പൊതു വിഭാഗം

facebook അല്ല LinkedIn…

ഈ കഴിഞ്ഞ തിങ്കളാഴ്ച ഞാൻ LinkedIn പ്രൊഫൈൽ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മനോരമയിൽ ഒരു പോസ്റ്റിട്ടിരുന്നു. നല്ല തൊഴിൽ നേടാനും തൊഴിലിൽ ഉയർന്നു പോകാനും നമുക്ക് നെറ്റ്‌വർക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമായതിനാൽ പുതിയ ലോകത്ത് തൊഴിൽ ആഗ്രഹിക്കുന്നവർ ഒരു LinkedIn പ്രൊഫൈൽ ഉണ്ടാക്കിയേ പറ്റൂ.

കമ്പ്യൂട്ടറും സ്മാർട്ട് ഫോണും പരിചയമുള്ള തലമുറക്ക് എല്ലാം ഇപ്പോൾ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ട്. ഫേസ്ബുക്ക് പ്രൊഫൈലും ലിങ്ക്ഡ് ഇൻ പ്രൊഫൈലും തമ്മിൽ പല സാദൃശ്യങ്ങൾ ഉണ്ടെങ്കിലും പ്രധാനമായ വ്യത്യാസങ്ങളുമുണ്ട്. അതറിയാതെ പെരുമാറിയാൽ നിങ്ങളെ തൊഴിൽദാതാക്കൾ തെറ്റായി മനസ്സിലാക്കും. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം.

1. നിർബന്ധമായും ഒരു പ്രൊഫൈൽ ചിത്രം ഉണ്ടായിരിക്കണം. ചിത്രം ഇല്ലാത്ത പ്രൊഫൈലിൽ നിന്നുള്ള റിക്വസ്റ്റ് ഞാൻ ഉൾപ്പടെ കൂടുതൽ ആളുകളും സ്വീകരിക്കില്ല.

2. LinkedIn -ൽ പ്രൊഫൈൽ പിക്ചർ ആയി കോമാളി പടമോ സിനിമാതാരങ്ങളുടെ പടമോ മുദ്രാവാക്യമോ ഒന്നും ഇടരുത്. മരത്തിന്റെ മുന്നിൽ നിൽക്കുന്ന പടമോ സെൽഫിയോ ഒന്നും ഉപയോഗിക്കാതിരിക്കുന്നതാണ് ഭംഗി.

3. പ്രൊഫൈലിൽ പരമാവധി വിവരങ്ങൾ എഴുതണം, അധികം നുണ പറയരുത്, കുറച്ചൊക്കെ പൊലിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല താനും.

4. വർഷത്തിൽ ഒരിക്കലെങ്കിലും പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണം.

5. LinkedIn -ൽ ഉപയോഗിച്ചിരിക്കുന്ന ഇമെയിൽ എപ്പോഴും ശരിയായിരിക്കണം. തൊഴിൽ അന്വേഷിക്കുന്ന സമയമാണെങ്കിൽ ദിവസത്തിൽ ഒരിക്കലെങ്കിലും ആ ഇമെയിൽ തുറന്നു നോക്കുകയും വേണം.

6. LinkedIn- ൽ ആരോടെങ്കിലും ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോർമൽ ആയ ഭാഷ ഉപയോഗിക്കണം. “Hi, I am Gokul, ma wish is to be an architect” എന്നൊന്നും പറയരുത്. വാക്കുകളും വാചകങ്ങളും പൂർണ്ണമായി എഴുതണം.

7. പ്രൊഫൈലിൽ ഭാഷ തെറ്റില്ലാതെ എഴുതണം. അതിനു വേണ്ടി ആരുടെയെങ്കിലും സഹായം തേടുന്നതിൽ തെറ്റില്ല.

8. നമ്മളുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും കണ്ണികളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതിൽ തെറ്റില്ല, പക്ഷെ അത് ഒരു ‘സ്വഭാവ’മാക്കരുത്. ഒരു മെസ്സേജ് ഉണ്ടാക്കി അത് ദിവസം അൻപത് പേർക്ക് കട്ട് ആൻഡ് പേസ്റ്റ് ചെയ്ത് അയച്ചാൽ കിട്ടുന്നവർക്ക് അത് മനസ്സിലാകും. ആരെയെങ്കിലും ഒരാളെ ബന്ധപ്പെടണമെങ്കിൽ അവരുടെ പ്രൊഫൈൽ സൂക്ഷിച്ചു നോക്കി എന്തുകൊണ്ട് അവരുമായി ബന്ധപ്പെടണം എന്ന് ചിന്തിച്ചതിന് ശേഷം മാത്രം ചെയ്യുക.

9. പറ്റുമ്പോഴൊക്കെ LinkedIn -ൽ എന്തെങ്കിലും ഒക്കെ എഴുതാൻ നോക്കുക. മറ്റുള്ളവർ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട്.

10. LinkedIn -ൽ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനും ശ്രമിക്കുക. ഇനിയുള്ള കാലത്ത് പുതിയ അറിവുകൾ വരുന്ന വഴി ഇതൊക്കെയാണ്.

വാസ്തവത്തിൽ ജോലി കിട്ടാൻ വേണ്ടി LinkedIn ഉപയോഗിച്ചിട്ടുള്ള ആളല്ല ഞാൻ, മറിച്ച് ജോലിക്ക് ആളെ തിരയാനായി പ്രീമിയം അക്കൗണ്ട് ഉപയോഗിക്കുന്ന ആളാണ്. തൊഴിൽ അന്വേഷിക്കാൻ വേണ്ടി സ്വയം LinkedIn ഉപയോഗിച്ചിട്ടുള്ളവർക്ക് ഇനിയും ചില പൊടിക്കൈകൾ തരാൻ ഉണ്ടാകും. അതിവിടെ പങ്കു വച്ചാൽ ഗുണമാകും.

(കഴിഞ്ഞ ഒരാഴ്ചയായി അഞ്ഞൂറ് പേരെങ്കിലും എനിക്ക് റിക്വസ്റ്റ് അയച്ചിട്ടുണ്ട്, സന്തോഷം. സ്വന്തം പടം ഇട്ടിട്ടുള്ള എല്ലാവരെയും ഞാൻ സ്വീകരിച്ചിട്ടുണ്ട്, മറ്റുള്ളവർ നല്ല ഒരു പടം ഒക്കെ ഇട്ടിട്ട് രണ്ടാമത് പറഞ്ഞാൽ മതി https://ch.linkedin.com/in/muraleethummarukudy).

Leave a Comment