
രണ്ടു വർഷമായി എന്റെ സുഹൃത്ത് അജിത് മത്തായി ഈ ലോകത്തോട് വിട പറഞ്ഞിട്ട്. അന്ന് ഞാൻ എഴുതിയ കുറിപ്പ് ഇന്ന് ആരോ കുത്തിപ്പൊക്കി വീണ്ടും ടൈംലൈനിൽ വന്നു. അജിത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. അവന്റെ മരണം ഇന്നും എന്നെ ദുഃഖിപ്പിക്കുന്നു.
പക്ഷെ അതിലും ഞെട്ടിപ്പിക്കുന്ന, ഏറെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് അതിന് തൊട്ടു പിന്നാലെ വന്നത്. എന്റെ സുഹൃത്തും സഹോദരിതുല്യയുമായ ഷാഹിനയുടെ മരണ വാർത്ത!.
ഫേസ്ബുക്ക് കൊണ്ടുവന്ന അനവധി സൗഹൃദങ്ങളിൽ ഒന്നാണ് ഷാഹിനയുമായിട്ടുണ്ടായിരുന്നത്. ‘ചായ് പേ ചർച്ച’ വിശാലമായി നടത്തിക്കൊണ്ടിരുന്ന കോവിഡിന് മുൻപുള്ള കാലഘട്ടത്തിൽ ഒരിക്കൽ ആംസ്റ്റർഡാമിൽ റയിൽവെ സ്റ്റേഷനിലെ സ്റ്റാർബക്സിൽ വെച്ചാണ് ഷാഹിനയെ ആദ്യമായി നേരിൽ കാണുന്നത്. ഞാനാണ് ചായ് പേ ചർച്ചക്ക് വിളിച്ചതെങ്കിലും വന്നവർക്കെല്ലാം കൊടുക്കാൻ പരിപ്പുവടയും ഉണ്ടാക്കിയാണ് ഷാഹിനയും ഭർത്താവും എത്തിയത്. അന്ന് മണിക്കൂറുകളോളം സംസാരിച്ചു.
കേരളത്തിലെ ഒരു ചെറിയ നഗരത്തിൽ നിന്നും നെതർലാൻഡ്സിൽ എത്തി പ്രൊഫഷണൽ രംഗത്ത് മിടുക്കിയായി പ്രവർത്തിക്കുന്ന കാലം. ഒപ്പം അടിസ്ഥാനമായ എഞ്ചിനീയറിങ്ങ് രംഗം വിട്ട് പേറ്റന്റ് അറ്റോർണി ആകാനുള്ള പരീക്ഷകൾ എഴുതിക്കൊണ്ടിരിക്കുന്ന കാലം.
അതിന് ശേഷം സ്ഥിരമായി സംവദിച്ചുകൊണ്ടിരുന്നു. പലപ്പോഴും കണ്ടു. ഷാഹിനയുടെ ജീവിതത്തിൽ, അത് ഔദ്യോഗികമായാലും വ്യക്തിജീവിതം ആയാലും, ഉണ്ടായ എല്ലാ മാറ്റങ്ങളും അടുത്തറിഞ്ഞു. വളർച്ചയിൽ ഏറെ ഞാൻ സന്തോഷിച്ചു, വെല്ലുവിളികളെപ്പറ്റി വേവലാതിപ്പെട്ടു.
ഒരിക്കൽ ആംസ്റ്റർഡാമിൽ എന്നെ കാണാൻ വരുമ്പോൾ മകനും കൂടെയുണ്ട്. അവന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയും ചരിത്രത്തിൽ ഉള്ള അഗാധമായ അറിവും എന്നെ അമ്പരപ്പിച്ചു. ഒരിക്കൽ ജനീവയിൽ വരണമെന്നും ഒരുമിച്ച് ചരിത്രപാതകളിലൂടെ നടക്കണം എന്നും പ്ലാൻ ചെയ്തു.
പിന്നീടാണ് കോവിഡ് വരുന്നത്. നേരിട്ടുള്ള കാഴ്ചകൾ അതോടെ കുറഞ്ഞെങ്കിലും കൂടുതൽ അടുത്തറിയാൻ പറ്റി. അനവധി വെബ്ബിനാറുകളിൽ, ക്ലബ്ബ്ഹൗസ് സെഷനുകളിൽ ഒക്കെ ഷാഹിനയും ഞാനും ഒപ്പമുണ്ടായിരുന്നു.
ബൗദ്ധിക സ്വത്തവകാശം എന്ന വിഷയത്തിൽ പ്രവർത്തിക്കുന്നവരിൽ അറിയപ്പെടുന്ന വിദഗ്ദ്ധയായിരുന്നു. ഈ വിഷയത്തിൽ കേരളത്തിൽ വേണ്ടത്ര അവബോധം ഇല്ല എന്ന അഭിപ്രായം ഷാഹിനക്ക് ഉണ്ടായിരുന്നു. അത് മാറ്റിയെടുക്കണം എന്നൊരു ആഗ്രഹവും ഉണ്ടായിരുന്നു. ലോക കേരള സഭയിൽ ഉൾപ്പടെ ഈ വിഷയം അവർ ഉന്നയിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ ബൗദ്ധിക സ്വത്തവകാശ രംഗത്തെ കരിയർ സാധ്യതകളെപ്പറ്റി ഷാഹിനയുടെ ഒരു വെബ്ബിനാർ സംഘടിപ്പിച്ചിരുന്നു.
നെതർലാൻഡ്‌സിലേക്ക് എനിക്ക് പരിചയമുള്ള ആരുതന്നെ യാത്ര ചെയ്താലും അവർക്ക് ലോക്കൽ കോൺടാക്ട് ആയി ഞാൻ നൽകാറുള്ളത് ഷാഹിനയുടെ പേരാണ്. വരുന്നവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ അവർക്ക് വലിയ താല്പര്യമായിരുന്നു. കൂടുതൽ ആളുകളെ ഞാൻ റഫർ ചെയ്യുന്നത് ഒരു ബുദ്ധിമുട്ടായി ഒരിക്കലും എടുത്തിരുന്നില്ല.
കഴിഞ്ഞ മാസം ദുബായിലുള്ള എന്റെ ഒരു സുഹൃത്തിന്റെ മകൾ നെതർലാൻഡ്‌സിലേക്ക് പോകാൻ നേരം ഞാൻ വീണ്ടും ഷാഹിനയുടെ നമ്പർ കൊടുത്തു. പക്ഷെ എന്തുകൊണ്ടോ അവരുടെ സന്ദേശത്തിന് ഷാഹിന മറുപടി അയച്ചില്ല. അത് അപൂർവ്വമാണല്ലോ എന്ന് ഞാൻ അപ്പോഴേ കരുതി. പിന്നെ തിരക്കായിരിക്കും, യാത്ര ആയിരിക്കും എന്നൊക്കെ കരുതി വിട്ടു.
കഴിഞ്ഞ ആഴ്ചയാണ് സുഹൃത്ത് KJ Jacob എന്നോട് ഷാഹിനയുടെ ആരോഗ്യനില വളരെ മോശമാണെന്നും കോവിഡാനന്തരം ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും പറയുന്നത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. രണ്ടു ദിവസത്തിനകം ഷാഹിനയുടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം താറുമാറായി, ബോധം നഷ്ടപ്പെട്ടു, വെന്റിലേറ്ററിൽ ആയി. ഇന്നിപ്പോൾ, കുറച്ചു സമയം മുൻപ്, ഷാഹിന പോയി.
അനവധി ആളുകൾക്ക് ചരമക്കുറിപ്പ് എഴുതിയിട്ടുണ്ട്. നേതാക്കൾക്ക്, ബന്ധുക്കൾക്ക്, സഹപാഠികൾക്ക്… ഇതാദ്യമായിട്ടാണ് ഒരു അനിയത്തിക്ക് വേണ്ടി ഒരു കുറിപ്പെഴുതുന്നത്.
നമ്മിൽ ഇളയവർ ആയവരുടെ വിയോഗം നമുക്ക് പരിചയമില്ലാത്ത വികാരങ്ങലാണ് ഉണ്ടാക്കുന്നത്. ആദ്യം അവരുമൊപ്പമുള്ള ഓർമ്മകൾ. പരിചയപ്പെട്ട സമയം, ചർച്ച ചെയ്ത വിഷയങ്ങൾ, വീക്ഷണങ്ങൾ, പൊതു സുഹൃത്തുക്കൾ എന്നിങ്ങനെ.
പിന്നെ ദേഷ്യമാണ് തോന്നുന്നത്. ആരോടെന്നറിയില്ല. ബട്ട് വൈ?, ഹൌ അൺഫെയർ, എന്നൊക്കെയാണ് തോന്നുന്നത്. തോന്നിയിട്ടും ഒരു കാര്യവുമില്ലെന്നറിയാം. തോന്നിയത് പറഞ്ഞു എന്ന് മാത്രമേ ഉള്ളൂ. ഏറെ സങ്കടമാണ് ബാക്കി. അകാലത്തിൽ ഇല്ലാതായ ഒരു നല്ല വ്യക്തിയെപ്പറ്റി. അവർ ബാക്കിവെച്ച സ്വപ്നങ്ങളെപ്പറ്റി. അവരുടെ പ്രായപൂർത്തി ആകാത്ത കുഞ്ഞുങ്ങളെപ്പറ്റി.
ഒരു കാര്യത്തിൽ ഷാഹിന ഏറെ സമ്പന്നയായിരുന്നു, സുഹൃത്തുക്കളുടെ കാര്യത്തിൽ. സ്വന്തം സഹോദരങ്ങളെപ്പോലെ ഷാഹിനയെ ചേർത്തുപിടിച്ച ഒരു സൗഹൃദവലയം സാമൂഹ്യമാധ്യമങ്ങളിലൂടെ അവർ ഉണ്ടാക്കിയെടുത്തിരുന്നു. ഞാൻ മനസ്സിലാക്കിയിടത്തോളം അവസാന ദിവസങ്ങളിൽ പകലും രാത്രിയുമില്ലാതെ ഉറ്റബന്ധുക്കളെപ്പോലെ അവരൊക്കെ ഷാഹിനയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഷാഹിനക്ക് വേണ്ടി മനുഷ്യസാധ്യമായ എന്തും ചെയ്യാൻ തയ്യാറായി ഞാൻ ഉൾപ്പെടെ അനവധി ആളുകൾ ചുറ്റും ഉണ്ടായിരുന്നു.
ഇനി അവർക്കും ഞങ്ങൾക്കും ഒന്നും ചെയ്യാനില്ല. ഒരു മനോഹരമായ ജീവിതത്തെ ഓർക്കുക. അടുത്ത മാസത്തേക്കും വർഷത്തേക്കും പതിറ്റാണ്ടിലേക്കും ഒക്കെ പ്ലാനുകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴും നമ്മൾ ഓരോരുത്തരുടെയും ജീവിതം എത്രയോ നൈമിഷികമാണെന്ന് ഓർക്കുക. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും അർത്ഥപൂർണ്ണമാക്കുക.
പ്രിയപ്പെട്ട അനിയത്തി, വിട!
മുരളി തുമ്മാരുകുടി

Leave a Comment