പൊതു വിഭാഗം

Man enough to be മകം

‘അനന്തരം കലിവർഷം തുടങ്ങി 5065 ൽ 1850151 നാൾ കലിദിനെ കുംഭ ശനി ഇടവവ്യാഴം നിന്ന കൊല്ലവർഷം 1139-മാണ്ട് കർക്കിടകമാസം 24ആം തിയതി, ക്രിസ്തു വർഷം 1964 ആഗസ്ത് മാസം എട്ടാം തീയതി, 1886 ശ്രാവണ മാസം 17 ആം തിയതി മന്ദവാരേ മകം നക്ഷത്രവും ശുക്ലപക്ഷം പ്രതിപദത്തിൽ സിംഹക്കരണവും വജ്രനാമനിത്യയോഗവും കൂടിയ ശുഭദിനെ അന്നസ്തമിച്ച് ഏഴു നാഴിക ഏഴു വിനാഴിക ചെന്ന സമയം മീനം രാശി തുടങ്ങി ഒരു നാഴിക മുപ്പത്തി മൂന്നു വിനാഴിക ചെന്ന സമയം ചിങ്ങക്കൂറിൽ ചന്ദ്രൻ നിൽക്കേ ശ്രീമൽ പുരുഷ ജനനം.’
 
എൻറെ ജാതകം തുടങ്ങുന്നതിങ്ങനെയാണ്
 
കർക്കിടകത്തിൽ മകം പിറന്ന പുരുഷൻ, വേറെ ഡെക്കറേഷൻ ഒന്നും വേണ്ട.
 
ഈ ജാതകത്തെപ്പറ്റി അറിയുന്നവരും അറിയാത്തവരും മകം സ്ത്രീകളുടെ നാളാണെന്ന് പറയുകയും ‘മകം പിറന്ന മങ്കൻ’ എന്ന് (മങ്കി എന്നും ചിലർ) പറഞ്ഞു വിഷമിപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോൾ ആ വിഷമമില്ല. നമ്മൾ തിരഞ്ഞെടുക്കാത്ത ഒന്നിന്റെ പേരിലും (അച്ഛൻ, അമ്മ, സഹോദരങ്ങൾ, കുടുംബം, കുലം, ജാതി, മതം, രാജ്യം, മാതൃഭാഷ, നിറം, ഉയരം) വിഷമിക്കുകയോ അഭിമാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല.
 
പറഞ്ഞു വന്നത്, ഇന്ന് ഈ വർഷം കർക്കിടകത്തിലെ മകം ആണ്. എൻറെ മൂന്നു ബർത്ത്ഡേകളിൽ അവസാനത്തേതും. കഴിഞ്ഞ രണ്ടെണ്ണത്തിന് വിഷ് ചെയ്ത സ്ഥിതിക്ക് ഇനി ഈ വർഷം വിഷ് ഒന്നും വേണ്ട. കഴിഞ്ഞ രണ്ടു പ്രാവശ്യം സുക്കറണ്ണൻ കാണിച്ചു തരാതിരുന്നവർ വിഷ് ചെയ്താൽ പരാതിയും ഇല്ല. ഓവർ ആക്കാതിരുന്നാൽ മതി.
 
സാധാരണ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഒരു ‘തുമ്മാരു വധം’ ഉണ്ട്. കഴിഞ്ഞ തുമ്മാരുവധക്കാലത്ത് ആരോടോ ‘ഞാൻ അര സംഘിയാണ്’ എന്നൊരു മറുപടി കൊടുത്തിരുന്നു. അത് സ്‌ക്രീൻ ഷോട്ട് എടുത്ത് കുറച്ചു പേർ ആഘോഷമാക്കി. എന്നെ ഒരു ദിവസം ശരാശരി ഒരു പതിനായിരം പേർ വായിക്കുന്നുണ്ട്, അവരിൽ ഒരാൾ പോലും അതൊരു വിഷയമാക്കിയില്ല. പക്ഷെ എൻറെ പേജ് ശ്രദ്ധിക്കുകയും, എന്നാൽ ഒരിക്കൽ പോലും ഒരു നല്ല കമന്റ്റ് ഇടുകയും ചെയ്യാത്തവരും, എന്നെ രാഷ്ട്രീയമായി ഏതെങ്കിലും കള്ളിയിൽ കയറ്റാൻ ബുദ്ധിമുട്ടുന്നവരും ആയിരുന്നു ആ ആഘോഷക്കമ്മിറ്റിക്കാർ മുഴുവൻ. ആശാൻ മഹാമനസ്‌ക്കനായത് കൊണ്ട് എൻറെ പിറന്നാളാകുമ്പോൾ അവർക്കും ഒരു സമ്മാനം കൊടുക്കണമെന്ന് അന്നേ മനസ്സിൽ വിചാരിച്ചതാണ്.
 
ആശാൻ അര സംഘി മാത്രമല്ല, അരക്ക് മുകളിലും സംഘിയാണെന്ന് വ്യക്തമാക്കുന്ന ഒരു ചിത്രമാണ് താഴെ. എല്ലാവരും സേവ് ചെയ്ത് വക്കണം. ഞാൻ അടുത്ത തിരഞ്ഞെടുപ്പിന് ബി ജെ പി സ്ഥാനാർത്ഥിയായാൽ “ഞങ്ങൾ അന്നേ പറഞ്ഞില്ലേ” എന്ന് ഒരു പക്ഷത്തിനും അഥവാ ഇടതുപക്ഷത്തിൻറെ സ്ഥാനാർത്ഥിയായാൽ “കണ്ടില്ലേ, വലതു വ്യതിയാനക്കാരൻ” ആണെന്ന് മറുപക്ഷത്തിനും പറയാം.
 
സത്യം ഇത് രണ്ടുമല്ല. അമ്പലത്തിലും ആചാരത്തിലും ദൈവത്തിലും എനിക്ക് ഒട്ടും വിശ്വാസമില്ല. എന്നാൽ വെടിവഴിപാടും കടുംപായസവും ഒരു വീക്നെസ് ആണ്. എവിടെ കണ്ടാലും ഉടൻ ഓർഡർ ചെയ്യും. എന്നാൽപ്പിന്നെ അത് വിളിച്ചു പറയാതിരുന്നാൽ പോരേ എന്നൊക്കെ എൻറെ അഭ്യുദയകാംഷികൾ ചോദിക്കും.
 
വിളിച്ചു പറഞ്ഞില്ലെങ്കിൽ ഗുണം കുറയുമെന്ന് മീശമാധവനിലെ വാര്യർ പറഞ്ഞിട്ടുണ്ട്.
 
ഓരോരോ ആചാരങ്ങൾ ആകുമ്പോൾ …
 
മുരളി തുമ്മാരുകുടി

Leave a Comment