പൊതു വിഭാഗം

കേരളം: ഫുൾ എ+

ജൂൺ – ജൂലൈ മാസങ്ങളിൽ അവധിക്ക് നാട്ടിലെത്തിയാൽ ഒരു പ്രധാന പരിപാടി ഫുൾ എ പ്ലസ് കിട്ടിയ വിദ്യർത്ഥികളെ അനുമോദിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുക എന്നതാണ്. ഇത്തവണയും പതിവ് തെറ്റിയില്ല, പക്ഷെ അല്പം വ്യത്യസ്ഥമായിരുന്നു.

സാധാരണ റെസിഡൻ്റ് അസോസ്സിയേഷൻ, കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ബാങ്ക് ജീവനക്കാരുടെ സംഘടന എന്നിവരുടെ ആഭിമുഖ്യത്തിൽ ആ സംഘങ്ങളിൽ പെട്ടവർക്കാണ് അവാർഡ് നൽകുക. സാധാരണഗതിയിൽ ഇതരസംസ്ഥാനതൊഴിലാളികളുടെ കുട്ടികൾ അവരിൽ ഉണ്ടാകാറില്ല.

അതുകൊണ്ടുതന്നെ ഇത്തവണ നാട്ടിൽ വന്നപ്പോൾ എറണാകുളം ജില്ലയിലെ സ്‌കൂളുകളിൽ പഠിക്കുന്ന ഇതരസംസ്ഥാന വിദ്യാർത്ഥികളിൽ ഫുൾ എപ്ലസ് ലഭിച്ചവർ എത്രയുണ്ടെന്ന് അന്വേഷിച്ചു.

Samagra Shiksha Kerala യും Centre for Migration and Inclusive Development വേഗം വിവരം ലഭ്യമാക്കി.

അസ്സാം മുതൽ തമിഴ്നാട് വരെ പത്തു സംസ്ഥാനങ്ങളിൽ നിന്നുള്ള 26 കുട്ടികൾക്ക് പത്തിലും പന്ത്രണ്ടിലുമായി ഫുൾ എ പ്ലസ് ലഭിച്ചിട്ടുണ്ട്. ഇന്ന് അവരെ കണ്ടു, പരിചയപ്പെട്ടു, സംസാരിച്ചു. ഇവരിൽ കേരളത്തിൽ ജനിച്ചുവളർന്നവർ മുതൽ നാലു വർഷം മുൻപ് കേരളത്തിൽ എത്തിയവർ വരെ ഉണ്ട്.

എല്ലാവരും മലയാളത്തിൽ 100% ഫ്ലുവൻ്റ് ആണ്. അവരോട് മലയാളത്തിൽ സംവദിക്കുന്നത് ആനന്ദമാണ്, അഭിമാനമാണ്.

അധികവും പെൺകുട്ടികളാണ്, ഇത് മലയാളി വിദ്യാർത്ഥികളിലും.

തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ, മലയാളം പഠിക്കാനുള്ള എളുപ്പം കൊണ്ടാകണം.

കുട്ടികളുടെ രക്ഷിതാക്കളും വന്നിരുന്നു. തികച്ചും സാധാരണക്കാരായ, അഞ്ചുമുതൽ 25 വർഷം വരെയായി കേരളത്തിൽ ജോലി ചെയ്യുന്നവർ.

കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയും അവിടെ ഏതൊരു സാധാരണക്കാരനും സൗജന്യവും സാർവത്രികവുമായി ലഭ്യമായ വിദ്യാഭ്യാസത്തെപ്പറ്റിയും രക്ഷിതാക്കൾക്ക് വലിയ മതിപ്പാണ്. പലരും കേരളത്തിലേക്ക് ജോലിതേടി എത്തിയതുതന്നെ കുട്ടികളുടെ വിദ്യാഭ്യാസ സാധ്യതകൾ കൂടി മനസ്സിലാക്കിയിട്ടാണ്. കേരളത്തിൽ ‘ഖേരളം’ മാത്രം കാണുന്നവർ ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ ഫുൾ എ പ്ലസ് കിട്ടുന്നത് കേരളത്തിന് കൂടിയാണ്.

കുട്ടികൾ ഏറെയും കേരളത്തിൽ തന്നെ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവരാണ്. സി എ മുതൽ അധ്യാപന ജോലി വരെ ആഗ്രഹിക്കുന്നവർ.

മിടുക്കരാണെങ്കിലും എൻട്രൻസ് കോച്ചിംഗ് ഒക്കെ അവർക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറത്താണ്. ഇതരസംസ്ഥാനതൊഴിലാളികളെ ജോലിക്കുവെക്കുന്ന സ്ഥാപനങ്ങളോ കോച്ചിംഗ് സെൻ്ററുകളോ ഒന്നു മനസ്സുവെച്ചാൽ ഇവർക്ക് സൗജന്യമായോ ചുരുങ്ങിയ ചിലവിലോ പരിശീലനം നൽകാൻ കഴിയും.

അവർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകാനുള്ള ഒരു പ്രോഗ്രാം ഇന്ന് Govt Girls High School Perumbavoor ൽ നടത്തി. പ്രിൻസിപ്പാളിൻ്റേയും ഹെഡ്മാസ്റ്ററുടേയും മറ്റദ്ധ്യാപകരുടേയും പൂർണ്ണ പിന്തുണയും സഹകരണവും പ്രശംസനീയമാണ്. മലയാളം എഴുതാനോ വായിക്കാനോ അറിയാതെ സ്കൂളിൽ എത്തിയവരിൽ അഞ്ചുപേർക്ക് മലയാളം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഫുൾ എ പ്ലസ് നേടാനായതിൻ്റെ അഭിമാനം ചെറുതല്ല.

വളരെ ചെറിയ നോട്ടീസിൽ പ്ലാൻ ചെയ്തതാണെങ്കിലും Perumbavoor Municipality യും പൂർണ്ണ പിന്തുണ നൽകി. ചെയർമാൻ ശ്രീ Paul Pathickal പരിപാടി ഉൽഘാടനം ചെയ്തു. രണ്ടു മണിക്കൂർ വിദ്യാർത്ഥികളോടൊപ്പം ചിലവഴിച്ചു.

വിദ്യാഭ്യാസ വകുപ്പിൽനിന്നും കോതമംഗലത്തെ ആക്ടിംഗ് ഡി.ഇ.ഓ.യും വെങ്ങോലക്കാരനുമായ ശ്രീ. സജീവൻ എത്തിയത് സന്തോഷമായി.

SSK യുടെ ഭാഗമായ സ്പെഷ്യൽ അദ്ധ്യാപകരാണ് CMID സംഘത്തോടൊപ്പം ചേർന്ന് എല്ലാ അറേഞ്ച്മെൻ്റുകളും ഒരുക്കിയത്. നന്ദി!

നന്ദി പറയേണ്ടവർ വേറെയും ഉണ്ട്. തുമ്മാരുകുടി ഫൗണ്ടേഷൻ കൈകാര്യം ചെയ്യുന്ന എൻ്റെ സഹോദരൻ Sasikumar Thummarukudy ഉൾപ്പടെ.

Benoy Peter ആണ് ഇതിനെല്ലാം പിന്നിലും മുന്നിലും നിന്നത്. നന്ദി!

കുറച്ചു ചിത്രങ്ങൾ പങ്കുവെക്കുന്നു.

കുട്ടികളുമായി സംവദിക്കുന്ന വീഡിയോ അടുത്ത ദിവസം ചേർക്കാം

അടുത്ത വർഷം കേരളത്തിലാകെ ഈ പരിപാടി വ്യാപിപ്പിക്കണമെന്നും ഈ കുട്ടികൾക്ക് കൃത്യമായ മെൻ്ററിംഗ് നൽകണമെന്നും മനസ്സിൽ കണ്ടു.

കേരളത്തിൻ്റേയും മലയാളത്തിൻ്റേയും ഭാവി ഇവർ കൂടി ഉൾപ്പെട്ടതാണ്.

മുരളി തുമ്മാരുകുടി

V Sivankutty
Chief Minister’s Office, Kerala

May be an image of 11 people and textMay be an image of 10 people, flute, temple, dais and textMay be an image of 6 people, dais and textMay be an image of 12 people, violin, flute, speaker, dais and text

Leave a Comment