പൊതു വിഭാഗം

ട്രാൻസ്‌പോർട്ട് ചെക്കറിലൂടെ മേജർ ജനറലിലേക്ക്

മലയാളത്തിലെ ടെലിവിഷൻ ചാനലിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ തന്നെയാണ്. ശ്രീ ഡെന്നിസ് ജോസഫിന്റെ കഥപറച്ചിലിലൂടെയാണ് അതിന്റെ ഫാൻ ആയത്. അദ്ദേഹത്തിന്റെ കഥപറച്ചിലിനോട് ചേർന്ന് നിൽക്കാൻ മറ്റൊന്നിനും ആയില്ലെങ്കിലും മറ്റേതൊരു ചാനലിനേക്കാൾ ഉയർന്നുനിൽക്കാൻ പൊതുവെ ഈ പ്രോഗ്രാമിന് പറ്റുന്നുണ്ട്.

എന്നിരുന്നാലും ഈ പരിപാടി കണ്ടിട്ട് അടുത്തിടെയായി സിനിമക്കാരുടേയും പോലീസുകാരുടെയും അതിപ്രസരമുള്ള പോലെ തോന്നി. ജനങ്ങൾക്ക് കൂടുതൽ ഇഷ്ടപ്പെടുന്നത് ക്രൈമും ഗ്ലാമറും ആയതാകാം കാരണം.

ഇന്നലെ വീണ്ടും ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം കണ്ടു. മേജർ ജനറൽ ജേക്കബ് തരകൻ ചാക്കോ ആണ് കഥ പറയുന്നത്. ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരാളാണ്. പട്ടാളക്കാരൻ ആണെങ്കിലും രണ്ടു ഡസൻ ആളുകളെ കൊന്നതുപോലുള്ള പുളുക്കഥകൾ ഒന്നുമല്ല അദ്ദേഹം പറയുന്നത്. പട്ടാളത്തിന്റെ ചലനത്തിന്റെ അടിസ്ഥാനമായ, എന്നാൽ മാറിനിന്നുനോക്കുന്നവർക്ക് ബോറിങ്ങ് ആയ, ലോജിസ്റ്റിക്സ് ആണ് അദ്ദേഹത്തിന്റെ സ്പെഷ്യാലിറ്റി.

ഏതാണ്ട് എന്റെ സമപ്രായക്കാരൻ ആയിരിക്കണം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ബാല്യകാല അനുഭവങ്ങളിലും ആഗ്രഹങ്ങളിലും ചിന്തകളിലും ഏറെ സമാനത ഉണ്ട്.

എങ്ങനെയാണ് പട്ടാളക്കാരൻ ആകാനുള്ള ആഗ്രഹം ഉണ്ടായത് എന്നുള്ള ചോദ്യത്തിന് അദ്ദേഹം പറയുന്ന ഉത്തരം എന്റെ തലമുറക്ക് മാത്രം മനസ്സിലാകുന്ന ഒന്നാണ്. കാരണം പോലീസ് ഇൻസ്പെക്ടർമാരെപ്പോലെ യൂണിഫോം ഒക്കെ ഉള്ള ട്രാൻസ്‌പോർട്ട് ചെക്കർമാരെ ഇപ്പോഴത്തെ തലമുറക്ക് പരിചയം ഉണ്ടാവില്ല. സാധാരണ ബസ് സ്റ്റോപ്പിൽ അല്ല അവർ നിൽക്കുന്നത്, ചെക്കർമാർ എവിടെ നിൽക്കുന്നുവോ അവിടെ ഏത് ട്രാൻസ്‌പോർട്ട് ബസും നിൽക്കും. അക്കാലത്തെ ട്രാൻസ്‌പോർട്ട് ബസ് ഡ്രൈവർമാർ യാത്രക്കാർ എവിടെ നിൽക്കുന്നുവോ അവിടെ നിന്നും അമ്പത് മീറ്റർ മുന്നിലോ പിന്നിലോ നിർത്തി യാത്രക്കാരെ വലയ്ക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നവരാണ് (അതുകൊണ്ടാണ് പെൻഷൻ കിട്ടാനും കിട്ടാതെയും അന്നത്തെ ട്രാൻസ്‌പോർട്ട് ജീവനക്കാർ നെട്ടോട്ടം ഓടുമ്പോൾ പൊതു സമൂഹം കർമ്മഫലം ആണെന്ന് പറയുന്നത്).

അങ്ങനെ സ്റ്റോപ്പിൽ പോലും ട്രാൻസ്‌പോർട്ട് ബസ് നിർത്താൻ നല്ല നേരം നോക്കേണ്ട കാലത്ത് താൻ നിൽക്കുന്നിടത്ത് വണ്ടി നിർത്തിക്കുന്ന, അടിപൊളി യൂണിഫോം ഇട്ട, ടിക്കറ്റ് ചെക്കറോഡ് ഒരു പയ്യന് ആരാധന തോന്നുന്നതും വളരുമ്പോൾ ആ ജോലി ലഭിക്കണം എന്ന് തോന്നുന്നതും അതിശയമല്ലല്ലോ!. യൂണിഫോമിനോടുള്ള ആ ഇഷ്ടത്തിൽ തുടങ്ങി, സൈനിക് സ്‌കൂളിലെ പരിശീലനങ്ങളിലൂടെ ആണ് അദ്ദേഹം ആർമിയിൽ എത്തുന്നത്.

ആർമിയിലെ ഓഫീസർമാരുടെ ലോകം മലയാളികൾ പൊതുവെ സിനിമയിലാണ് കണ്ടിട്ടുള്ളത്. വമ്പൻ ഓഫീസുകൾ, സുന്ദരിയായ ഭാര്യ, വൈകീട്ടായാൽ പാർട്ടി, എപ്പോഴും കൂടെ എന്തും ചെയ്യാൻ സേവകർ എന്നിങ്ങനെ ഗ്ലാമർ ഉള്ള ജീവിതം.

അതിനപ്പുറത്ത് കഠിന പരിശീലനവും, സ്ഥിരമായ സ്ഥലം മാറ്റങ്ങളും, അതിനോട് ചേർന്നുപോകേണ്ടിവരുന്ന ഭാര്യമാരുടെ കരിയറും, ആളുകളെ മരണത്തിലേക്ക് വരെ നയിക്കാവുന്ന തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നതും ഒക്കെയായി സാധാരണക്കാരായ നമുക്ക് പരിചയമില്ലാത്ത ഒരു ലോകമാണ് ഇദ്ദേഹം കാണിച്ചു തരുന്നത്.

ആദ്യമായി വിമാനത്തിൽ കയറുന്നതിനെ പറ്റിയുള്ള ആവേശം, കാർഗോ പോലുള്ള ഒരു സൈനിക വിമാനത്തിൽ കുഷ്യൻ സീറ്റും സീറ്റ്ബെൽറ്റും ഇല്ലാതെയുള്ള യാത്ര. എയർ ഹോസ്റ്റസിന് പകരം ലോഡ് മാസ്റ്ററുടെ നിർദ്ദേശങ്ങൾ അനുസരിച്ച് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപും ശേഷവും വിമാനത്തിന്റെ മുന്നിലേക്കും പിന്നിലേക്കും മാറിയിരിക്കേണ്ടി വരുന്ന സൈനികരുടെ യാത്ര.

യാതൊരു നാട്യങ്ങളും ഇല്ലാതെ, ഒരു പട്ടാളക്കാരന്റെ അച്ചടക്കത്തോടെ ഇദ്ദേഹം കഥപറയുന്നത് കേട്ടിരിക്കുന്നത് ഏറെ സന്തോഷമുള്ളതാണ്. പരിക്ക് പറ്റിയവരെയും മരിച്ചവരെയും അവരുടെ കുടുംബങ്ങളേയും അദ്ദേഹം കൈകാര്യം ചെയ്യുന്ന മാനുഷികമായ രീതി കണ്ടു മനസ്സിലാക്കേണ്ടതാണ്, മാതൃകാപരമാണ്.

പരമ്പര തുടരുകയാണ്.

മുരളി തുമ്മാരുകുടി

May be an image of 1 person and text that says "“ വേദനിപ്പിച്ച പട്ടാള അനുഭവങ്ങൾ ചരിട്രം എന്നില്ലട്ടെ... 24:39"

Leave a Comment