കാടിനെ, അതിലെ മുഴുവൻ ജീവജാലങ്ങളേയും, സംരക്ഷിക്കുക എന്ന ഉത്തരവാദിത്തമാണ് വനം വകുപ്പിനുള്ളത്. കേരളത്തിൽ അവർ അത് ‘കർശനമായി’ നടപ്പിലാക്കുന്നുമുണ്ട്. ശ്രീ. ജോസഫ് സർ അദ്ദേഹത്തിന്റെ ‘ചരിത്രം എന്നിലൂടെ’ എന്ന ടി.വി. പരിപാടിയിൽ ജയിലിലെ ഓർമ്മകൾ പങ്കുവെച്ചപ്പോൾ പറഞ്ഞത് ജയിലിൽ എത്തിക്കപ്പെടുന്ന തടവുകാരിൽ ഏറ്റവും കൂടുൽ മർദ്ദനം ഏറ്റിട്ട് വരുന്നത് ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നവരാണ് എന്നാണ്.
ഈ മർദ്ദനം ‘വനം സംരക്ഷിക്കാനാണ്’ എന്നായിരിക്കും ഫോറസ്റ്റ് വകുപ്പിലുള്ളവർ ചിന്തിക്കുന്നത്. പക്ഷെ ആത്യതിന്തികമായി വനത്തെ സംരക്ഷിക്കുന്നത് വനം വകുപ്പ് അല്ല, വനത്തിനകത്തും പുറത്തും ജീവിക്കുന്ന മനുഷ്യരാണ്. അവർക്ക് വനത്തിനോട് സ്നേഹം ഉണ്ടെങ്കിൽ മാത്രമേ സുസ്ഥിരമായ വനസംരക്ഷണം സാധ്യമാകൂ.
കാടും അതിലെ ജീവജാലങ്ങളും വനവാസികളും, ചുറ്റുമുള്ള സമൂഹവും, മനുഷ്യകുലവും തമ്മിലുള്ള പാരസ്പര്യം ചുറ്റുമുള്ള സമൂഹത്തെ മനസ്സിലാക്കുന്നതാണ് അതിനുള്ള ഒന്നാമത്തെ ചുവട്. നമ്മുടെ കാടുകളുടെ മനോഹാരിത അടുത്ത തലമുറക്ക് കാട്ടിക്കൊടുക്കുക എന്നതാണ് അടുത്ത പടി. നമ്മുടെ കാട്ടിലുള്ള ജൈവജാലങ്ങളുടെ സമ്പത്ത്, നമ്മുടെ ആവാസവ്യവസ്ഥ എന്ന സമ്പത്ത്, ജലസ്രോതസ്സുകളുടെ സംരക്ഷണം, കാലാവസ്ഥ നിയന്ത്രണം, പ്രകൃതിദുരന്തങ്ങൾ നിയന്ത്രിക്കൽ എന്നിങ്ങനെ എത്രയോ രീതികളിൽ വനങ്ങൾ നമ്മെ സമ്പന്നമാക്കുന്നു എന്ന് മനസ്സിലാക്കുകയും മനസ്സിലാക്കിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.
അതിനു പകരം വനത്തിന് ചുറ്റും മതിലുകെട്ടിയും അതിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചും വനവാസികളേയും ചുറ്റുമുള്ള സമൂഹത്തെയും വനത്തിന്റെ ശത്രുവായിക്കണ്ടുകൊണ്ടുള്ള ‘വനസംരക്ഷണം’ ദീർഘവീക്ഷണമില്ലാത്തതാണ്, കൊളോണിയൽ നയങ്ങളുടെ തുടർച്ചയാണ്, ഈ കാലഘട്ടത്തിന് ചേരാത്തതാണ്, അശാസ്ത്രീയമാണ്, ഉറപ്പായും ഇന്നല്ലെങ്കിൽ നാളെ പരാജയപ്പെടുന്നതുമാണ്.
മുരളി തുമ്മാരുകുടി

Leave a Comment