പൊതു വിഭാഗം

ഗ്രാമം നഗരമാകുമ്പോൾ ….

കേരളത്തിലെ ജനസംഖ്യയിൽ 71 ശതമാനവും നഗരങ്ങളിലാണ് ജീവിക്കുന്നതെന്ന് വാർത്തയും ചാർട്ടും കണ്ടു. അല്പം അതിശയം തോന്നി.

ഇത് കണ്ടപ്പോൾ ഞാൻ മനസ്സിലാക്കിയത് കേരളത്തിലെ ജനങ്ങളിൽ നൂറിൽ 71 പേരും  ഇപ്പോൾ ആറു മെട്രോ നഗരങ്ങളിലോ 87 മുനിസിപ്പാലിറ്റികളിലോ ആണ് ജീവിക്കുന്നത് എന്നാണ്. നഗരവൽക്കരണത്തിന്റെ ശതമാനം 2011ൽ 47 ആയിരുന്നു. അതായത് നൂറിൽ 47 പേരും നഗരങ്ങളിൽ എന്ന്. അപ്പോൾ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ജനസംഖ്യയിൽ നാലിലൊന്നു പേരും ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് എത്തിയിരിക്കണം. ഇതെന്നെ അല്പം അമ്പരപ്പിച്ചു. കാരണം ഇത് കേരളത്തിൽ പ്രത്യക്ഷത്തിൽ കാണുന്നില്ല. ഗ്രാമങ്ങളിൽ ആളുകൾ കുറയുന്നുണ്ടെന്നും നഗരങ്ങളിൽ കൂടുന്നുണ്ടെന്നതും സത്യമാണ്. എന്നാൽ ഇത്ര വലിയതോതിലുള്ള കുടിയേറ്റമൊന്നും ഞാൻ കാണുന്നില്ല.

സംശയം തീർക്കാൻ ഞാൻ അവസാനം ലഭ്യമായ സെൻസസ് എടുത്തു നോക്കി. മൊത്തം ജനസംഖ്യ 334 ലക്ഷം ആയിരുന്നു. അന്നത്തെ ‘അർബൻ പോപ്പുലേഷൻ’ 47.7% ആയിരുന്നു. അതായത് 158 ലക്ഷം. ആറു മുനിസിപ്പൽ കോർപ്പറേഷനുകളും 87  മുനിസിപ്പാലിറ്റികളും കൂടി നോക്കി. അന്നത്തെ ജനസംഖ്യ 76 ലക്ഷമാണ്. അതായത് മുനിസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഒക്കെയായി ജീവിക്കുന്നവർ സത്യത്തിൽ 22 % ആണ്, ജനസംഖ്യയുടെ നാലിലൊന്ന്.

പിന്നെങ്ങനെയാണ് 47 % അർബൻ പോപ്പുലേഷൻ ഉണ്ടായത്? ഈ അർബൻ കണക്ക് ‘സെൻസസ് ടൗൺ’ എന്നൊരു സങ്കൽപ്പത്തിൽനിന്നും ഉണ്ടായതാണ്. അയ്യായിരത്തിൽ കൂടുതൽ ജനസംഖ്യ ഉള്ളതും ചതുരശ്ര കിലോമീറ്ററിൽ നാനൂറിൽ കൂടുതൽ ആളുകൾ താമസിക്കുന്നതും അതിൽ തന്നെ 75 ശതമാനം ആളുകളും കൃഷി അല്ലാതെ തൊഴിൽ ചെയ്യുന്നതുമായ പ്രദേശത്തെ ആണ് സെൻസസ് ടൗൺ ആയി കണക്കാക്കുന്നത്.

കേരളത്തിലെ ശരാശരി ജനസംഖ്യ 2011 ലെ കണക്കനുസരിച്ച് തന്നെ ചതുരശ്ര കിലോമീറ്ററിൽ 860 ആണ് (ഗ്രാമവും നഗരവും ഒരുമിച്ചുകൂട്ടിയാലും). അപ്പോൾ കേരളത്തിലെ മിക്കവാറും ഗ്രാമങ്ങൾ ജനസംഖ്യാ കണക്കിനുസരിച്ച് നഗരമാകാൻ റെഡിയാണ്. പിന്നെയുള്ളത് തൊഴിലാണ്, പുതിയ തലമുറ കൃഷി ചെയ്യുന്നില്ല എന്നതും പഴയ തലമുറ കൃഷി ഉപേക്ഷിക്കുന്നു എന്നതും പ്രത്യക്ഷമായ കാഴ്ചയാണ്.

അപ്പോൾ നമ്മുടെ നഗരവൽക്കരണം നിൽക്കുന്നിടത്ത് നിന്നുള്ള നഗരവൽക്കരണം ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കുറച്ച് ആളുകൾ ഗ്രാമം വിട്ടു നഗരങ്ങളിൽ എത്തുന്നുണ്ടെങ്കിലും പ്രധാനമായും സംഭവിക്കുന്നത് കൃഷി ഒരു തൊഴിൽ അല്ലാതാകുന്നു എന്നതാണ്.

2036 ആകുന്നതോടെ കേരളത്തിൽ 96 ശതമാനവും നഗരവൽക്കരണം ആകുമെന്നാണ് എകണോമിക്ക് സർവേ പറയുന്നത്. സത്യത്തിൽ നമ്മുടെ നഗരത്തിൽ ആളുകൾ കൂടും എന്നല്ല, കൃഷി ഒരു തൊഴിലായി ഇല്ലാതാകും എന്നാണ് ഇത് അർത്ഥമാക്കുന്നത്. അതൊരു നല്ല കാര്യമാണ്.

ഞാൻ ചുമ്മാ പേടിച്ചു !!

മുരളി തുമ്മാരുകുടി

(ലഭ്യമായ കണക്കുകൾ വെച്ച് ഞാൻ മനസ്സിലാക്കിയ കാര്യമാണ്. ഈ കാര്യത്തിൽ, ജനസംഖ്യ വിദഗ്ദ്ധരോ നഗരാസൂത്രണ വിദഗ്ദ്ധരോ ഉണ്ടെങ്കിൽ അവരുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്).May be a graphic of map and text that says "Ladakh 29.6% J&K 30% Percentage of Urban Population during the Year 2021 10.3% Punjsb 41.1% Rajasthan 26.3% Sikkim 44.9% Uttar Pradesh 23.7% Gujarat 47.7% Bihar 12.1% Assam 15.3% Madhya Pradesh 28.8% Nagaland 42.9% 20.6% DYHDO 78.8% Manigur 31.9% Tepииa 37% Chrantiagart Odisha 18.5% Maharashtra 48% Mizaram 54.5% Telangana 46.1% GoD 73.7% Karnataka Anchra 35.3% AGN blands 43% Lakshadweep 96.8% Tamil Nadu 52.8% Kerala 71% Puducherry 69.9% India 34.5% Source: Handbook fUrban Statistics 2022 sublished 10.3% မ် ยื้ 40.1% 69.9% 99.7% the National Institute fUrban ofUrbanAffairs( Affairs (NIUA) Createdby Aravind Varier"

Leave a Comment