കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കേരളത്തെക്കുറിച്ചുള്ള ചർച്ചകളിൽ രണ്ടു വിരുദ്ധ സ്വരങ്ങൾ കേൾക്കാറുണ്ട്. നമ്മൾ നമ്പർ വൺ ആണെന്നുള്ള സ്വയം പുകഴ്ത്തൽ ഒരു വശത്ത്. നമ്മൾ പിന്നോട്ട് പോകുന്നു എന്ന ആത്മ വിമർശനം മറുവശത്ത്. ഇതിന് പിന്നിൽ പലപ്പോഴും കണക്കുകൾക്കപ്പുറമുള്ള രാഷ്ട്രീയമുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ യഥാർത്ഥ വികസന വിഷയങ്ങൾ വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോകുന്നു.
ഈ സാഹചര്യത്തിലാണ് പ്രശാന്ത് ബ്രോയുടെ ‘മലയാളി മെമ്മോറിയൽ’ എന്ന പുസ്തകം പ്രസക്തമാകുന്നത്. വികസനം എന്നത് പലപ്പോഴും നാം തെറ്റായി മനസ്സിലാക്കുന്ന ഒരു ആശയമാണ്. വലിയ പദ്ധതികൾ, വലിയ കെട്ടിടങ്ങൾ, വമ്പൻ നിക്ഷേപങ്ങൾ ഇവയെല്ലാം വികസനത്തിന്റെ അടയാളങ്ങളാണെന്ന് നാം കരുതാറുണ്ട്. എന്നാൽ ഈ പുസ്തകം വളരെ ലളിതമായി പറയുന്ന കാര്യം, വികസനം എന്നത് സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണെന്നാണ്.
നിത്യജീവിതത്തിൽ സർക്കാരുമായി ബന്ധപ്പെട്ട് നാം നേരിടുന്ന പല ബുദ്ധിമുട്ടുകളുണ്ട്. സർക്കാർ ഓഫീസുകളിൽ ഫയൽ നീങ്ങാത്തത്, പുതിയ സംരംഭങ്ങൾക്ക് അനുമതി കിട്ടാത്തത്, ഒരു ചെറിയ സംരംഭം തുടങ്ങാൻ പോലും നേരിടേണ്ടിവരുന്ന വലിയ തടസങ്ങൾ എന്നിവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഇതൊന്നും വലിയ പ്രശ്നങ്ങളായി സാധാരണഗതിയിൽ നമ്മൾ കാണാറില്ല. വാസ്തവത്തിൽ ഇവയൊക്കെയാണ് സമ്പദ്വ്യവസ്ഥയെ നിശ്ശബ്ദമായി തടസപ്പെടുത്തുന്ന പ്രധാന ഘടകങ്ങൾ.
ഈ പുസ്തകത്തെ മറ്റുള്ള വികസന ചർച്ചകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ സമീപനമാണ്. ഇത് ഒരു വിമർശന ഗ്രന്ഥമല്ല, ഒരു സ്വപ്നലോകം സൃഷ്ടിക്കുന്നുമില്ല. 2030 ലെ കേരളത്തെ ഈ പുസ്തകം വരച്ചുകാട്ടുന്നു. എന്നാൽ അത് വെറും സങ്കൽപ്പം മാത്രമല്ല, സാധ്യമായ ഒരു ഭാവി തന്നെയാണ്. മികച്ച കേരളം എന്ന സ്വപ്നം വലിയ നിക്ഷേപം കൊണ്ടല്ല, മറിച്ച് നല്ല രീതിയിൽ സിസ്റ്റം രൂപകൽപ്പന ചെയ്താൽ സാധ്യമാകുന്നതാണ് എന്നതാണ് ഈ പുസ്തകത്തിന്റെ കേന്ദ്ര ആശയം.
ബ്രോയുടെ രചനാശൈലിയും ശ്രദ്ധേയമാണ്. ഇത് ഒരു അക്കാദമിക് ഗ്രന്ഥമല്ല, എന്നാൽ അത്ര ലളിതവുമല്ല. ഭരണപരിചയമുള്ള ഒരു വ്യക്തിയുടെ ബുദ്ധിപരമായ ചിന്താപ്രവാഹം ഇതിൽ കാണാം. എഴുത്തുകാരൻ കാര്യങ്ങൾ വളരെ ലളിതമായി പറയുന്നു. എന്നാൽ അതിനു പിന്നിൽ ഒരു വ്യക്തമായ ചിന്താധാര ഉണ്ട് താനും.
ഒരു സാധാരണ മലയാളിയുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താം? യുവതലമുറയ്ക്ക് ഇവിടെത്തന്നെ കരിയർ പടുത്തുയർത്താൻ കഴിയുമോ? ഒരു സ്ത്രീക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുമോ? ഒരു സംരംഭകന് ഭയമില്ലാതെ ബിസിനസ് നടത്താൻ കഴിയുമോ? തുടങ്ങിയ ചോദ്യങ്ങൾക്ക് “അതെ” എന്ന പോസിറ്റിവ് ഉത്തരം പറയാൻ കഴിയുന്ന ഒരു കേരളം എങ്ങനെ സൃഷ്ടിക്കാം എന്നതാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്.
“സർക്കാർ ഓഫിസുകളിൽ ജോലി നടക്കുന്നില്ല” എന്നൊരു പരാതിയാണ് നാം പതിവായി കേൾക്കുന്നത്. എന്നാൽ അതിനേക്കാൾ കൃത്യമായ നിരീക്ഷണം, ജോലി നടക്കുന്നു, പക്ഷേ വളരെ മന്ദഗതിയിൽ – അതും അനാവശ്യമായ തടസ്സങ്ങൾക്കിടയിലൂടെ എന്നതാണ്. ഈ ‘തടസ്സങ്ങൾ’ എന്താണ് എന്നതിനെക്കുറിച്ച് നാം പൊതുവെ ആലോചിക്കാറില്ല. നിയമങ്ങൾ ഉണ്ടാകാം, നടപടിക്രമങ്ങൾ ഉണ്ടായിരിക്കാം, എന്നിങ്ങനെ സമാധാനിക്കും. എന്തായാലും ഒരു സാധാരണ പൗരന്റെ അനുഭവം പലപ്പോഴും ഒരുപോലെയാണ്, ഓഫിസുകൾ കയറി ഇറങ്ങുക, ഫയലുകൾ നീങ്ങാൻ കാത്തിരിക്കുക, ആരാണ് തീരുമാനമെടുക്കുന്നതെന്ന് പോലും വ്യക്തമല്ലാത്ത അവസ്ഥ. ഈ പുസ്തകം തുടങ്ങുന്നത് ഈ യാഥാർഥ്യത്തിൽ നിന്നാണ്.
ഈ പുസ്തകത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം അതിന്റെ അവതരണ രീതിയാണ്. അനശ്വര എന്ന കഥാപാത്രത്തിന്റെ അനുഭവങ്ങളിലൂടെ 2030 ലെ കേരളത്തെ ഒരു കഥാസന്ദർഭത്തിലൂടെ അവതരിപ്പിക്കുന്നു. കൃത്യസമയത്ത് പ്രവർത്തിക്കുന്ന പൊതുസേവനങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന വ്യക്തമായ വിവരങ്ങൾ, രാത്രിയിലും സുരക്ഷിതമായ നഗരജീവിതം, കൃഷിയും ലോജിസ്റ്റിക്സും തമ്മിലുള്ള പുതിയ ബന്ധങ്ങൾ എന്നിവയെല്ലാം കൂടുതൽ മെച്ചപ്പെട്ട കേരളം എങ്ങനെ സാധ്യമാകും എന്ന ചോദ്യത്തിന് ദൃശ്യരൂപം നൽകുന്നു.
കേരളത്തിന് വികസിക്കാൻ കഴിയില്ല എന്നതല്ല പ്രശ്നം, നാം ഇപ്പോൾ ഉപയോഗിക്കുന്ന രീതികൾ മതിയാകുന്നില്ല എന്നതാണ്.
വികസനം എവിടെ തുടങ്ങുന്നു എന്ന ചോദ്യത്തിന് ഈ പുസ്തകം നൽകുന്ന ഉത്തരം, ‘ഒരു ഫയൽ എങ്ങനെ നീങ്ങുന്നു എന്നതിൽ നിന്ന്’ എന്നാണ്. അതിനെക്കുറിച്ച് ആലോചിക്കാൻ നാം തയ്യാറാണെങ്കിൽ, ഈ പുസ്തകം നമ്മോട് സംസാരിക്കും.
ആശംസകളോടെ,
മുരളി തുമ്മാരുകുടി


Leave a Comment