സ്വിറ്റ്സർലാൻഡിൽ നിന്നും ജർമ്മനിയിലേക്ക് താമസം മാറിയ സമയത്താണ് സംഭവം.
എന്റെ ബ്ലഡ് പ്രഷറിന്റെ മരുന്ന് തീർന്നുപോയി. വർഷങ്ങ്ളായി ഒരു സ്വിസ് കമ്പനിയുടെ മരുന്നാണ് ഞാൻ ഉപയോഗിക്കുന്നത്. അതുകൊണ്ട് കമ്പനി മാറ്റേണ്ടെന്ന് തീരുമാനിച്ചു. സ്വിറ്റ്സർലാൻഡിലുള്ള ഒരു സുഹൃത്തിനോട് എന്റെ പ്രിസ്ക്രിപ്ഷൻ ഉപയോഗിച്ച് മരുന്ന് വാങ്ങി ജർമ്മനിയിലേക്ക് പോസ്റ്റിൽ അയയ്ക്കാൻ പറഞ്ഞു. സുഹൃത്ത് അത് ചെയ്യുകയും ചെയ്തു.
സാധാരണഗതിയിൽ രണ്ടു ദിവസം കൊണ്ട് എത്തേണ്ടതാണ്. ഒരു മാസം കഴിഞ്ഞിട്ടും മരുന്ന് എത്തിയില്ല. ഏതായാലും ബ്ലഡ് പ്രഷറിന് കസ്റ്റംസിന്റെ നിയമങ്ങളൊന്നും അറിയില്ലല്ലോ. അതുകൊണ്ട് ജർമ്മനിയിൽ നിന്ന് തന്നെ മരുന്ന് വാങ്ങി.
ഒരാഴ്ച കഴിഞ്ഞപ്പോൾ ജർമ്മൻ കസ്റ്റംസിൽ നിന്നും ഒരു കത്ത് വന്നു.
എന്റെ പേരിൽ ഒരു രാസവസ്തു പോസ്റ്റിൽ വന്നിട്ടുണ്ട്. എന്താണ് വസ്തുവെന്ന് തിരിച്ചറിയാനായി അത് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. പരിശോധനയുടെ ഫലം വന്നാൽ എന്നെ വീണ്ടും ബന്ധപ്പെടും.
അന്വേഷിച്ചപ്പോഴാണ് മറ്റൊരു കാര്യം അറിഞ്ഞത്. മരുന്നാണെങ്കിൽ, അയച്ച രാജ്യത്ത് നിയമപരമായി ലഭിക്കുന്ന മരുന്നാണെങ്കിൽ പോലും, സ്വകാര്യമായി പോസ്റ്റിലൂടെ ജർമ്മനിയിലേക്ക് അയയ്ക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്.
ഇരുപത് വർഷമായി യൂറോപ്പിൽ ജീവിച്ചിരുന്ന എനിക്കും അതൊരു പുതിയ അറിവായിരുന്നു. എന്റെ മരുന്ന്, എന്റെ പ്രിസ്ക്രിപ്ഷൻ, എന്റെ ആവശ്യത്തിന്. ഇതിലെന്താണ് പ്രശ്നം എന്നായിരുന്നു അതുവരെ എന്റെ ചിന്ത.
ഇപ്പോൾ ഇതു പറയാൻ ഒരു കാരണമുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി ഇൻസ്റ്റഗ്രാമിൽ ധാരാളം പരസ്യങ്ങൾ കാണുന്നുണ്ട്.
യൂറോപ്പിലേക്ക് കണ്ണിമാങ്ങ അയയ്ക്കാം.
ചക്ക വരട്ടിയത് അയയ്ക്കാം.
എണ്ണയും കുഴമ്പും അയക്കാം
ആയുർവേദ ഗുളികകളും മോഡേൺ മെഡിസിനിലെ മരുന്നുകളും അയയ്ക്കാം.
അയക്കാൻ പറ്റാത്തതിൻ്റെ ലിസ്റ്റ് ഒന്നുമില്ല
കേരളത്തിൽ നിന്നും ഇപ്പോൾ ധാരാളം കുട്ടികൾ യൂറോപ്പിലേക്ക് പോകുന്നുണ്ട്. ജർമ്മനിയിലെ തണുപ്പത്തിരിക്കുമ്പോൾ അമ്മയുണ്ടാക്കിയ കണ്ണിമാങ്ങ അച്ചാർ കൂട്ടി ചോറുണ്ണാൻ ആഗ്രഹം തോന്നുന്നത് സ്വാഭാവികമാണ്. നാട്ടിൽ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന മരുന്നുകൾ വിദേശത്ത് വലിയ വില കൊടുത്തു വാങ്ങേണ്ടി വരുമ്പോൾ അത് നാട്ടിൽ നിന്നും അയച്ചുകൊടുക്കാൻ മാതാപിതാക്കൾ ശ്രമിക്കുന്നതും മനസ്സിലാക്കാം.
പക്ഷേ നമ്മുടെ ആഗ്രഹങ്ങളും അതത് രാജ്യങ്ങളിലെ കസ്റ്റംസ് നിയമങ്ങളും തമ്മിൽ വലിയ ബന്ധമൊന്നുമില്ല.
സാധനങ്ങൾ വിദേശത്തേക്ക് അയച്ചുകൊടുക്കുന്ന കമ്പനികൾക്ക് അതത് രാജ്യങ്ങളിലെ നിയമങ്ങൾ എത്രത്തോളം അറിയാമെന്ന് എനിക്കറിയില്ല. സാധനം എത്തിക്കാനുള്ള ഉത്തരവാദിത്തം മാത്രമേ തങ്ങൾക്കുള്ളൂ എന്നാണ് അവർ കരുതുന്നതെന്നും വരാം.
പക്ഷേ സാധനം അയയ്ക്കുമ്പോൾ നമ്മൾ ഒപ്പിട്ടുകൊടുക്കുന്ന ഡിക്ലറേഷൻ ഒന്നു വായിച്ചുനോക്കണം. അതിൽ മരുന്നുകളോ നിയന്ത്രണമുള്ള മറ്റു വസ്തുക്കളോ ഇല്ലെന്ന് നമ്മൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടാകാം.
പിന്നീട് കസ്റ്റംസ് അത് കണ്ടെത്തിയാൽ നിയമപരമായ ഉത്തരവാദിത്തം അയച്ചവർക്കോ സ്വീകരിക്കുന്നവർക്കോ വന്നുചേരാം. നാട്ടിൽ നിന്നും സ്നേഹത്തോടെ അയച്ചുകൊടുത്ത ഒരു പാഴ്സൽ അവിടെ പഠിക്കാൻ പോയ കുട്ടിക്ക് ഒരു തലവേദനയായി മാറരുതല്ലോ.
ഇത് മരുന്നിന്റെ കാര്യം മാത്രമല്ല.
അമേരിക്കയിലേക്ക് വിത്തുകൾ, ചെടികൾ, പഴങ്ങൾ, ചില ഭക്ഷ്യവസ്തുക്കൾ എന്നിവ കൊണ്ടുപോകുന്നതിനും അയയ്ക്കുന്നതിനും കർശനമായ നിയന്ത്രണങ്ങളുണ്ട്. അച്ചാറിന്റെ കാര്യത്തിൽ പോലും അതിലെ ചേരുവകളും സംസ്കരിച്ച രീതിയും പ്രധാനമാണ്. അവരുടെ രാജ്യത്തെ കൃഷിയെയും ജൈവവൈവിധ്യത്തെയും രോഗങ്ങളിൽ നിന്നും കീടങ്ങളിൽ നിന്നും സംരക്ഷിക്കാനാണ് ഇത്തരം നിയമങ്ങൾ.
സ്വിറ്റ്സർലാൻഡിൽ കർശനമായി പരിശോധിക്കുന്ന മറ്റൊരു കാര്യമാണ് വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ.
തായ്ലൻഡിൽ പതിനായിരം ഡോളർ വിലയുള്ള വാച്ചിന്റെ വ്യാജപതിപ്പ് നൂറു ഡോളറിന് കിട്ടും. നൂറുകണക്കിന് യൂറോ വിലയുള്ള ഫുട്ബോൾ ക്ലബ്ബുകളുടെ ജേഴ്സി അഞ്ചോ പത്തോ ഡോളറിന് കിട്ടുന്നതും ഞാൻ കണ്ടിട്ടുണ്ട്.
ഇതൊക്കെ വാങ്ങി സ്വന്തം ഉപയോഗത്തിനായി സ്വിറ്റ്സർലാൻഡിലേക്ക് കൊണ്ടുവന്നാലും കസ്റ്റംസ് പിടിച്ചെടുത്ത് നശിപ്പിച്ചെന്നു വരാം. ഒരു ലക്ഷം ഫ്രാങ്ക് വരെയാണ് ഫൈൻ!
ഓരോ രാജ്യത്തിനും ഓരോ നിയമമാണ്. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ഒരേ നിയമമാണെന്നും കരുതരുത്. നമ്മൾ വിമാനത്തിൽ സ്വന്തം ആവശ്യത്തിന് കൊണ്ടുപോകാൻ അനുവദിക്കുന്ന ചില സാധനങ്ങൾ പോലും പോസ്റ്റിലൂടെ അയയ്ക്കാൻ അനുവാദമുണ്ടാകണമെന്നില്ല.
അതുകൊണ്ട് വിദേശത്തേക്ക് സാധനങ്ങൾ അയയ്ക്കുന്നതിനു മുൻപ് ആ രാജ്യത്തെ കസ്റ്റംസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഒന്നു നോക്കുക. അയയ്ക്കുന്ന കമ്പനിയുടെ പരസ്യം മാത്രം വിശ്വസിക്കാതിരിക്കുക. ഡിക്ലറേഷനിൽ സത്യസന്ധമായി കാര്യങ്ങൾ രേഖപ്പെടുത്തുക.
എന്റെ മരുന്ന് പോയപ്പോൾ എനിക്ക് സാമ്പത്തിക നഷ്ടം മാത്രമേ ഉണ്ടായുള്ളൂ. എല്ലാ സാഹചര്യങ്ങളിലും അങ്ങനെയായിരിക്കണമെന്നില്ല. ചിലപ്പോൾ വലിയ പിഴയും മറ്റു നിയമനടപടികളും ഉണ്ടായെന്നു വരാം.
കുട്ടികൾക്ക് കണ്ണിമാങ്ങ അയച്ചുകൊടുക്കാനുള്ള സ്നേഹം നല്ലതാണ്.
ആ സ്നേഹത്തിന്റെ കൂടെ ഒരു കസ്റ്റംസ് നോട്ടീസ് കൂടി എത്താതിരിക്കാൻ ശ്രദ്ധിക്കണം.
മുരളി തുമ്മാരുകുടി

Leave a Comment