ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പറ്റി ചർച്ചകൾ നടക്കുന്നു. ഹൈക്കോടതി വരെ കാര്യത്തിൽ ഇടപെടുന്നു. നല്ല കാര്യം. നാലു വർഷമായി ഈ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ട്. അതിനിടയിൽ നടപടി എടുക്കാമായിരുന്ന അനവധി കാര്യങ്ങൾ ഉണ്ട്. അതിന് റിപ്പോർട്ട് പുറത്തു വിടേണ്ട കാര്യമോ ഇരകളുടെ സ്വകാര്യതയുടെ പ്രശ്നമോ ഉണ്ടായിരുന്നില്ല. ഉത്തരവാദിത്തപ്പെട്ടവർ മനസ് വെച്ചാൽ മാത്രം മതിയായിരുന്നു.
ഇപ്പോൾ പൊതുജന ശ്രദ്ധയും കോടതിയുടെ ഇടപെടലും ഉണ്ടായത് കൊണ്ട് എന്തെങ്കിലും നടക്കുമെന്ന് ആഗ്രഹിക്കാം. പ്രതീക്ഷ പക്ഷെ അധികമില്ല. കാരണം ഇവിടെ ഇതിനു മുൻപും ഇത്തരത്തിലുള്ള റിപ്പോർട്ടുകളും കണ്ടെത്തലുകളും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് പ്രൊഫ. മീനാക്ഷി ഗോപിനാഥ് കമ്മിറ്റി റിപ്പോർട്ട്. കേരളത്തിലെ കാമ്പസുകളിലെ ലിംഗസമത്വം പഠിക്കാൻ നിയമിച്ച കമ്മിറ്റി.
കേരളത്തിലെ കാമ്പസുകളിൽ സ്ത്രീകൾ (വിദ്യാർത്ഥികളും യുവതികളായ അധ്യാപകരും അടങ്ങിയ) നേരിടുന്ന പ്രശ്നങ്ങളിൽ വളരെ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. വായിക്കേണ്ട അനവധി കാര്യങ്ങൾ ഉണ്ട്. അവയിൽ അതിപ്രധാനമായ ചില ഭാഗങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.
നമ്മുടെ കാമ്പസുകളിൽ വിദ്യാർത്ഥിനികൾക്കും യുവതികളായ ഗവേഷകർക്കും അധ്യാപകർക്കും നേരെ പലതരത്തിലുള്ള ഉപദ്രവങ്ങൾ നടക്കുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്.
2015 ൽ യു.ഡി.എഫ്. ഭരണകാലത്താണ് റിപ്പോർട്ട് സമർപ്പിച്ചത്. യു.ഡി.എഫ്. പോയി എൽ. ഡി.എഫ്. വന്നു. അതിന് ശേഷം മന്ത്രിസഭകൾ പലത് വന്നു. സ്ത്രീകളായ വൈസ് ചാൻസലർമാർ വന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് നിന്ന് തന്നെ ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രി ഉണ്ടായി.
കേരളത്തിലെ ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകൾ പലതുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അധികാര സ്ഥാനങ്ങളിൽ ഉള്ളവരെ – പ്രത്യേകിച്ചും സ്ത്രീകളെ കാണുമ്പോൾ ഞാൻ ഈ റിപ്പോർട്ടിനെ പറ്റി പറയും. ആരെങ്കിലും ഇത് വായിച്ചിട്ടുണ്ടോ? പലരും ഇത് കേട്ടിട്ട് കൂടി ഇല്ല. അതിന്റെ ലിങ്ക് – https://www.kshec.kerala.gov.in/images/docs/samagati.pdf
ഈ കമ്മിറ്റി റിപ്പോർട്ട് കമ്മീഷൻ ചെയ്ത ഹയർ എഡ്യൂക്കേഷൻ കൗൺസലിന്റെ വെബ്‌സൈറ്റിൽ എന്തെങ്കിലും നടപടി എടുത്തതിന്റെ ഒരു റിപ്പോർട്ടും ഇല്ല.
നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും ധാരാളം കുട്ടികൾ വിദേശത്തേക്ക് പോകുന്നതിന് അനവധി കാരണങ്ങളുണ്ട്. അതിലൊന്ന് നമ്മുടെ കാമ്പസുകൾ സ്ത്രീകൾക്ക് ഒട്ടും സൗഹൃദമല്ല എന്നതാണ്. (ഇത് ക്യാമ്പസിന് പുറത്തുള്ള യാഥാർത്ഥ്യത്തിന്റെ പ്രതിഫലനം കൂടി ആണ്).
പത്തു വർഷം ആകുന്നു. ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്ന കാലത്ത് കുറച്ചുപേരെങ്കിലും ഇതും കൂടി വായിച്ചാൽ നന്നായിരുന്നു.
മുരളി തുമ്മാരുകുടി
Leave a Comment