കേരളത്തിലെ ആരോഗ്യരംഗം വീണ്ടും ചർച്ചയിലാണ്.
ഇത്തവണ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം തലവനായ ഡോക്ടർ ഹാരിസ് നടത്തിയ ചില തുറന്നു പറച്ചിലുകളുടെ സാഹചര്യത്തിലാണ് ഈ ചർച്ച വരുന്നത്.
ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റും അതിന് ശേഷം മാധ്യമങ്ങളുമായി നടത്തിയ ഇന്റെറാക്ഷനുകളും ശ്രദ്ധിച്ചു. തികച്ചും ആത്മാർത്ഥതയുള്ള ഒരാളായിട്ടാണ് തോന്നിയത്.
കേരളത്തിലെ സർക്കാർ മേഖലയിലുള്ള ആരോഗ്യരംഗവുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന ഒരാളാണ് ഞാൻ. എന്റെ അനവധി സുഹൃത്തുക്കൾ സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരായി ഉണ്ട്. എന്റെയും അടുത്ത കുടുംബാംഗങ്ങളുടെയും ഉൾപ്പെടെ ചികിത്സയ്ക്കായി ഞാൻ ഇപ്പോഴും സർക്കാർ ആശുപത്രികളെ ആശ്രയിക്കാറുണ്ട്. പെരുമ്പാവൂർ താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സ്ഥാപനങ്ങളിൽ പലപ്പോഴും പോകാറുമുണ്ട്.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 1973 ൽ ഒരു വലിയ അപകടത്തിൽ പെട്ട് എന്റെ വലിയച്ഛൻ എറണാകുളം ആശുപത്രിയിൽ അബോധാവസ്ഥയിൽ മാസങ്ങളോളം കിടന്ന ഓർമ്മ എനിക്കുണ്ട്. കഴിഞ്ഞ വർഷം അമ്മയുടെ ഒരു സർജറി അതേ ആശുപത്രിയിലാണ് നടന്നത്.
ഈ പരിചയത്തിന്റെയും അനുഭവങ്ങളുടേയും വെളിച്ചത്തിൽ ഈ വിഷയത്തിൽ എന്റെ അഭിപ്രായം പറയാം.
1. കേരളത്തിലെ സർക്കാർ ആരോഗ്യ സംവിധാനങ്ങളിൽ അതിശയകരമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങളിലും ആരോഗ്യ സൂചികകളിലും അത് വ്യക്തവുമാണ്. മുൻപും ഇപ്പോഴും സർക്കാർ ആശുപത്രികളിൽ പോയിട്ടുള്ളവർക്ക് ഇക്കാര്യം കൂടുതൽ വ്യക്തമാകും.
2. ഇതിനർത്ഥം നമ്മുടെ ആരോഗ്യരംഗത്ത് പ്രശ്നങ്ങൾ ഇല്ല എന്നല്ല. കേരളത്തിന്റെ സർക്കാർ ആരോഗ്യമേഖലയിൽ ഇപ്പോഴും പരിമിതികൾ ഏറെയുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ, മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യതയുടെ, മരുന്നിന്റെ ലഭ്യതയുടെ, ആവശ്യത്തിന് ഡോക്ടർമാരുടെ, ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ എന്നിങ്ങനെ പലതും.
3. ഇതിന്റെ അടിസ്ഥാനപരമായ കാരണം സാമ്പത്തികം തന്നെയാണ്. ഒരു വികസ്വരരാജ്യ സമ്പദ്‌വ്യവസ്ഥക്ക് സാധ്യമായ ആരോഗ്യരംഗത്തെ നിക്ഷേപവും ചിലവും കൊണ്ടാണ് വികസിത രാജ്യങ്ങളിൽ ലഭ്യമാകുന്ന ചികിത്സകൾ നൽകാനും ആരോഗ്യ സൂചികകൾ നേടാനും നമ്മുടെ സംവിധാനം ശ്രമിക്കുന്നത്. അത് എളുപ്പമുള്ള കാര്യമല്ല. കോട്ടങ്ങളും കുറവുകളും ഉണ്ടാകും.
4. വിഷയം സാമ്പത്തികം മാത്രമല്ല. പണം ലഭ്യമായിരിക്കുമ്പോൾ തന്നെ നമ്മുടെ സർക്കാർ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥ മേധാവിത്വ രീതികളും അത് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണവും സാവധാനവും ആക്കുന്നു. ആരോഗ്യ രംഗത്ത് ചിലവാക്കേണ്ട സമയം സീനിയർ ഡോക്ടർമാർ ഫയലുകൾ നീക്കാനും ഉത്തരം പറയാനും ചെലവാക്കേണ്ടി വരുന്നു. സഹികെട്ട് ചിലരെങ്കിലും അത് പുറത്തു പറയാൻ നിർബന്ധിതരാകുന്നു.
5. ഏറ്റവും പുതിയ മെഡിക്കൽ കോളേജുകൾ അല്ലാത്ത, മറ്റു സർക്കാർ മെഡിക്കൽ സ്ഥാപനങ്ങൾ ഒന്നും ഒരു മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയവയല്ല, മറിച്ച് ഓർഗാനിക് ആയി വളർന്നവയാണ്. അതുകൊണ്ട് തന്നെ വിവിധ ഡിപ്പാർട്മെന്റുകൾ തമ്മിലുള്ള ഭൗതികമായ ദൂരവും പ്രൊസീജിയറുകളുടെ സംയോജനവും വേണ്ടത്ര യുക്തിസഹമായിട്ടില്ല. അതിന്റെ ഭാഗമായി ആശുപത്രിയിൽ എത്തുന്നവരും, പ്രത്യേകിച്ച് കൂട്ടിരുപ്പുകാരും വലയുന്നു. മരുന്ന് വാങ്ങാനുള്ള നൂലാമാലകളെ പറ്റി ഷിബു കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു. അത്തരം കാര്യങ്ങൾ ഒട്ടും അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ ഒഴിവാക്കാവുന്നതാണ്.
6. ഈ കോട്ടങ്ങളും കുറവുകളും നിലനിൽക്കുമ്പോൾ തന്നെ കേരളത്തിലെ ആരോഗ്യരംഗം നേടിയിട്ടുള്ള നേട്ടങ്ങളും, കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സമീപകാലത്തുണ്ടായ വിസ്മയകരമായ പുരോഗതിയും ഞാൻ കാണുന്നുണ്ട്. നമ്മുടെ ആശുപത്രി കെട്ടിടങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഭാഷയിൽ പറഞ്ഞാൽ ‘വേറെ ലെവൽ’ ആണ്. പലയിടത്തും ഇത് സാധ്യമായത് കിഫ്‌ബി പദ്ധതികൾ കൊണ്ടാണ് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇതേ കിഫ്‌ബിയെ ആണ് ആളുകൾ വിമർശിക്കുന്നത് എന്നത് വിരോധാഭാസമാണ്.
7. കെട്ടിടങ്ങളിൽ മാത്രമല്ല മാറ്റം ഉണ്ടായിരിക്കുന്നത്. ആശുപത്രികളിലെ ശുചിത്വം, ഉപകരണങ്ങൾ, രോഗികൾക്കുള്ള ഇരിപ്പിടങ്ങൾ, ബെഡുകൾ എല്ലാം പഴയകാലത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്. ഭൂതക്കണ്ണാടിവെച്ച് നോക്കിയാൽ ഇപ്പോഴും അസൗകര്യങ്ങൾ കാണാം എന്നിരുന്നാലും മൊത്തത്തിൽ നോക്കിയാൽ ഇവിടെ ഒരു പുരോഗതിയും ഇല്ല എന്ന് കാണാൻ ‘ഖേരള’ത്തിൽ ഉള്ളവർക്കേ പറ്റൂ.
8. ഏറ്റവും സങ്കീർണ്ണമായ ശസ്ത്രക്രിയകൾ പോലും ഇപ്പോൾ സർക്കാർ ആശുപത്രികളിൽ നടക്കുന്നുണ്ട്. അതിന്റെ ചിലവുകൾ ആകട്ടെ നാമമാത്രവും. ബ്രെയിൻ ഹെമറേജ് ബാധിച്ച് തിരുവനന്തപുരത്തെ സർക്കാർ ആശുപത്രിയിൽ എത്തിയ ഒരു സുഹൃത്ത് എനിക്കുണ്ട്. ഒരു മാസത്തിലേറെ സമയമെയെടുത്ത ചികിത്സക്ക് ശേഷം അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവന്നു. ഇതേ ചികിത്സകൾ പുറത്തുള്ള ആശുപത്രിയിൽ ലഭിച്ച ഒരാൾക്ക് അൻപത് ലക്ഷത്തിലധികം തുക ചിലവായി എന്നാണ് എന്റെ സുഹൃത്ത് പറഞ്ഞത്. സർക്കാർ ആശുപത്രിയിലെ ചിലവ് ഒരു ലക്ഷം പോലും ആയതുമില്ല. ഇതൊക്കെ ആർക്കും അന്വേഷിച്ചറിയാവുന്ന ദൈനംദിന യാഥാർത്ഥ്യങ്ങളാണ്.
9. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ചിലവ് തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവാണ്. എന്നാൽ സ്വകാര്യ ആശുപത്രികൾക്ക് അവരുടെ നിക്ഷേപത്തിനുള്ള റിട്ടേൺ രോഗികളിൽ നിന്നും ഈടാക്കിയേ പറ്റൂ. അതുകൊണ്ട് തന്നെ ആധുനിക ചികിത്സ ചെലവേറിയതാണ്. റോഡപകടവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞ കാര്യമുണ്ട്. ഒരു വലിയ അപകടത്തിൽ പെട്ട് ഒരാൾ ആശുപത്രിയിൽ എത്തിയാൽ രണ്ടാഴ്ചക്കകം ഏകദേശം ഇരുപതു ലക്ഷത്തിനും മുപ്പതുലക്ഷത്തിനും ഇടയിൽ പണം ചിലവാകും. ഒരുപാട് ആളുകൾക്കും ഇപ്പോഴും ഹെൽത്ത് ഇൻഷുറൻസ് ഇല്ല. രണ്ടാഴ്ച കൊണ്ട് ഒരു മിഡിൽ ക്ലാസ് കുടുംബത്തിന് ലഭ്യമായ കരുതൽ സാമ്പത്തികത്തിനപ്പുറത്തേക്ക് ചികിത്സയുടെ ചെലവ് കടക്കും. കേരളത്തിലെ സർക്കാർ ആരോഗ്യസംവിധാനങ്ങളിലെ തിരക്ക് കൂടിക്കൊണ്ടേ ഇരിക്കുന്നതിന്റെ കാരണം ആരോഗ്യരംഗത്ത് വർധിച്ചു വരുന്ന ചിലവാണ്.
10. വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും ആയി അനവധി നാടുകളിലെ ആരോഗ്യസംവിധാനം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അതി സമ്പന്നമായ ബ്രൂണേയും സ്വിറ്റ്‌സർലാൻഡും പോലുള്ള രാജ്യങ്ങളിൽ ജീവിച്ചിട്ടുമുണ്ട്. ജർമ്മനിയിലെ ആരോഗ്യ രംഗവും പൊതുവെ മെച്ചപ്പെട്ടതാണ്. എന്നാൽ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉള്ള ആരോഗ്യസംവിധാനങ്ങൾ കോർത്തിണക്കി ഏതൊരു സാധാരണക്കാരനും ആധുനിക ചികിത്സ സാധ്യമാക്കുന്നൊരു സംവിധാനം ഇത്രയും കുറഞ്ഞ വിഭവങ്ങളുള്ള സമ്പദ്‌വ്യവസ്ഥയുടെ പരിമിതികളിൽ നിന്നുകൊണ്ട് സാധ്യമാക്കുന്ന മറ്റൊരു സ്ഥലം ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല. അതിന്റെ പേരിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ മുതൽ മുകളിലുള്ള വകുപ്പും മന്ത്രിയും വരെ അഭിനന്ദനം അർഹിക്കുന്നവർ തന്നെയാണ്.
11. ഇതെനിക്ക് ഒരു തത്വശാസ്ത്രം മാത്രമല്ല. ലോകത്തെവിടെയും ഉള്ള ഏറ്റവും മികച്ച ആരോഗ്യസംവിധാനങ്ങൾ ഉപയോഗിക്കാനുള്ള ഇൻഷുറൻസ് പരിരക്ഷ എനിക്കുണ്ട്. പക്ഷെ ആരോഗ്യപരിപാലനത്തിനുള്ള ചെക്കപ്പിനും ചികിത്സയ്ക്കും ഞാൻ ഇപ്പോഴും ആശ്രയിക്കുന്നത് കേരളത്തിലെ സർക്കാരിലും സ്വകാര്യത്തിലും ഉള്ള ആരോഗ്യസംവിധാനങ്ങളെ തന്നെയാണ്. എന്റെ സുഹൃത്തുക്കൾ അവിടെ ഉള്ളതോ, അവിടെ എനിക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതോ അല്ല അതിന് കാരണം. ന്യായമായ വേഗതയിൽ ഡോക്ടർമാരെ കാണാൻ സാധിക്കുന്നു എന്നതും, ടെസ്റ്റുകളും സ്കാനിങ്ങുകളും നടത്താൻ ആഴ്‌ചകൾ കാത്തിരിക്കേണ്ട എന്നതും, മറ്റു രാജ്യങ്ങളെക്കാൾ പതിന്മടങ്ങ് രോഗികളെ കാണുന്നതിനാൽ അതിവേഗതയിൽ നമ്മുടെ യഥാർത്ഥ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കേരളത്തിലെ ഡോക്ടർമാർക്ക് സാധിക്കുന്നു എന്നതുമാണ് ഇതിന് അടിസ്ഥാന കാരണം. ഇതെന്റെ മാത്രം അനുഭവമല്ല. ആയിരക്കണക്കിന് രോഗികൾ ആഫ്രിക്കയിൽ നിന്നും മധ്യേഷ്യയിൽ നിന്നും നമ്മുടെ ഏറ്റവും ചിലവേറിയ ആശുപത്രികളിൽ പോലും എത്തുന്നത് മറ്റൊന്നും കൊണ്ടുമല്ല.
12. നമ്മുടെ ആരോഗ്യ രംഗത്തിന്റെ മേന്മയും നമ്മൾ നടത്തുന്ന പുരോഗതിയും കാണാനും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കാനും അഭിനന്ദിക്കാനും നമ്മൾ പൊതുവെ സമയം കണ്ടെത്താറില്ല. അതേസമയം ഇവിടുത്തെ ചെറിയ കുറ്റങ്ങൾ പോലും പർവ്വതീകരിച്ചുകൊണ്ട് ആരോഗ്യ സംവിധാനങ്ങളെ താറടിക്കാൻ തിരക്കാണ് താനും. ഇപ്പോൾ ആത്മാർത്ഥതയുള്ള ഒരു ഡോക്ടർ സഹികെട്ട് നടത്തിയ ഒരു തുറന്നുപറച്ചിൽ അവസരമാക്കി കേരളത്തിലെ ആരോഗ്യരംഗത്തെ മൊത്തം മോശമാക്കി ചിത്രീകരിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ആളുകളെ നമുക്ക് കാണാം. ഇതിൽ യഥാർത്ഥത്തിൽ നമ്മുടെ ആരോഗ്യരംഗം നന്നാകണമെന്ന് ആഗ്രഹിക്കുന്നവർ മുതൽ കേരളത്തെ പറ്റി എന്തെങ്കിലും കുറ്റം പറയാൻ നോക്കിയിരിക്കുന്നവർ വരെ ഉണ്ട്.
13. വിമർശകരുടെ ഉദ്ദേശം എന്തായാലും ഇപ്പോൾ നടക്കുന്ന ചർച്ചകൾ നമ്മുടെ ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെടുത്താനാണ് നമ്മൾ ഉപയോഗിക്കേണ്ടത്. ഇതിനെ ഒരു ഡോക്ടറിലേക്കോ, ഒരാശുപത്രിയിലേക്കോ, രാഷ്ട്രീയത്തിലേക്കോ ചുരുക്കുന്നത് ഒരു വലിയ അവസരം നഷ്ടപ്പെടുത്തലാണ്.
14. നമ്മുടെ ആരോഗ്യരംഗത്തെ മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്നതിനുള്ള ഉദ്യോഗസ്ഥ മേധാവിത്വ നൂലാമാലകൾ എങ്ങനെയാണ് കുറയ്ക്കാൻ സാധിക്കുന്നത്? ചട്ടങ്ങൾ പാലിക്കാതിരുന്നാൽ ഡോക്ടർമാരും ഉദ്യോഗസ്ഥരും അഴിമതി ആരോപണങ്ങൾ നേരിടുകയും പെൻഷൻ വാങ്ങാൻ ബുദ്ധിമുട്ടുകയും ചെയ്യും. എന്നാൽ ചട്ടങ്ങൾ സങ്കീർണ്ണമാക്കിയാൽ പണമുണ്ടെങ്കിലും കാര്യം നടക്കാതെ വരും. എങ്ങനെയാണ് ഇത് മാറ്റാൻ സാധിക്കുന്നത്?സർക്കാറിന് അകത്തുള്ളവർക്കുള്ള ഒരു നല്ല ബിസിനസ്സ് പ്രോസസ്സ് ഇമ്പ്രൂവ്മെന്റ് പ്രോജക്റ്റ് ആണിത്. യുവ ഐ.എ.എസ്. – കെ.എ.എസ്സുകാർക്ക് ഒരു കൈ നോക്കാവുന്നതാണ്.
15. നമ്മുടെ ആശുപത്രികളിൽ എത്തുന്നവർക്ക് കൃത്യമായ നിർദ്ദേശങ്ങൾ എങ്ങനെയാണ് നല്കാൻ സാധിക്കുന്നത്? മുന്ന ഭായ് എം.ബി.ബി.എസ്. എന്ന ചിത്രത്തിൽ മകൻ മരിച്ചതറിയാതെ ആശുപത്രിയിൽ എത്താൻ പോകുന്ന അമ്മയോട് “ഫോം ഫിൽ ചെയ്യാൻ പറയരുത്” എന്ന് മുന്നാ ഭായ് പറയുന്ന ഒരു രംഗമുണ്ട്. ഒരു വശത്ത് നമ്മുടെ ആശുപത്രികളിൽ വിവിധ വകുപ്പുകളുടെ നടപടിക്രമങ്ങൾ സംയോജിപ്പിക്കുന്ന യുക്തിസഹമായ ഒരു സംവിധാനം വരണം. അതിൽ കംപ്യൂട്ടറൈസേഷൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സാദ്ധ്യതകൾ ആലോചിക്കണം. ഇതെല്ലാം നമ്മുടെ മാനേജ്‌മെന്റ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ ആക്കി കൊടുക്കാവുന്നതേ ഉള്ളൂ.
16. ആശുപത്രികളിൽ ആദ്യമായി എത്തുന്നവരെ സഹായിക്കാൻ ആശുപത്രിയുടെ ലെ ഔട്ടും ചട്ടങ്ങളും അറിയാവുന്ന ഒരു സന്നദ്ധ സേന ഉണ്ടായാൽ വളരെ നന്നാകുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവരെ സഹായിക്കാൻ ഓരോ ആശുപത്രികൾക്കും ഒരു ആപ്പ് ഉണ്ടാക്കാം. നമ്മുടെ വിദ്യാർത്ഥികളിൽ ഇപ്പോൾ നല്ല സന്നദ്ധ മനോഭാവം ഉണ്ട്. കേരളത്തിലെ നാഷണൽ സർവീസ് സ്‌കീം മുഖാന്തിരമോ മറ്റു സന്നദ്ധ സംഘടനകളുമായി ചേർന്നോ ഇത്തരം ഒരു വോളണ്ടീയർ സംവിധാനം നമ്മുടെ വലിയ ആശുപത്രികളിലെങ്കിലും ഉണ്ടാക്കിയാൽ ആളുകൾക്ക് സഹായകരമാകും, ആരോഗ്യപ്രവർത്തകരുടെ സമയം കൂടുതൽ നല്ലകാര്യങ്ങൾക്ക് ഉപയോഗിക്കാം, ആശുപത്രിയുടെ നടത്തിപ്പ് കൂടുതൽ എളുപ്പത്തിലാക്കാം. പരാതികൾ കാര്യമായി കുറയുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് നമ്മുടെ ആരോഗ്യരംഗം മനസിലാകുക മാത്രമല്ല നാട്ടിലും വിദേശത്തും ഉന്നത പഠനത്തിന് പോകുമ്പോൾ അവരുടെ ബയോഡേറ്റയിൽ ചേർക്കാൻ നല്ല ഒരു എക്സ്പീരിയൻസും ആയിമാറും ഇത്.
17. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ചിലവ് വളരെ കുറവാണെന്ന് പറഞ്ഞല്ലോ. ചികിത്സ ലഭിക്കുന്നവരിൽ നല്ല ശതമാനത്തിനും ന്യായമായ പണം കൊടുക്കാനുള്ള വരുമാനവും താല്പര്യവും ഉണ്ടാകും. പക്ഷെ ഇപ്പോൾ അത്തരത്തിൽ പണം കൊടുക്കുന്നത് എളുപ്പമല്ല. ഇത്തരത്തിൽ സ്വന്തം ഇഷ്ടപ്രകാരം ആണെങ്കിൽ പോലും ആശുപത്രികൾക്ക് പണം നൽകാനുള്ള സംവിധാനവും അത് കാര്യക്ഷമമായി ആശുപത്രിയിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള രീതികളും ഉണ്ടാക്കിയാൽ അതും വളരെ സഹായകരമാകും. ഇത്തരത്തിൽ ഒരു സംവിധാനം ഒരിക്കൽ ബജറ്റിൽ നിർദ്ദേശിച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ, പക്ഷെ ഇത് വേണ്ടത്ര വ്യാപകമായി നടപ്പിലാക്കിയിട്ടില്ല. എങ്ങനെയാണ് ഇത് ഫാസ്റ്റ് ട്രാക്ക് ചെയ്യുന്നത്?
18. രണ്ടാം പിണറായി സർക്കാരിലെ പുതിയ മന്ത്രിമാരിൽ ഏറ്റവും കൂടുതൽ ഓഡിറ്റ് ചെയ്യപ്പെടുന്നത് ആരോഗ്യമന്ത്രിയായ ശ്രീമതി വീണ ജോർജ്ജ് ആണ്. അതിന് പല കാരണങ്ങളുണ്ട്. മാധ്യമരംഗത്ത് നിന്നും വളർന്നു വന്നതിനാൽ ആ രംഗത്തുള്ളവരുടെ ‘സൂക്ഷ്മപരിശോധന’ അതിനൊരു കാരണമാണ്. എന്നിട്ടും ഈ വിമർശനങ്ങൾക്ക് നടുവിലും നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ മുന്നിൽ നിന്നും നയിക്കുന്നതിനോടൊപ്പം ഈ വിഷയത്തിൽ ഉൾപ്പെടെ വളരെ പക്വമായ നിലപാടാണ് ബഹുമാനപ്പെട്ട മന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഡോക്ടർ ഉയർത്തിയ വിഷയത്തിന് പരിഹാരം കണ്ടതിനോടൊപ്പം ഇത്തരം സാഹചര്യങ്ങളെ പറ്റി പഠിക്കാൻ ആളുകളെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. നമ്മുടെ ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെട്ടതാകുക തന്നെ ചെയ്യും.
ഈ വിഷയത്തിൽ വിമർശനങ്ങൾ നമ്മൾ ഏറെ കേട്ട് കഴിഞ്ഞു. അതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യ രംഗം, പ്രത്യേകിച്ച് സർക്കാർ സംവിധാനങ്ങൾ, എങ്ങനെ കൂടുതൽ ഫലപ്രദമാക്കാം എന്ന് നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കൂ.
മുരളി തുമ്മാരുകുടി
Leave a Comment