പൊതു വിഭാഗം

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ

കൊൽക്കത്തയിൽ ആശുപത്രിക്കകത്ത് ഒരു വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു എന്ന വാർത്ത നടുക്കുന്നതാണ്.

നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ പകലും രാത്രിയും എന്നില്ലാതെ പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ധാർമ്മിക ഉത്തരവാദിത്തം ഒരു സമൂഹം എന്ന നിലയിൽ നമുക്കുണ്ട്. പക്ഷെ അതിൽ നാം വീണ്ടും വീണ്ടും പരാജയപ്പെടുകയാണ്.

അമ്പത് വർഷം മുൻപ്, 1973 ൽ  മുംബൈയിൽ ഒരാശുപത്രിയിൽ ഇത്തരത്തിൽ ഒരു സംഭവം നടന്നിരുന്നു. അരുണ ഷാൻബാഗ് എന്ന നഴ്സിനെ ആശുപത്രിയിലെ തന്നെ ഒരു അറ്റൻഡർ ബലാത്സംഗം ചെയ്യുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. ബോധം പോയ അവർ 42 വർഷം അബോധാവസ്ഥയിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്. അക്കാലമത്രയും അവരുടെ സഹപ്രവർത്തകരാണ് അവരെ ശുശ്രൂഷിച്ചത്. അവർക്ക് ദയാവധം നൽകണമെന്ന ഹർജി സുപ്രീം കോടതിയിൽ എത്തിയിട്ടും അവർ ജോലി ചെയ്തിരുന്ന ആശുപത്രി അവരെ മരണത്തിന് വിട്ടുകൊടുത്തില്ല. അങ്ങനെ ഒരേ സമയം മനുഷ്യന്റെ ക്രൂരതയുടെയും സഹാനുഭൂതിയുടെയും ഉദാഹരണമായി ആ കേസ് മാറി.

കൽക്കട്ടയിലെ ഡോക്ടർ അതിക്രൂരമായിട്ടാണ് അക്രമിക്കപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അവരുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താനും മാതൃകാപരമായി ശിക്ഷിക്കാനും വേണ്ടി അവിടുത്തെ യുവ ഡോക്ടർമാർ സമരത്തിലാണ്. എന്റെ ചിന്തയും പിന്തുണയും അവരോടൊപ്പമാണ്.

പാർലിമെന്റിൽ നല്ല ഭാഷയിലും വീറിലും ആഞ്ഞടിക്കുന്ന തൃണമൂൽ എം.പി.മാരെ പറ്റി ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അവരുടെ ഭാഷയും വീറും ഒന്നും ഈ വിഷയത്തിൽ കാണുന്നില്ല. എങ്ങനെയാണ് മാനുഷികവിഷയങ്ങളിൽ പോലും രാഷ്ട്രീയത്തിന് അതീതമായി പ്രതികരിക്കാൻ കഴിയാത്ത തരത്തിൽ നമ്മുടെ പൊതുരംഗം മലിനമായിരിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്.

കൊൽക്കത്തയിലെ കുറ്റവാളികളെയെല്ലാം പിടികൂടപ്പെടുമെന്നും അവർക്ക് തക്ക ശിക്ഷ കിട്ടുമെന്നും ആഗ്രഹിക്കാനേ കഴിയൂ. ഒപ്പം നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് എവിടെയും സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകുമെന്നും.

ബോംബെയിലെ സംഭവത്തിന് ശേഷം അമ്പത് വർഷം കഴിയുമ്പോഴും ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ നടന്നുകൊണ്ടിരുന്നാൽ എങ്ങനെയാണ് നാം പുരോഗതി നേടുമെന്ന് പറയുന്നത്?

മുരളി തുമ്മാരുകുടി

Leave a Comment