1985 ലാണ് ആദ്യമായി വിമാനത്തിൽ കയറുന്നത്.
ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക്, എൻജിനീയറിങ്ങ് പഠനത്തിന്റെ ഭാഗമായിട്ടുള്ള അഖിലേന്ത്യ ടൂറിന്റെ അവസാനപാദം വിമാനത്തിൽ ആയിരുന്നു.
ഐ.ഐ.ടി. എൻട്രൻസിന് പഠിക്കാനുള്ളത് കൊണ്ട് അഖിലേന്ത്യ ടൂറിന് ഞാൻ പോയില്ല. ഇരുപത് ദിവസം ടൂർ കഴിഞ്ഞ് എന്റെ സഹപാഠികൾ ബാംഗ്ലൂരിൽ എത്തിയപ്പോൾ ഞാൻ കൊച്ചിയിൽ നിന്നും ഒരു ബസ്സിൽ കയറി പന്ത്രണ്ടു മണിക്കൂർ യാത്ര ചെയ്ത് ബാംഗ്ലൂരിൽ എത്തി.
പിറ്റേന്ന് ബാംഗ്ലൂർ എയർപോർട്ടിൽ നിന്നും ഇന്ത്യൻ എയർ ലൈൻസിന്റെ വിമാനത്തിൽ നാല്പത് മിനുട്ട് കൊണ്ട് കൊച്ചിയിൽ ഇറങ്ങി. അന്ന് കൊച്ചിയിലെ വിമാനത്താവളം നെടുമ്പാശ്ശേരിയിൽ അല്ല, വെണ്ടുരുത്തിയിൽ ആണ്. പിന്നീടും ബോംബെയിലും വിദേശത്തും ആയി ജോലി ചെയ്യുന്ന സമയത്ത് അനവധി തവണ വെണ്ടുരുത്തിയിലെ കൊച്ചി വിമാനത്താവളത്തിൽ എത്തി.
വളരെ ചെറിയ വിമാനത്താവളമാണ്. ദിവസേന കുറച്ചു വിമാനങ്ങൾ മാത്രം. അതും അന്താരാഷ്ട്ര വിമാനങ്ങൾ ഒന്നുമില്ല. ബ്രൂണൈയിൽ നിന്നും നാട്ടിൽ വരാൻ ബോംബെയിലോ മദ്രാസിലോ ഇറങ്ങണം. പിന്നെ കൊച്ചിയിലേക്ക് വേറെ വിമാനം.
അന്നൊക്കെ ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സ്ഥിതി ആകെ ശോകമായിരുന്നു. ഭൗതിക സൗകര്യങ്ങൾ വളരെ മോശം, വിദേശത്തേക്ക് പോകുമ്പോഴും വരുമ്പോഴുമുള്ള പരിശോധനകൾ ഏറെ കർക്കശം. നാട്ടിലേക്ക് വരുന്ന കാര്യം ഓർക്കുമ്പോഴുള്ള ഒരു തലവേദനയാണ് ഏത് വിമാനത്താവളത്തിലാണ് ഇറങ്ങുക എന്നത്. വിവിധ സ്ഥലത്ത് വിവിധ തലവേദനകൾ ആണ്, ഇമ്മിഗ്രെഷൻ ക്യൂ, കസ്റ്റംസ്, ഡൊമസ്റ്റിക്കിലേക്കുള്ള കണക്ടിവിറ്റി, രാത്രി ഇറങ്ങുകയാണെങ്കിൽ നഗരത്തിലെ സുരക്ഷ എന്നിങ്ങനെ.
നെടുമ്പാശ്ശേരിയിൽ അന്താരാഷ്ട്ര വിമാനത്താവളം വന്നതോടെയാണ് കാര്യങ്ങൾ മാറിയത്.
കേരളത്തിൽ നിന്നുള്ള പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ നിക്ഷേപം കൂടി ഉൾപ്പെടുത്തിയാണ് ഈ വിമാനത്താവളം തുടങ്ങുന്നത്. തുടങ്ങിയ സമയത്ത് ചെറിയ ഒരു വിമാനത്താവളം ആണ്. അധികം വിമാനങ്ങൾ ഒന്നുമില്ല. പക്ഷെ അന്നുമുതൽ ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ വിമാനത്താവളമായിരുന്നു കൊച്ചിയിലേത്.
നിയമങ്ങൾ എല്ലായിടത്തും ഒന്ന് തന്നെ ആണെങ്കിലും, പൂരിപ്പിക്കേണ്ട ഫോമുകളുടെ എണ്ണത്തിൽ മാറ്റമില്ലെങ്കിലും വിമാനത്താവളത്തിൽ എത്തുന്നത് മുതൽ വിമാനം കയറുന്നത് വരെയുള്ള (അല്ലെങ്കിൽ ഇറങ്ങുന്നത് മുതൽ വണ്ടി പിക്ക് അപ്പ് വരെ) കാര്യക്ഷമമാക്കാൻ വിമാനത്താവളത്തിലെ അധികാരികൾ ശ്രമിച്ചിരുന്നു എന്നത് വ്യക്തം.
പിന്നീട് വിമാനത്താവളം പടിപടിയായി വലുതായി, ടെർമിനലുകൾ കൂടി, വരുന്ന വിമാനങ്ങളുടെ എണ്ണം കൂടി, യാത്രക്കാരുടെ എണ്ണം ലക്ഷങ്ങളിൽ നിന്നും കോടിയിലേക്ക് എത്തി.
എന്നാലും ഇന്നും ഇന്ത്യയിലെ ഏതൊരു വിമാനത്താവളത്തിനേക്കാൾ എനിക്ക് ലാൻഡ് ചെയ്യാൻ ഇഷ്ടം കൊച്ചി തന്നെയാണ്.
ഏറ്റവും കുറച്ചു സമയം ഇമ്മിഗ്രെഷനിൽ ചിലവഴിക്കേണ്ടി വരുന്നതും ഏറ്റവും വേഗത്തിൽ ലഗ്ഗേജ് വരുന്നതും കൊച്ചിയിൽ തന്നെയാണ്.
കാലം മാറിയത് കൊണ്ട് പഴയത് പോലെ ഫോമുകൾ ഒന്നുമില്ല. കസ്റ്റംസുകാർ വിദേശത്ത് നിന്ന് വരുന്നവരുടെ പെട്ടികൾ എല്ലാം തുറന്നു നോക്കി എന്തെങ്കിലും അടിച്ചുമാറ്റുന്ന കാലവും മാറി.
വല്ലത്തും പെരുമ്പാവൂരും ഉള്ള ഗതാഗതക്കുരുക്കുകൊണ്ട് വിമാനത്താവളത്തിലേക്കുള്ള യാത്ര ഇപ്പോഴും സുഖകരമല്ല. ഇരുപത് മിനുട്ടെടുക്കുന്ന യാത്രക്ക് ഒരു മണിക്കൂർ എങ്കിലും പ്ലാൻ ചെയ്യണം. എന്നാൽ വിമാനത്താവളത്തിന്റെ മുന്നിലെത്തിയാൽ പിന്നെ കാര്യങ്ങൾ വേഗത്തിൽ തന്നെയാണ്.
ഇന്ത്യയിൽ മികച്ചത് തന്നെ ആണെങ്കിലും ദുബായിൽ നിന്നൊക്കെ വിമാനം ഇറങ്ങുന്ന സമയത്ത് അവിടുത്തെ സെക്യൂരിറ്റി, ഇമ്മിഗ്രെഷൻ സംവിധാനങ്ങളുടെ വേഗതയും കാര്യക്ഷമതയും എല്ലാം ഇവിടെയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്. നമുക്ക് ഇത് കൈകാര്യം ചെയ്യുന്ന ആളുകളുടെ വിഷയമായി തോന്നാമെങ്കിലും അത്തരം കാര്യക്ഷമതക്ക് പിന്നിൽ അനവധി സാങ്കേതിക വിദ്യകൾ ഉണ്ടെന്ന് എനിക്കറിയാം.
അതുകൊണ്ട് തന്നെ നിർമ്മിതബുദ്ധി ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സിയാലിലെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമവും ആക്കുന്ന CIAL2.0 മുഖ്യമന്ത്രി ഉൽഘാടനം ചെയ്യുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് വായിച്ചത്.
ഇന്ത്യയിൽ ഒന്നാമത് മാത്രമല്ല ലോകത്തെ കാര്യക്ഷമമായ മറ്റു വിമാനത്താവളങ്ങളോട് പോലും കിടപിടിക്കുന്ന ഒന്നായി കൊച്ചി മാറണം എന്നാണ് ആഗ്രഹം.
അതിന് കാരണം ഇത് കേരളത്തിൽ ആണെന്നത് മാത്രമല്ല. ഞാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വിമാനത്താവളം ആണെന്നതുമല്ല.
ഇവിടെ എന്റെ അനവധി സുഹൃത്തുക്കൾ ജോലി ചെയ്യുന്നുള്ളത് മാത്രമല്ല. ഇതിൽ എനിക്ക് നൂറു ഷെയർ ഉണ്ടെന്നത് കൊണ്ട് കൂടിയാണ്
ചുരുക്കിപ്പറഞ്ഞാൽ എന്റെ പ്രിയപ്പെട്ട വിമാനത്താവളം മാത്രമല്ല, എന്റെ കൂടി വിമാനത്താവളം ആണ്.
ഇതിന്റെ മുന്നിലും പിന്നിലും പ്രവർത്തിക്കുന്നവർക്ക് നന്ദി! അനുമോദനങ്ങൾ..!
മുരളി തുമ്മാരുകുടി
Cochin International Airport Limited (CIAL) Chief Minister’s Office, Kerala


Leave a Comment