ഇന്ന് കടുത്തുരുത്തിയിലെ മാങ്കോ മെഡോസ് എന്ന അഗ്രികൾച്ചറൽ തീം പാർക്ക് സന്ദർശിച്ചു. ലോകത്തിലെ ഒന്നാം നമ്പർ അഗ്രികൾച്ചറൽ തീം പാർക്ക് എന്നാണ് അവരുടെ വെബ്സൈറ്റിൽ അവകാശപ്പെടുന്നത്. അത് ശരിയാണോ എന്നറിയില്ല, അതല്ല ഇവിടെ പ്രധാനപ്പെട്ട കാര്യവും.
ഏകദേശം 30 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായൊരു തീം പാർക്കാണിത്. ഞാൻ അവിടെ എത്തിയപ്പോൾ നല്ല തിരക്കായിരുന്നു. ടിക്കറ്റ് കൗണ്ടറുകളിലൊക്കെ നീണ്ട ക്യൂ. ഇത്രയും തിരക്കുള്ളപ്പോൾ അകത്തേക്ക് കയറണോ എന്ന് ഒരു നിമിഷം സംശയിച്ചെങ്കിലും അകത്തെത്തിയപ്പോൾ തിരക്കിന്റെ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടില്ല.
അഗ്രികൾച്ചറൽ തീം പാർക്ക് ആയതിനാൽ കൃഷിയുമായി ബന്ധപ്പെട്ട നിരവധി പ്രദർശനങ്ങളുണ്ട്. കോഴിവളർത്തൽ മുതൽ പല കൃഷിരീതികളെക്കുറിച്ച് അറിയാനും കയർ നെയ്യുന്നത് കാണാനും മൺപാത്ര നിർമാണം അടക്കം ആടുമാടുകളും മറ്റു പല കാര്യങ്ങളും പരിചയപ്പെടാനും കഴിയും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി കാഴ്ചകളും അനുഭവങ്ങളുമുണ്ട്.
എന്നാൽ എന്നെ ഏറ്റവും ആകർഷിച്ചത് മറ്റൊന്നാണ്. വെറും 30 ഏക്കറിനുള്ളിൽ ഏകദേശം 4500 സസ്യയിനങ്ങൾ ഉണ്ടെന്നാണ് അവിടെ പറയുന്നത്. ഈ കണക്ക് ശരിയാണെങ്കിൽ, ഏറെക്കുറെ ജർമനിയിൽ ഉള്ളത്ര വരും. നമ്മുടെ നാട്ടിൽ നാം വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്ന ജൈവവൈവിധ്യത്തിന്റെ ഒരു വലിയ ലോകം അവിടെത്തന്നെയുണ്ട്.
കേരളത്തിന്റെ ജൈവവൈവിധ്യത്തെക്കുറിച്ച് നമ്മൾ പലപ്പോഴും സംസാരിക്കാറുണ്ട്. എന്നാൽ ചുറ്റുപാടുകളിൽ കാണുന്ന സസ്യവൈവിധ്യത്തെ എത്രത്തോളം തിരിച്ചറിയാനും മനസ്സിലാക്കാനും ആസ്വദിക്കാനും നമുക്ക് കഴിയുന്നുണ്ട്? നമ്മുടെ തൊട്ടടുത്തുള്ള പ്രകൃതിയുടെ സമ്പന്നത പോലും പലപ്പോഴും നാം തിരിച്ചറിയുന്നില്ലെന്നതാണ് യാഥാർഥ്യം. അതുകൊണ്ടുതന്നെ ഇത്തരം ഇടങ്ങൾ സന്ദർശിക്കുന്നത് ഒരു വിനോദയാത്ര മാത്രമല്ല, പ്രകൃതിയെ കൂടുതൽ അടുത്തറിയാനുള്ള അവസരം കൂടിയാണ്.
കുതിരവണ്ടി, ഒട്ടകസവാരി, ബോട്ടിങ്, കൊട്ടവഞ്ചി, പാഡിൽ ബോട്ട്, ശിക്കാര ബോട്ട് തുടങ്ങി പലതരം വിനോദസൗകര്യങ്ങളും അവിടെയുണ്ട്. 400 രൂപയാണ് പ്രവേശനഫീസ്. ലഭിക്കുന്ന അനുഭവങ്ങൾ പരിഗണിക്കുമ്പോൾ അത് ന്യായമായ നിരക്കായാണ് എനിക്ക് തോന്നിയത്.
തീർച്ചയായും ഇനിയും മെച്ചപ്പെടുത്താൻ കഴിയുന്ന പല കാര്യങ്ങളും അവിടെയുണ്ട്. മാങ്കോ മെഡോസിന്റെ മാനേജ്മെന്റിലുള്ള ഒരാളെ നേരത്തേ പരിചയപ്പെട്ടിട്ടുള്ളതായി ഓർക്കുന്നു. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ ഫോൺ നമ്പർ കൈവശമില്ലാത്തതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ കോൺടാക്ട് ലഭിക്കുകയാണെങ്കിൽ എന്റെ ചില നിർദേശങ്ങൾ നേരിട്ട് പങ്കുവയ്ക്കണമെന്നുണ്ട്.
ഇനി കടുത്തുരുത്തിയിലെ ബൈപ്പാസിനെക്കുറിച്ച്.
അവിടത്തെ ബൈപ്പാസ് കണ്ടപ്പോൾ ശരിക്കും അത്ഭുതം തോന്നി. എന്തൊരു മനോഹരമായ ബൈപ്പാസ്! ഞാൻ പെരുമ്പാവൂർകാരനായതുകൊണ്ടുതന്നെ, ഞങ്ങളുടെ നാട്ടിലും ഇതുപോലെയൊന്ന് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി. ചെറിയൊരു കൊതിയും അസൂയയും തോന്നിയെന്നത് സത്യമാണ്!
കടുത്തുരുത്തിയിലെ എംഎൽഎ മോൻസ് ജോസഫിന്റെ ശ്രമഫലമാണോ ഈ ബൈപ്പാസ് എന്നറിയില്ല. അങ്ങനെയാണെങ്കിൽ അദ്ദേഹത്തിനും, അതല്ലെങ്കിൽ ഇതിനു പിന്നിൽ പ്രവർത്തിച്ച ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട എല്ലാവർക്കും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
വലിയ ഗതാഗതത്തിരക്കുകൾ രൂപപ്പെടുന്നതിനു മുമ്പുതന്നെ ഭാവിയെക്കൂടി മുന്നിൽക്കണ്ട് ഇത്തരം അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നത് മാതൃകാപരമാണ്. വികസനം എന്നത് തിരക്കുകൾ വർധിച്ചശേഷം പരിഹാരങ്ങൾ തേടുന്നതു മാത്രമല്ല; നാളെയെക്കുറിച്ച് ചിന്തിച്ച് ഇന്ന് വേണ്ട തീരുമാനങ്ങൾ എടുക്കുന്നതുകൂടിയാണ്.
വാൽക്കഷണം
അവധി ദിവസമായതുകൊണ്ടും നല്ലൊരു ടൂറിസ്റ്റ് മൂഡിലായിരുന്നതുകൊണ്ടും നല്ല കളർഫുൾ ഡ്രസ്സൊക്കെ ധരിച്ചാണ് പോയത്. അവിടെ ആരെങ്കിലും എന്നെ തിരിച്ചറിയുമെന്നും ഒരു സെൽഫിയൊക്കെ ചോദിക്കുമെന്നും ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ആയിരക്കണക്കിന് ആളുകൾക്കിടയിൽ ഒരാൾ പോലും തിരിച്ചറിഞ്ഞില്ല!
അപ്പോഴാണ് എന്റെ ഓഡിയൻസ് അവിടെയില്ലെന്ന് എനിക്ക് മനസ്സിലായത്! നിരാശയോടെ മടങ്ങാൻ തുടങ്ങുമ്പോഴാണ് കേരളത്തിലെ യുവജന സംഘടനാ നേതാവായ റോണി വലിയപറമ്പിൽ എന്നെ കാണുന്നതും തിരിച്ചറിയുന്നതും. ആൾക്കൂട്ടത്തിനിടയിൽ ഒരാളെങ്കിലും തിരിച്ചറിഞ്ഞതിന്റെ സന്തോഷം ചെറുതല്ലല്ലോ!
താങ്ക്യൂ, റോണി! എന്റെ മാനം കാത്തതിന് പ്രത്യേകം നന്ദി!
മുരളി തുമ്മാരുകുടി

Leave a Comment