വോട്ടേഴ്‌സ് ലിസ്റ്റ് ആണല്ലോ ഇപ്പോഴത്തെ ചർച്ചാവിഷയം. അതുകൊണ്ട് ഒരു ജർമ്മൻ വോട്ടേഴ്‌സ് ലിസ്റ്റ് കഥ പറയാം.
അടുത്ത മാസം ഇവിടുത്തെ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പാണ്. അവിടെയും ഇവിടെയും സ്ഥാനാർത്ഥികളുടെ ഫ്ലക്സ് കാണുമ്പോഴാണ് തിരഞ്ഞെടുപ്പാകുന്ന കാര്യം അറിയുന്നത്. മൈക്ക് കെട്ടിവെച്ചുള്ള വാഹനപ്രചാരണങ്ങളും മൈതാന പ്രസംഗങ്ങളും ഒന്നും ഇവിടെയില്ല.
എന്റെ ഒരു സഹപ്രവർത്തക, അവർ മധ്യേഷ്യയിൽ നിന്നുള്ള ആളാണ്. അവർ എന്നോട് പറഞ്ഞു, “ഞാൻ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്” എന്ന്. അവർ ജർമ്മനിയിൽ പൗരത്വം എടുത്തിട്ടില്ല. U N ഉദ്യോഗസ്ഥർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് കേരളത്തിൽ M P യും M L A യും ഒക്കെ ആകുന്ന കാര്യം ആളുകൾ പറയുമ്പോൾ ഞാൻ പഞ്ചായത്തിന്റെ കാര്യം പറയാറുള്ളത്. ആളുകൾ തമാശയായി എടുക്കും, ഞാൻ കട്ട സീരിയസ്.
ജർമ്മനിയിൽ പൗരത്വമില്ലാതെ തന്നെ മുനിസിപ്പാലിറ്റിയിൽ തിരഞ്ഞെടുപ്പിന് നിൽക്കാം എന്നത് എനിക്ക് വാർത്തയായിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലും അവിടുത്തെ പൗരന്മാർ അല്ലെങ്കിലും പാർലമെന്റിലേയ്ക്കും പഞ്ചായത്തിലേയ്ക്കും വോട്ട് ചെയ്യാം എന്നെനിക്ക് അറിയാമായിരുന്നു. സ്വിറ്റ്‌സർലണ്ടിൽ താമസിക്കുന്ന ആളുകളിൽ ടാക്സ് കൊടുക്കുന്നവർക്കെല്ലാം പഞ്ചായത്തിൽ വോട്ടവകാശമുണ്ട്. അത് ന്യായമാണെന്നാണ് എന്റെയും അഭിപ്രായം. ഓരോ പഞ്ചായത്തിലും താമസിക്കുന്നവരാണ് അവിടുത്തെ ഭരണാധികാരിയെ തിരഞ്ഞെടുക്കേണ്ടത്. ഞാൻ ടാക്സ് കൊടുക്കാത്ത ആളായത് കൊണ്ട് സ്വിറ്റ്‌സർലണ്ടിൽ ഒരിക്കലും വോട്ട് ചെയ്യേണ്ടിവന്നിട്ടില്ല.
ഇങ്ങനെ ഒക്കെ ചിന്തിച്ചു വീട്ടിൽ ചെല്ലുമ്പോൾ സിറ്റി കൗൺസിലിൽ നിന്നും ഒരു കടലാസ്സ് വന്നു കിടക്കുന്നു. എഴുത്ത് ജർമ്മനിൽ ആണ്. ഗൂഗിൾ ലെൻസ് വെച്ചു വായിക്കാൻ നോക്കി.
നിങ്ങളെ ഇവിടുത്തെ സിറ്റി കൗൺസിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ ചേർത്തിരിക്കുന്നു. പതിനാലാം തിയതി ആണ് തിരഞ്ഞെടുപ്പ്. നിങ്ങളുടെ ജർമ്മൻ ID കാർഡുമായിവന്നാൽ വോട്ട് ചെയ്യാം. ഇനി അഥവാ മുൻകൂറായി പോസ്റ്റൽ വോട്ട് ചെയ്യണമെങ്കിൽ അതിനൊരു QR കോഡും കൊടുത്തിട്ടുണ്ട്. ഞാൻ ഒന്ന് ഞെട്ടി.
ഇന്ത്യയിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് വരുത്തിക്കിട്ടാൻ ഞാൻ കുറച്ചു കാലമായി ശ്രമിക്കുന്നു. ആധാർ കാർഡ് വേണമെന്നാണ് നാട്ടിലെ പോളിംഗ് ഏജന്റ് പറയുന്നത്. എനിക്കാണെങ്കിൽ ഇത് വരെ ആധാർ ഇല്ല. 2026 ലെ തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ പേര് വരുത്തണമെന്നും പ്ലാൻ ഉണ്ട്. അഥവാ ആരെങ്കിലും സീറ്റ് ഓഫർ ചെയ്താൽ വോട്ടർ പട്ടികയിൽ പേരില്ലാത്തത് കൊണ്ട് മത്സരിക്കാൻ പറ്റാതെ വരരുതല്ലോ! അതുകൊണ്ട് ഇത്തവണ ആധാർ എടുത്തിട്ടേ ഉള്ളൂ കാര്യം.
ഞാൻ ഞെട്ടിയത് അതുകൊണ്ടല്ല. ജർമ്മനിയിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ ഞാൻ ഒരപേക്ഷയും നൽകിയിട്ടില്ല. അപ്പോഴാണ് ഈ-ഗവേർണൻസിലെ അടിസ്ഥാനതത്വം ഓർത്തത്. ഇവിടെ സർക്കാർ ഒരു ഡേറ്റ ഒരാളുടെ അടുത്ത് നിന്നും ഒറ്റ പ്രാവശ്യം മാത്രമേ ചോദിക്കൂ എന്ന്. സർക്കാർ വകുപ്പുകളെല്ലാം പരസ്പരബന്ധിതമാണ്. ആരോഗ്യവകുപ്പിലെ ഡേറ്റ വിദ്യാഭ്യാസ വകുപ്പിന്റെ അടുത്തുമുണ്ട്.
അതായത് ഒരു കുട്ടി ജനിക്കുമ്പോൾ കുട്ടിയുടെ പേരും ജനനത്തീയതിയും അച്ഛനമ്മമാരുടെ പേരും ആശുപത്രിയിൽ കൊടുത്താൽ പിന്നെ കുട്ടിക്ക് സ്‌കൂളിൽ പോകാൻ സമയമാകുമ്പോൾ വിദ്യഭ്യാസ വകുപ്പിലേയ്ക്ക് വേറെ അപേക്ഷ വേണ്ട. കുട്ടിയ്ക്ക് പതിനെട്ട് വയസ്സാകുമ്പോൾ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ വേറെ അപേക്ഷയും വേണ്ട. ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടാൻ അതിന് മുൻപുള്ള ഒരു സർട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല.
ഞാൻ ഇവിടെ വന്നപ്പോൾ സിറ്റിയിൽ അഡ്ഡ്രസ്സ് രജിസ്റ്റർ ചെയ്തിരുന്നു. തിരഞ്ഞെടുപ്പായപ്പോൾ അവർ ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്നെ വോട്ടേഴ്‌സ് ലിസ്റ്റിൽ പെടുത്തി. അത്രേ ഉള്ളൂ കാര്യം. വോട്ടു ചെയ്യുന്നതും ചെയ്യാത്തതും ഒക്കെ റോസീടെ ഇഷ്ടം.
മുരളി തുമ്മാരുകുടി
Leave a Comment