പൊതു വിഭാഗം

തുമ്മാരുകുടിയിലെ അമ്മമാർ

ഇന്ന് ഇന്ദിര ചിറ്റമ്മ മരിച്ചു. എന്റെ അമ്മൂമ്മയുടെ അനിയത്തിയുടെ മകൾ ആണ്.

എന്റെ ഏറ്റവും ആദ്യത്തെ സുഹൃത്തിന്റെ, ഇപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളുടെ അമ്മയാണ്. എന്റെ സുഹൃത്തിന്റെ പേരും മുരളി എന്ന് തന്നെയാണ്.

“It takes a village to raise a child” എന്ന് ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട്.

ഒരു കുട്ടി പിറന്നു വീഴുന്നത് ഒരു വീട്ടിൽ ആണെങ്കിലും ആ കുട്ടിക്ക് ചുറ്റുമുള്ള മൊത്തം സമൂഹത്തിന്റെ പിൻബലത്തിലാണ് ഒരു സമൂഹജീവിയായി ആ കുട്ടി വളരുന്നത്.

എന്റെ ചെറുപ്പകാലത്തൊക്കെ ഇത് വളരെ സ്വാഭാവികവും സാധാരണവും ആയിരുന്നു. അടുത്ത വീട്ടിലെ അമ്മമാരുടെ ഒക്കെ ഒരു കണ്ണ് നമ്മുടെ മേൽ എപ്പോഴും കാണും.

ചിറ്റമ്മ കാലടിയിൽ ബ്രഹ്മാനന്ദോദയം സ്‌കൂളിൽ അധ്യാപികയായിരുന്നു. അതുകൊണ്ട് തന്നെ അവധിക്കാലത്ത് മാത്രമേ നാട്ടിൽ ഉണ്ടാകാറുള്ളൂ. ചിറ്റമ്മ നാട്ടിൽ ഉണ്ടെങ്കിൽ മുരളിയും നാട്ടിൽ ഉണ്ട്. മുരളി നാട്ടിൽ ഉണ്ടെങ്കിൽ ഒന്നുകിൽ ഞാൻ അവന്റെ വീട്ടിൽ ഉണ്ട് (എന്റെ തറവാട് കൂടിയാണ് അത്), അല്ലെങ്കിൽ അവൻ എന്റെ വീട്ടിൽ ഉണ്ട്.

വീട് എന്ന് പറഞ്ഞാൽ വീടിനകത്ത് എന്ന് തെറ്റിദ്ധരിക്കരുത്. വീടിന് ചുറ്റുമുള്ള ഏതെങ്കിലും ഒരു പ്രദേശം. അത് തോട്ടിൽ മീൻ പിടിക്കുന്നതാകാം, ആഞ്ഞിലിയുടെ മുകളിൽ ആകാം, മാവിൻ ചുവട്ടിൽ ആകാം.

ഇവിടെയെല്ലാം ഒരു കണ്ണുമായി ഞങ്ങളുടെ അമ്മമാർ. അവർ പ്രത്യേകിച്ച് ലാളനയോ ശാസനയോ ചെയ്യുന്നില്ല. എന്നാൽ എപ്പോൾ വേണമെങ്കിലും എന്തുവേണമെങ്കിലും അവർ ചുറ്റുമുണ്ടെന്ന ഉറപ്പുണ്ട്. ആ ഉറപ്പിന്റെ പുറത്താണ് ഞങ്ങൾ നാട് മുഴുവൻ സ്വാതന്ത്ര്യത്തോടെ നടക്കുന്നത്. ആ ഉറപ്പിന്റെ പുറത്താണ് ഓരോ വീട്ടിലെ അമ്മമാരും സമാധാനമായി ഇരിക്കുന്നത്.

വെങ്ങോലയിൽ അമ്മ കഴിഞ്ഞാൽ സരോജനി ചിറ്റമ്മ, ഭാഗി ചിറ്റമ്മ പിന്നെ ഇന്ദിര ചിറ്റമ്മ… ഇവരാണ് എന്നെ വളർത്തിയ ഗ്രാമത്തിലെ പ്രധാന അമ്മ സംഘം. പത്തു വർഷം മുൻപ് അമ്മയ്ക്ക് എൺപത് വയസ്സായപ്പോൾ ഞാൻ ഈ അമ്മമാരുടെ ചിന്തകളും സ്വപ്നങ്ങളും ഒരു ഡോക്കുമെന്ററി ആയി എടുത്തുവെച്ചു. ഇന്നത് ഞാൻ വീണ്ടും കണ്ടു.

അതിൽ സരോജനി ചിറ്റമ്മ പോയി, ഭാഗി ചിറ്റമ്മ പോയി, ഇപ്പോൾ ഇന്ദിര ചിറ്റമ്മയും.

എന്റെ ചെറുപ്പത്തിൽ എന്റെ വല്യച്ഛന്റെ ഭാര്യ ഒരിക്കൽ പറഞ്ഞ ഒരു വാചകം ഇപ്പോൾ ഞാൻ ഇടക്ക് ഓർക്കാറുണ്ട്.

വലിയച്ഛൻ മരിച്ചതിന് ശേഷം വല്യമ്മക്ക് ജീവിതത്തിൽ വലിയ താല്പര്യം ഒന്നും ഇല്ലാതായി. “എനിക്കിപ്പോൾ ഭൂമിയിൽ ഉള്ളതിൽ കൂടുതൽ ബന്ധുക്കൾ മോളിലുണ്ട്, ഇനി എപ്പോഴാണെന്ന് വെച്ചാൽ അങ്ങോട്ട് പോയാൽ മതി.” അതായിരുന്നു വല്യമ്മയുടെ തത്വശാസ്ത്രം.

പരലോകത്ത് എന്റെ ബന്ധുസംഘവും വലുതാവുകയാണ്. അച്ഛനും വല്യച്ചനും, അമ്മായിമാരും വല്യമ്മമാരും ഒക്കെയായി ഞാനറിയുന്ന എന്നെ അറിയുന്നവരുടെ വലിയൊരു സംഘം !

ഇപ്പോൾ ചിറ്റമ്മയും അവരിലേക്ക് എത്തി. കടന്നു പോകുന്ന കാലം….

മുരളി തുമ്മാരുകുടി

May be an image of 3 people and people smilingMay be an image of 1 person and smiling

Leave a Comment