ത്രി എം.ബി. രാജേഷ് പരാതിപ്പെട്ടതായി വാർത്ത വായിച്ചു. അത് വർത്തയാകുന്നത് പരിപാടി നടപ്പാക്കിയ സംഘാടകർക്ക് തീർച്ചയായും ബുദ്ധിമുട്ടുണ്ടാക്കുമല്ലോ.
പൊതുവേ സൗമ്യനാണ് ശ്രീ. രാജേഷ്. സംഘാടകരെ ബുദ്ധിമുട്ടിക്കുക അല്ലെങ്കിൽ വിഷമിപ്പിക്കുക അദ്ദേഹത്തിന്റെ ഉദ്ദേശവും രീതിയും അല്ല.
പക്ഷെ കഴിഞ്ഞ മാസവും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബൊക്കെ നൽകിയപ്പോൾ അദ്ദേഹത്തിന് അക്കാര്യം പബ്ലിക്ക് ആയി പറയേണ്ടി വന്നു.
ഇതിൽ കുറ്റം അദ്ദേഹത്തിന്റേതല്ല. കേരളത്തിലെ മാലിന്യനിർമ്മാർജ്ജന പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ആകുന്നതൊക്കെ ചെയ്യുകയും അത് മുന്നിൽ നിന്നു നയിക്കുകയും ചെയ്യുന്ന ഒരാളാണ് അദ്ദേഹം. അപ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങൾക്കും പ്രസംഗങ്ങൾക്കും വിരുദ്ധമായ ഒരു കാര്യം കാണുമ്പോൾ ഒന്നും മിണ്ടാതിരിക്കുന്നത് ശരിയല്ല എന്നദ്ദേഹത്തിന് തോന്നിയെങ്കിൽ അത് പൂർണ്ണമായും ശരിയാണ്. ഇന്നദ്ദേഹം അത് വകവെച്ചു കൊടുത്താൽ നാളെ അതേ ചിത്രങ്ങൾ ഇട്ട് പ്രതിപക്ഷവും മാധ്യമങ്ങളും നാട്ടുകാരും അദ്ദേഹത്തെ കുറ്റപ്പെടുത്തുകയോ ട്രോളുകയോ ചെയ്യും.
ഇനിയെങ്കിലും ബഹുമാനപ്പെട്ട മന്ത്രിയെ ഒരു പരിപാടിക്ക് വിളിക്കുമ്പോൾ സംഘാടകർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
പ്ലാസ്റ്റിക്ക് നിരോധനം എന്ന വിഷയം ഒരു ആഗോള വിഷയമായി വളർത്തിക്കൊണ്ടു വന്നത് ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ ആയിരുന്ന ശ്രീ. എറിക് സോൾഹെയിം ആയിരുന്നു. ഒരു പ്ലാസ്റ്റിക് സ്ട്രോ പോലും ഉപയോഗിക്കാതിരിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
പൊതുപരിപാടികൾക്ക് വിളിക്കുമ്പോൾ എനിക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന പല കാര്യങ്ങളുണ്ട്. അത് ഞാൻ മുൻകൂട്ടി തന്നെ സംഘാടകരോട് പറയാറുണ്ട്. പക്ഷെ നാട്ടിൽ ഒരു രീതിയുള്ളതുകൊണ്ട് മുൻകൂട്ടി പറഞ്ഞാൽ പോലും പലതും പാലിക്കപ്പെടാറില്ല. എന്നാലും ഒരിക്കൽ കൂടി പറയാം.
1. വേദിയിൽ സ്ത്രീ സാന്നിധ്യം ഉണ്ടായിരിക്കണം. ആണുങ്ങൾ മാത്രമുള്ള ‘manel’ലുകളിൽ പങ്കെടുക്കില്ല എന്ന് കമ്മിറ്റ് ചെയ്തിട്ടുള്ളതാണ്. പക്ഷെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരിപാടികളിൽ പോലും ഇപ്പോഴും വേദി മുഴുവൻ ആൺപട ആണ്. വേദിയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ അതിനെപ്പറ്റി പരാതിപ്പെടുന്നത് വിളിച്ച അതിഥികളോടുള്ള അപമര്യാദ ആകും എന്നത് കൊണ്ട് പബ്ലിക്ക് ആയി പറയാറില്ല. പക്ഷെ ആ സംഘാടകർ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകൾക്ക് പിന്നീട് പോകാറില്ല.
2. സമ്മേളനത്തിന് ശേഷം പൊന്നാടയും ഉപഹാരങ്ങളും ഒന്നും വേണ്ട. വീട് ഇത് കൊണ്ട് നിറഞ്ഞു. അതുകൊണ്ട് അതൊക്കെ സാധിക്കുമെങ്കിൽ അറിയാത്ത മട്ടിൽ സമ്മേളന സ്ഥലത്തോ അല്ലെങ്കിൽ താമസ സ്ഥലത്തോ ഉപേക്ഷിച്ചു പോരുന്നതാണ് ഇപ്പോഴത്തെ രീതി. എന്തിനാണ് നിങ്ങൾ അതിനായി പണം കളയുന്നത്.
3. നീട്ടിപ്പിടിച്ചുള്ള സ്വാഗത പ്രസംഗം, പ്രാസംഗികരെ പരിചയപ്പെടുത്തുന്നത് ഉൾപ്പടെ, ഒഴിവാക്കണം. “ഏറെ തിരക്കുകൾക്കിടയിലും പരിപാടിയിൽ പങ്കെടുക്കാൻ സമയം കണ്ടെത്തിയ മുഖ്യാതിഥി” എന്നൊക്കെ പറയുന്നതിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ മുഖ്യാതിഥിയുടെ സമയത്തിന് അല്പം വില കല്പിച്ച് സ്വാഗത പ്രഭാഷണം ഒഴിവാക്കണം. അതുപോലെ തന്നെ സദസ്യർ അറിഞ്ഞിരിക്കേണ്ട മഹാ വ്യക്തിത്വം ആണെന്ന് അഞ്ചു മിനുട്ട് എടുത്ത് സ്ഥാപിക്കേണ്ട കാര്യമില്ല. അറിയപ്പെടേണ്ട ആളാണോ എന്ന് പ്രസംഗം കഴിയുമ്പോൾ ആളുകൾ തീരുമാനിക്കട്ടെ. ആവശ്യം ഉണ്ടെങ്കിൽ അത് കഴിഞ്ഞും ആളുകൾ ഗൂഗിൾ ചെയ്ത് കണ്ടു പിടിച്ചോളും
4. പൊതുപരിപാടികൾക്കു മുൻപുള്ള ഈശ്വര പ്രാർത്ഥന ഒഴിവാക്കാൻ ഞാൻ പറയാറില്ലെങ്കിലും ഒഴിവാക്കുന്നതാണ് നല്ലത് എന്ന അഭിപ്രായമാണുള്ളത്. അതേസമയം ചില കോളേജുകളിൽ സയൻസ് ക്ലബ്ബ് പരിപാടി ഉൽഘാടനം ചെയ്യാൻ പോകുമ്പോൾ ഈശ്വരപ്രാർത്ഥനയോടെ തുടങ്ങുമ്പോൾ രണ്ടുവാക്ക് അതിനെ പറ്റി പറയാതെ പോരുന്നതും അനൗചിത്യമാണ്.
5. കൃത്യസമയത്തിന് പരിപാടി തുടങ്ങുക, ഓരോ അതിഥികളും നിശ്ചയിച്ച സമയത്തിൽ കൂടുതൽ സമയം എടുക്കാതെ ശ്രദ്ധിക്കുക, പറഞ്ഞ സമയത്ത് പരിപാടി അവസാനിപ്പിക്കുക ഇതൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പരിപാടി വൈകി തുടങ്ങിയാൽ എത്ര സമയം വൈകിയോ അത്രയും സമയം ഡിസ്‌കൗണ്ട് ചെയ്തു സംസാരിക്കുക എന്നതാണ് എന്റെ ഇപ്പോഴത്തെ രീതി. ഇത് സമയത്ത് വന്നവരോട് ചെയ്യുന്ന അനീതിയാണ്, പക്ഷെ വേറെ മാർഗ്ഗമില്ല.
മുരളി തുമ്മാരുകുടി

Leave a Comment