കട്ടപ്പനയിൽ ഹോട്ടലിന് മുന്നിലെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ മൂന്നു മറുനാടൻ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു എന്ന വാർത്ത വായിക്കുന്നു.
മാലിന്യ ടാങ്കുകളും ഉപയോഗശൂന്യമായി കിടക്കുന്ന കിണറുകളും ഓടകളും ഒക്കെ വൃത്തിയാക്കാൻ ഇറങ്ങുന്നവർ മരിക്കുന്ന സംഭവം ഇത് ആദ്യമായിട്ടല്ല കേരളത്തിൽ സംഭവിക്കുന്നത്.
കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിൽ എത്ര പേർ ഇത്തരത്തിൽ മരിച്ചിട്ടുണ്ട്?
ആർക്കറിയാം ?
ആരെങ്കിലും കണക്ക് സൂക്ഷിക്കുന്നുണ്ടോ?
ഏത് വകുപ്പിനാണ് ഇതിന്റെ ഉത്തരവാദിത്തം?
അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറയണം.
കാരണം നൂറു ശതമാനം ഒഴിവാക്കാവുന്ന അപകടം ആണിത്.
മാലിന്യ ടാങ്കുകളോ ഓടകളോ ഇന്ധന ടാങ്കുകളോ എന്തുമാകട്ടെ അകത്തേക്ക് പോകാനും പുറത്തിറങ്ങാനും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് ‘അപകടം പിടിച്ച’ ജോലി ആണെന്ന് എല്ലാവർക്കും അറിയാം.
പക്ഷെ അതിന്റെ അർത്ഥം അതിനിടയിൽ നടക്കുന്ന അപകടങ്ങൾ ‘വിധി’ ആയി എടുക്കണം എന്നല്ല. മറിച്ച്, അപകടസാദ്ധ്യതകൾ പരമാവധി കുറക്കാനുള്ള മുൻകരുതലുകൾ എടുക്കുക, ഈ തൊഴിൽ ചെയ്യുന്നവർക്ക് പരിശീലനം നൽകുക, വ്യക്തിസുരക്ഷാ ഉപകരണങ്ങൾ നൽകുക, ഇത്തരം സ്ഥലത്തേക്ക് മനുഷ്യർ ഇറങ്ങുന്നതിന് മുൻപ് പണിസ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനകൾ നടത്തുക, ഈ ജോലി ചെയ്യുന്നത് പരിശീലനം ലഭിച്ച തൊഴിലാളികൾ ആണെന്ന് ഉറപ്പു വരുത്തുക, ജോലിക്ക് മേൽനോട്ടം വഹിക്കാൻ പരിശീലനം ലഭിച്ചതും പരിചയ സമ്പന്നരുമായ സുരക്ഷാ വിദഗ്ദ്ധർ ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഇത്രയൊക്കെ ചെയ്തിട്ടും അപകടം ഉണ്ടായാൽ ആളുകളെ രക്ഷിക്കാനും പ്രഥമ ശുശ്രൂഷ നൽകാനുമുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കുക. ഇത്തരത്തിൽ ഉള്ള ഓരോ ജോലിയും ചെയ്യുന്നതിന് മുൻപ് അത് പ്ലാൻ ചെയ്ത് അതിന് ഒരു ‘പെർമിറ്റ് ടു വർക്ക്’ എടുത്ത് അതനുസരിച്ച് മാത്രം ജോലി ചെയ്യുക.
ഈ തരത്തിൽ സുരക്ഷിതമായി ജോലി ചെയ്യുന്നതിന് ‘confined space entry’ പരിശീലിപ്പിക്കുന്ന കോഴ്‌സുകൾ അനവധി ഉണ്ട്. ഗൾഫിൽ ജോലി ചെയ്യുന്നവർക്ക് ഇത്തരം കോഴ്‌സുകൾ നിർബന്ധമാണ്. അവർക്ക് വേണ്ടിത്തന്നെ ഇത്തരം കോഴ്‌സുകൾ കൊച്ചിയിൽ നടത്തപ്പെടുന്നുണ്ട്.
ഇത്തരത്തിലുള്ള ജോലിസ്ഥലം സുരക്ഷിതമാക്കാനുള്ള ഗ്യാസ് മോണിറ്ററുകൾ ലഭ്യമാണ്. ആദ്യം സൂപ്പർവൈസർ ശാസ്ത്രീയമായി പരിശോധിച്ച് സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നു. പോരാത്തതിന് കൺഫൈൻഡ് സ്പേസിൽ ഇറങ്ങുന്ന ഓരോരുത്തരുടെയും വസ്ത്രത്തിൽ ഒരു ചെറിയ ഗ്യാസ് മീറ്റർ ഘടിപ്പിക്കുന്നു. ഇത്തരം ഗ്യാസ് മീറ്ററുകളും കേരളത്തിൽ ലഭ്യമാണ്.
കൺഫൈൻഡ് സ്പേസ് എൻട്രിയിൽ വർക്ക് ചെയ്യുന്നത് മുൻകരുതലും പരിശീലനവും വേണ്ടാതായതിനാൽത്തന്നെ ആ രംഗത്ത് പരിശീലനം ലഭിച്ച തൊഴിലാളികൾക്ക് നല്ല ഡിമാൻഡ് ഉണ്ട്, അതനുസരിച്ച് ശമ്പളവും.
കൺഫൈൻസ് സ്പേസ് എൻട്രി മേൽനോട്ടം വഹിക്കുന്ന സൂപ്പർവൈസർമാർക്കും നല്ല ഡിമാൻഡ് ഉണ്ട്. അതുകൊണ്ട് കൺഫൈൻഡ് സ്പേസ് എൻട്രി അല്പം ചിലവുള്ള കാര്യമാണ്.
ഇവിടെയാണ് നമ്മൾ എളുപ്പവഴിയിൽ ക്രിയ ചെയ്യുന്നത്.
മൂന്നോ നാലോ ഇതരസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കുക. മറ്റാരും ശ്രദ്ധിക്കാത്ത സമയത്ത് അവരെ ഇറക്കി വിടുക. അവർക്ക് ഈ വിഷയത്തിൽ പരിശീലനം ഉണ്ടോ, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉണ്ടോ എന്നൊന്നും ആരും ശ്രദ്ധിക്കാറില്ല എന്നതോ പോകട്ടെ, എന്ത് പരിശീലനമാണ് വേണ്ടതെന്നോ ഏതു വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ആണ് ലഭ്യമായതെന്നോ അറിവുള്ളവർ പോലും അടുത്തൊന്നും ഉണ്ടാകില്ല. മിക്കപ്പോഴും അപകടം ഒന്നുമില്ലാതെ പണിനടക്കും. എല്ലാവർക്കും സന്തോഷം.
ചിലപ്പോൾ പണി പാളും. ആളുകൾ അപകടത്തിൽ പെടും, മരിക്കും. കുറച്ച് മാധ്യമ ശ്രദ്ധയും സർക്കാർ നടപടികളും ഉണ്ടാകും. പക്ഷെ മരിച്ചത് ഇതരസംസ്ഥാന തൊഴിലാളികൾ ആണെങ്കിൽ അതിനൊന്നും വലിയ ആയുസ്സ് ഉണ്ടാകില്ല. ഒന്നോ രണ്ടോ ലക്ഷം രൂപ മരിച്ചവരുടെ കുടുംബത്തിന് കൊടുത്തു, കാര്യം കഴിഞ്ഞു. അടുത്ത അപകടം വരെ…
കഷ്ടം എന്താണെന്ന് വച്ചാൽ നമ്മൾ വിജ്ഞാന സമ്പദ് വ്യവസ്ഥ ആണ്, നാലാം വ്യവസായ വിപ്ലവമാണ്, ഇത്തരത്തിൽ അപകടം പിടിച്ച ജോലികൾ ചെയ്യാൻ മനുഷ്യരെ മാറ്റി റോബോട്ട് വരുത്തണം എന്നൊക്കെ നമ്മൾ സെമിനാറുകളിൽ പറയും. കേരളത്തിൽ ഇത്തരത്തിൽ റോബോട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. അതിന് ഏറെ പബ്ലിസിറ്റിയും അംഗീകാരവും കിട്ടിയിട്ടുമുണ്ട്.
എന്നിട്ടും കൺഫൈൻഡ് സ്പേസ് എൻട്രി പോലുള്ള അപകടം പിടിച്ച ജോലികൾ സുരക്ഷിതമായി ചെയ്യാനുള്ള പാരമ്പര്യമായ രീതിയോ റോബോട്ടുകൾ ഉപയോഗിച്ച ആധുനിക രീതിയോ നിർബന്ധമാക്കുന്ന ഒരു ചട്ടമോ നിയമമോ നമുക്കില്ല. “ഇതൊക്കെ ഇപ്പോൾ ശരിയാക്കും” എന്ന തരത്തിൽ ഇന്നത്തെ പ്രസ്താവനകൾ ഒന്നും കണ്ടില്ല.
നിർഭാഗ്യവശാൽ പ്രസ്താവന വന്നാലും ഇല്ലെങ്കിലും കാര്യങ്ങൾക്ക് മാറ്റം ഉണ്ടാകില്ല. മരണങ്ങൾ തുടരും. അറിവിന്റെയോ സാങ്കേതിക വിദ്യയുടെയോ അഭാവമല്ല കാരണം.
മനുഷ്യ ജീവൻ അമൂല്യമാണ്, വിലമതിക്കാനാകാത്തതാണ് എന്നൊക്കെ പറയുമെങ്കിലും അക്കാര്യം നമ്മൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നില്ല. മറ്റുള്ളവരുടെ ജീവന്, പ്രത്യേകിച്ചും ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവന്, നമ്മൾ അത്ര വിലയൊന്നും കൽപ്പിക്കുന്നില്ല. അവരുടെ ജീവന്റെയും അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിന്റെയും മുകളിലാണ് നമ്മൾ ‘വൃത്തിയായി’ ഇരിക്കുന്നത്.
മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
മുരളി തുമ്മാരുകുടി
Leave a Comment