പൊതു വിഭാഗം

അണക്കെട്ടുകൾ ഇല്ലാതാകുന്ന കാലം

ഹരിയുമായി Hari Madathipparambil വളരെ ദീർഘമായ ഒരു ഇന്റർവ്യൂ നടത്തിയിട്ടുണ്ട്.

ദുരന്തലഘൂകരണ വിഷയങ്ങളിൽ നിന്നും മാറി പുതിയ ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആയിരുന്നു പലതും. ഒരു വിഷയം അണക്കെട്ടുകൾ ആയിരുന്നു.

പുഴയെ ജലം ഒഴുകുന്ന ചാനലുകൾ മാത്രമായി കണ്ടാണ് നമ്മൾ കേരളത്തിൽ അണക്കെട്ടുകൾ ഉണ്ടാക്കിയത്. പുഴയിൽ ജീവജാലങ്ങൾ ഉണ്ടെന്നും പുഴയെ പെട്ടെന്ന് അണകെട്ടി വിഭജിക്കുന്പോൾ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥക്ക് ബുദ്ധിമുട്ടുണ്ടാകും എന്നുള്ള ചിന്തയൊന്നും ആർക്കും അണകെട്ടിയ കാലത്തില്ല.

കേരളത്തിന്റെ ഭക്ഷ്യ സുരക്ഷക്ക് വേണ്ടി ജലസേചനം നടത്താനാണ് പല അണക്കെട്ടുകളും ഉണ്ടാക്കിയത്. ഒരു കാലഘട്ടത്തിൽ അതിൻറെ ആവശ്യമുണ്ടായി, അത് സമൂഹത്തിന് ഉപകരിക്കുകയും ചെയ്തു.

പക്ഷെ ഇപ്പോൾ കേരളത്തിൽ കൃഷി ഏറെ കുറഞ്ഞുവരികയാണ്. എട്ടുലക്ഷം ഹെക്ടർ ഉണ്ടായിരുന്ന നെൽ കൃഷി രണ്ടു ലക്ഷം ഹെക്ടറിന്റെ താഴേക്ക് വന്നു. വെങ്ങോല പോലെ പലയിടങ്ങളിലും എവിടെയൊക്കെ ഇറിഗേഷൻ കനാൽ ഉണ്ടോ അവിടെയെല്ലാമാ കൃഷി വേഗത്തിൽ കുറഞ്ഞത്. കാരണം കനാലുകൾ ഭൂമിയിലേക്ക് വെള്ളം കൂടാതെ വഴികളും ഒരുക്കി, ജല ലഭ്യത വർധിപ്പിച്ചു. വീടുകളും വ്യവസായ സ്ഥാപനങ്ങളും സ്ഥാപിക്കാൻ കനാലിനു ചുറ്റുമുള്ള പ്രദേശം ഉത്തമമായി. പാടങ്ങൾ കരയായി, വീടായി, റോഡായി, ഫാക്ടറിയായി.

ഇങ്ങനെ കൃഷി കുറയുകയും ഭക്ഷ്യസുരക്ഷ കേരളത്തിലെ കൃഷിയെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന കാലത്ത് ഇറിഗേഷൻ ഡാമുകൾക്ക് പ്രസക്തി ഉണ്ടോ? ആലോചിക്കേണ്ട സമയമായി.

കേരളത്തിന്റെ ഊർജ്ജ ആവശ്യങ്ങൾക്ക് വേണ്ടിയാണ് മറ്റ് പല ഡാമുകളും ഉണ്ടാക്കിയത്. സൗരോർജ്ജത്തിൽ നിന്നും കേരളത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നടക്കുന്ന ഒരു കാലം വന്നാൽ ഊർജ്ജത്തിന് വേണ്ടി ഉണ്ടാക്കിയ ഡാമുകളുടെ ആവശ്യമുണ്ടോ? ഇങ്ങനെ ആലോചിക്കേണ്ട സമയം വരും, നമ്മുടെ കാലത്ത് തന്നെ.

ഇതൊക്കെ ഇപ്പോൾ വിപ്ലവകരമായോ വിവാദമായോ തോന്നിയേക്കാമെങ്കിലും നിലവിൽ ലോകത്ത് നടക്കുന്ന കാര്യങ്ങളാണ്.

ഇപ്പോൾ യൂറോപ്യൻ പാർലമെന്റ് ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന EU Restoration Law യിലെ ഒരു വകുപ്പ് 25000 കിലോമീറ്റർ നദികളിലെ വിഘാതങ്ങൾ (ഡാമുകളും റെഗുലേറ്ററുകളും ഉൾപ്പടെ) മാറ്റി സ്വതന്ത്രമായ ഒഴുക്ക് പുനഃസ്ഥാപിക്കുക എന്നതാണ്.

2017 ൽ ന്യൂസിലാൻഡിൽ പാസാക്കിയ നിയമം അനുസരിച്ച് Whanganui നദിയെ ഒരു വ്യക്തിയായി കണ്ട് അവകാശങ്ങൾ അനുവദിച്ചു. പർവ്വതം മുതൽ കടൽ വരെ അനസ്യൂതമായി ഒഴുകാനും മാലിന്യങ്ങൾ നദിയിലേക്ക് വലിച്ചെറിയപ്പെടാതിരിക്കാനുമുള്ള അവകാശം നദിക്കുണ്ട്. അത് ലംഘിക്കപ്പെട്ടാൽ നദിയുടെ പേരിൽ ആളുകൾക്ക് കോടതിയെ സമീപിക്കാം. ഇതൊന്നും ഫാന്റസിയല്ല, നമ്മുടെ നാട്ടിലും ഇത്തരം ചർച്ചകൾ വരും. വരണം.

ഇന്റർവ്യൂവിന്റെ ചെറിയ ഭാഗം – https://youtube.com/shorts/a3ctx8Haox4?feature=share

മുഴുവൻ ഇന്റർവ്യൂ ജൂൺ അഞ്ചാം തിയതി വരും.

മുരളി തുമ്മാരുകുടി

May be an image of 2 people and text that says "YouTube Dislike = 1 Excerpts from Interview with Dr. Muralee Thummarukudi Share"

Leave a Comment