പെരിയ ഊര് എന്ന വാക്കിൽ നിന്നാണ് പെരുമ്പാവൂർ ഉണ്ടായതെന്നാണ് ഒരു ഊഹം. അതിന്റെ ശരി എന്താണെങ്കിലും സംഘകാലത്ത് തന്നെ പെരിയ ഊരായിരുന്നു പെരുമ്പാവൂർ എന്നതിന് ചരിത്ര സാക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ആ ഊരിന്റെ സാമ്പത്തിക സാമൂഹ്യ ഉന്നതിയുടെ അടിസ്ഥാനം അതിനടുത്തുകൂടി ഒഴുകുന്ന നദിയായിരുന്നു. പെരിയാർ നദീതട സംസ്കാരത്തിൽ മുന്നിൽ നിന്ന ഒരു നഗരമാണ് പെരുമ്പാവൂർ. ഇതൊക്കെ പഴയ കാര്യം.
ആധുനിക പെരുമ്പാവൂരിലെ ശരാശരി ആളുകളോട് ചോദിച്ചാൽ അവർക്ക് പെരിയാറുമായി ഒരു ബന്ധവുമില്ല. ആലുവ – മൂന്നാർ റോഡും അങ്കമാലി – തിരുവനന്തപുരം എം.സി. റോഡും സന്ധിക്കുന്നു എന്നതാണ് ഇപ്പോൾ പെരുമ്പാവൂരിന്റെ പ്രസക്തിയും പ്രശസ്തിയും. പെരിയാർ ഇപ്പോഴും പെരുമ്പാവൂരിന്റെ തൊട്ടു തന്നെ ഉണ്ട്. പെരുമ്പാവൂർകാർ പോലും അത് ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം.
പെരിയാറിനടുത്ത് പെരുമ്പാവൂരിൽ പബ്ലിക്ക് പാർക്കില്ല. ബോട്ടിങ്ങിനുള്ള സൗകര്യമില്ല. നദിക്കരയിലുള്ള ഒരു റെസ്റ്റോറന്റ് പോലുമില്ല. മിനിമം ഒരു തട്ടുകട? അതുമില്ല! അനവധി സാധ്യതകളാണ് പെരുമ്പാവൂരിനും പെരിയാറിനും ഉള്ളത്. പക്ഷെ പരസ്പരം ബന്ധിക്കാതെ, സാധ്യതകൾ ഉപയോഗിക്കാതെ പെരുമ്പാവൂർ ഒരു വഴിക്ക് വളരുന്നു, പെരിയാർ മറുവഴിക്ക് പോകുന്നു.
മലയാറ്റൂർ മുതൽ താഴേക്ക് ആലുവ വരെ പെരിയാർ ഒഴുകുന്നത് പ്രതിബന്ധങ്ങൾ ഇല്ലാതെയാണ്. അണക്കെട്ടുകളോ ബണ്ടുകളോ ഒന്നുമില്ല. ഇരു കരകളിലും അതിമനോഹരമായ പ്രകൃതി ഇപ്പോഴും ഉണ്ട്, പോരാത്തതിന് പ്രശസ്തമായ പള്ളികളും അമ്പലങ്ങളുമുണ്ട്. ഇവിടെ ടൂറിസം വികസനത്തിന് വലിയ സാധ്യതകൾ ഉണ്ട്, പകൽ ക്രൂയിസ് മുതൽ രാത്രി പുഴയിൽ ചിലവഴിക്കുന്ന ഹൗസ് ബോട്ട് വരെ,.
പെരുമ്പാവൂരിനും ആലുവക്കും ഇടയിൽ ഇപ്പോൾത്തന്നെ ഇവിടെ ഒന്നോ രണ്ടോ റസ്റ്റോറന്റുകൾ ഉണ്ട്. ഇത്തരത്തിൽ അമ്പത് റെസ്റ്റോറന്റുകൾക്കുള്ള സാധ്യത ഇരുവശത്തുമായുണ്ട്. റിസോർട്ടുകളും ഹോം സ്റ്റേകളും ഒക്കെ തുടങ്ങുന്നുണ്ടെങ്കിലും ഇവിടെയും സാധ്യതയുടെ ഒരു ശതമാനം പോലും ഉപയോഗിക്കപ്പെട്ടിട്ടില്ല.
നെടുമ്പാശ്ശേരിയിൽ നിന്നും പെരുമ്പാവൂരിലേക്ക് എളുപ്പവഴിയായി വലത്ത് ഒരു പുതിയ പാലമുണ്ട്. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അതിലൂടെ പോയി. ആ പാലത്തിന് തൊട്ടടുത്ത് പെരുമ്പാവൂർ നഗരസഭയുടെ ഒരു ഹാളും ഗസ്റ്റ് ഹൗസും ഉണ്ട്. ട്രെയിനിങ്ങ് പ്രോഗ്രാമുകളും കൂടിച്ചേരലുകളും ഒക്കെ ചെയ്യാൻ അനുയോജ്യമായ മനോഹരമായ സ്ഥലം, ഒട്ടും തിരക്കും ട്രാഫിക്കും ഇല്ല.
മലയാറ്റൂർ – കാലടി – വല്ലം – പെരുമ്പാവൂർ – ആലുവ മേഖലയുടെ സാമ്പത്തിക സാധ്യതകളുടെ മുഖ്യ സ്രോതസ്സായി ചിന്തിച്ചാൽ അനവധി സാദ്ധ്യതകൾ വേറെയും തെളിഞ്ഞുവരും. നിർഭാഗ്യവശാൽ ഈ പ്രദേശത്തൊക്കെ വികസനം വന്നിരിക്കുന്നത് റോഡരികിലാണ്. അതുകൊണ്ട് തന്നെ നഗരങ്ങൾക്ക് ശ്വാസം മുട്ടുന്നു, റോഡുകളിൽ ആളുകൾ പിതൃസ്മരണ നടത്തുന്നു.
കേരളത്തിലെ വികസന ചിന്തകൾ പലതും നടക്കുന്നത് പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി വഅതിർത്തികൾക്കുള്ളിൽ വച്ചിട്ടാണ്. പലപ്പോഴും നദികൾ ഗ്രാമങ്ങളുടെ, നഗരങ്ങളുടെ, പഞ്ചായത്തുകളുടെ, നിയോജകമണ്ഡലങ്ങളുടെ അതിരുകൾ ആണ്. അതുകൊണ്ടുകൂടിയാണ് നദികളെ കേന്ദ്രീകരിച്ചുള്ള വികസന ചിന്തകൾ ഉണ്ടാകാത്തത്.
അത് മാറണം. പെരിയാർ അതിനുള്ള ഒരു സാധ്യതയാണ്.
മുരളി തുമ്മാരുകുടി


Leave a Comment