ഞാൻ പരിചയപ്പെട്ടിട്ടുള്ള അനവധി രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. സാങ്കേതിക വിദ്യകൾ കൈമാറ്റം ചെയ്യുന്നതിൽ ഇന്ത്യയെപ്പോലെ ഉദാരമായ സമീപനമുള്ള മറ്റു രാജ്യങ്ങൾ ഇല്ല.
ഇന്ത്യൻ സാങ്കേതിക വിദ്യകൾക്ക് പൊതുവെ ചിലവ് കുറവാണെന്നത് മാത്രമല്ല ഇതിന് കാരണം. മറ്റു രാജ്യങ്ങളിലെ, പ്രത്യേകിച്ചും ആഫ്രിക്കയിലും മറ്റുമുള്ള വികസ്വര രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ദ്ധരെ പുതിയ സാങ്കേതികവിദ്യകൾ പഠിപ്പിക്കുന്നതിൽ നമ്മുടെ ആളുകൾ ഒരു ലോഭവും കാണിക്കാറില്ല. അവിടെ നിന്നുള്ളവരെ നാട്ടിൽ എത്തിച്ചു പരിശീലിപ്പിക്കുമ്പോഴും നാട്ടിൽ ഉള്ളവർ അവരുടെ നാടുകളിൽ ചെന്ന് പരിശീലിപ്പിക്കുമ്പോഴും വളരെ തുറന്ന സമീപനമാണ് ഇന്ത്യയിലെ വിദഗ്ദ്ധർ കൈക്കൊള്ളാറുള്ളത്.
എനിക്ക് ഈ കാര്യം നേരിട്ട് അനുഭവമുണ്ട്. 1995 ൽ ഞാൻ ബ്രൂണൈയിൽ എത്തിയപ്പോഴാണ് ഉപഗ്രഹ ചിത്രങ്ങൾ ആദ്യമായി ജോലിക്കായി ഉപയോഗിച്ച് തുടങ്ങിയത്. ഫ്രാൻസിൽ നിന്നാണ് ചിത്രങ്ങൾ വാങ്ങുന്നത്. മുപ്പത് കിലോമീറ്റർ നീളവും അത്രയും വീതിയുമുള്ള ഒരു സീനിന് ഇരുപതിനായിരം ഡോളർ ആണ് വില. അത് വാങ്ങി പ്രോസസ്സ് ചെയ്യണമെങ്കിൽ വേണ്ടിവരുന്ന പരിശീലനത്തിന് അത്രയും ചിലവ് വേറെയും.
ബ്രൂണെയിൽ നിന്നും ഞാൻ ഒമാനിലേക്ക് പോകുന്നതിന് മുൻപ് തന്നെ ഇന്ത്യൻ ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമായി തുടങ്ങി. മുൻപ് പറഞ്ഞ മുപ്പത് കിലോമീറ്റർ നീളവും വീതിയും ഉള്ള ഫ്രഞ്ച് ഉപഗ്രഹ ചിത്രത്തിനേക്കാൾ റെസൊല്യൂഷൻ ഉള്ള ചിത്രങ്ങൾക്ക് വില എഴുന്നൂറ് ഡോളറാണ്, അതായത് ഇരുപതിൽ ഒന്നിലും താഴെ! ഇമേജ് പ്രോസസ്സ് ചെയ്യാനുള്ള പരിശീലനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് സൗജന്യമായി നൽകുകയും ചെയ്യും.
ഇന്ത്യ ഉപഗ്രഹ മാർക്കറ്റിൽ എത്തിയതോടെ ഉപഗ്രഹ ചിത്രങ്ങളുടെ വില ഇടിഞ്ഞു, ലോകത്തെവിടെനിന്നും ഉളള ആളുകൾ ഡെറാഡൂണിൽ വന്നു പരിശീലനം ആരംഭിച്ചു. വികസ്വര രാജ്യങ്ങളിലുള്ളവർക്കും ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് വിശകലനങ്ങളും പ്ലാനിങ്ങും നടത്താമെന്ന നില വന്നത് ഇന്ത്യ ഈ രംഗത്ത് എത്തിയത് കൊണ്ട് മാത്രമാണ്.
കഴിഞ്ഞ ദിവസം ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്ന രാജ്യത്തെ പ്രധാനമന്ത്രി ആ രാജ്യത്ത് യു.പി.ഐ, ആധാർ, ഡിജി ലോക്കർ എന്നിങ്ങനെയുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ നിന്നും സ്വീകരിക്കുമെന്ന വാർത്ത കണ്ടു.
ഇതൊരു തുടക്കം മാത്രമാണ്. ഇന്ത്യപോലെ ഒരു രാജ്യത്ത് വികസിപ്പിച്ചെടുത്ത സംവിധാനങ്ങളാണ് പലപ്പോഴും വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ ചേരുന്നത്. അത് ഏറ്റവും ഉദാരമായ രീതിയിൽ പങ്കുവെക്കുന്ന ഒരു രാജ്യം കൂടി ആകുമ്പോൾ നമ്മുടെ പുതിയ സംവിധാനങ്ങൾ ലോകത്തെമ്പാടും വ്യാപിക്കുമെന്നതിൽ സംശയമില്ല.
ഒരു കാലത്ത് ഇന്ത്യൻ കറൻസി ലോകത്തെ രണ്ടു ഡസനിലധികം രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നു. നമ്മുടെ യു.പി.ഐ. ആ റെക്കോർഡ് മറികടക്കുന്ന നാൾ വിദൂരമല്ല.
മുരളി തുമ്മാരുകുടി
Leave a Comment