ജില്ലാ കളക്ടറുടെ ‘വ്യാപകമായ അധികാരങ്ങളെ’യും അതിൻറെ കൊളോണിയൽ കണക്ഷനെയും പറ്റി ഒരിക്കൽ ഞാൻ എഴുതിയിട്ടുണ്ട്. അന്ന് തന്നെ വിദ്യാലയങ്ങളിൽ അവധി പ്രഖ്യാപിക്കുന്ന ഉത്തരവാദിത്തം ജില്ലാ കളക്ടറിൽ ആയിരിക്കുന്നത് ശരിയായ കാര്യമല്ല എന്ന് ഞാൻ പറഞ്ഞിരുന്നു. ഇന്നിപ്പോൾ ഒരു കളക്ടർ ആ ഉത്തരവാദിത്തം സ്കൂൾ തലത്തിലേക്ക് കൈമാറിയപ്പോൾ ഉള്ള വാർത്ത നോക്കൂ.
“കനത്ത മഴ പെയ്തിട്ടും ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാതെ ആ ചുമതല പ്രധാന അധ്യാപകരുടെ ചുമലിൽ കെട്ടിവച്ചതിൽ കലക്ടർക്കെതിരെ പ്രതിഷേധം.”
ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ ‘നിരുത്തരവാദമായി’ പെരുമാറി എന്നാണ് റിപ്പോർട്ട്. എന്തൊരു കഷ്ടമാണ്.
ഈ ദുരന്തനിവാരണ അതോറിറ്റി ഉണ്ടാകുന്നതിന് മുൻപ് തന്നെ കലക്ടർമാരുടെ അവധി പ്രഖ്യാപിക്കൽ തുടങ്ങിയതാണ്. അപ്പോൾ ദുരന്തനിവാരണ ചാർജ്ജുള്ള ആൾ അവധി പ്രഖ്യാപിച്ചില്ല എന്നതൊന്നുമല്ല വിഷയം. ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രധാന അധ്യാപകർ തയ്യാറല്ല എന്നതാണ്.
ഒരു സ്കൂൾ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നും, അവിടുത്തെ വിദ്യാർത്ഥികൾ എവിടെ നിന്നെല്ലാമാണ് വരുന്നതെന്നും, സ്കൂളിന്റെ അവസ്ഥ എന്താണെന്നും നന്നായി അറിയുന്നത് പ്രധാന അധ്യാപകനാണ്. ആ വിഷയത്തിൽ ഏറ്റവും ശരിയായ തീരുമാനമെടുക്കാൻ സാധിക്കുന്നതും അവർക്കാണ്. ആ ഉത്തരവാദിത്തം എടുത്തു ശീലിക്കാത്തത് കൊണ്ടാണ് ബുദ്ധിമുട്ട് തോന്നുന്നത്. അങ്ങനെ ഒരിക്കൽ തീരുമാനമെടുത്താൽ പിന്നീടങ്ങോട്ട് ശീലമായിക്കോളും.
കളക്ടറുടെ തീരുമാനം ശരിയായിരുന്നു എന്നാണ് എൻറെ അഭിപ്രായം.
മുരളി തുമ്മാരുകുടി
Leave a Comment