പൊതു വിഭാഗം

75 വയസ്സ് കഴിഞ്ഞവരുടെ മെഡിക്കൽ ഇൻഷുറൻസ്?

ഈ വർഷം ഏപ്രിൽ മാസത്തിൽ നാട്ടിൽ നിന്നും ഒരു നല്ല വാർത്ത വായിച്ചു. Insurance  Regulatory  and Development Authority of India (IRDAI) യുടെ തീരുമാനം ആയിരുന്നു അത്. 65 വയസ്സ് കഴിഞ്ഞവർക്കും ഇനി മെഡിക്കൽ ഇൻഷുറൻസ് സൗകര്യം ലഭ്യമാക്കണം എന്നതായിരുന്നു അത്.

കേരളത്തിലെ ശരാശരി ആയുർദൈർഘ്യം 75 വർഷമായതിനാൽ 65 വയസ്സ് കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷുറൻസ് പുതിയതായി വാങ്ങാൻ പറ്റില്ല എന്നൊരു നിയന്ത്രണം ഉണ്ടാകുന്നത് ശരിയല്ല. പ്രത്യേകിച്ചും പ്രായം കൂടുംതോറും അവസാന വർഷങ്ങളിലെ മെഡിക്കൽ ചിലവുകൾ കൂടാനുള്ള സാധ്യതയും കൂടുകയാണ്.

കേരളത്തിലെ സ്ത്രീകൾ പൊതുവെ പുരുഷന്മാരേക്കാൾ കൂടുതൽ കാലം ജീവിക്കുന്നത് കൊണ്ടും 65 വയസ്സുമുതൽ മരണം വരെ അവരുടെ മെഡിക്കൽ ചിലവുകൾ പുരുഷന്മാരേക്കാൾ കൂടുതലായിരിക്കും. ഈ സാഹചര്യത്തിൽ 65 വയസ്സ് കഴിഞ്ഞവർക്ക് പുതിയതായി മെഡിക്കൽ ഇൻഷുറൻസ് നൽകില്ല എന്ന് പറയുന്നത് മനുഷ്യാവകാശ ലംഘനം തന്നെയാണ്. കേരളത്തിൽ ആയുർദൈർഘ്യം കൂടുകയാണെങ്കിലും കൂടിവരുന്ന ആയുഷ്‌ക്കാലം അഭിമാനത്തോടെ ജീവിക്കാനുള്ള സൗകര്യമോ തയ്യാറെടുപ്പോ വയസ്സാകുന്ന ബഹുഭൂരിപക്ഷം പേർക്കും ഇല്ല എന്നതാണ് സത്യം.

 

സർക്കാരിൽ നിന്നോ മറ്റു സർവീസുകളിൽ നിന്നോ പെൻഷനോടെ വിരമിക്കുന്നവർ (ഇത് ജനസംഖ്യയുടെ ഇരുപത് ശതമാനത്തിൽ കൂടില്ല), വിദേശത്തു പോയോ ബിസിനസ്സ് ചെയ്തോ പരന്പരാഗത സന്പത്തുകൊണ്ടോ പൊതുവിൽ സാന്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാത്തവർ (ഇത് ഒരു പക്ഷെ ജനസംഖ്യയുടെ പത്തു ശതമാനം വരും) എന്നിവരെ ഒഴിച്ചാൽ വയസ്സാകുന്പോൾ മക്കൾ ‘നോക്കിക്കൊള്ളും’ എന്നൊരു വിശ്വാസമാണ് പൊതുവെ നമ്മുടെ വാർദ്ധക്യകാലത്തേക്കുള്ള പ്ലാൻ.

പെൻഷൻ ഇല്ലാത്ത മധ്യവർഗ്ഗമുൾപ്പെടെയുള്ളവരുടെ സന്പാദ്യം ജീവിക്കുന്ന വീടും അത്യാവശ്യം സ്ഥലവും കുറച്ചു പണവും (സ്വർണ്ണവും) ഒക്കെയാണ്. കേരളത്തിൽ മെഡിക്കൽ ചിലവുകൾ കൂടി വരുന്നു, ഒരു ഗുരുതര രോഗം വന്നാൽ തീരുന്ന ബാങ്ക് നിക്ഷേപമേ  മധ്യവർഗ്ഗത്തിലുള്ളവർക്ക് പോലുമുള്ളൂ. ഗുരുതര രോഗമുണ്ടാകുന്പോൾ താമസിക്കുന്ന വീട് വരെ വിൽക്കേണ്ടി വരുന്നവരും ഉള്ള പറന്പ് വിൽക്കാൻ കഷ്ടപ്പെടുന്നവരും സമൂഹത്തിൽ കൂടിവരുന്നു.

ഇതുകൊണ്ടൊക്കെത്തന്നെ വയസ്സാകുന്നവർക്കും മെഡിക്കൽ ഇൻഷുറൻസ് ഉണ്ടാകേണ്ടത് ആവശ്യമാണ്, ഒരു പക്ഷെ ചെറുപ്പക്കാരേക്കാൾ അത്യാവശ്യമാണ്. അതുകൊണ്ടാണ്  IRDAI തീരുമാനം കണ്ടപ്പോൾ സന്തോഷമായത്.

പക്ഷെ ഇന്ത്യയിൽ ഇപ്പോഴും മെഡിക്കൽ ഇൻഷുറൻസ് കന്പനികൾ പൂർണ്ണമായും വിശ്വസിക്കാവുന്നവരല്ല എന്നാണ് കാണുന്നത്. അടുത്തയിടെ ആശുപത്രിയിൽ പോകേണ്ടി വന്ന പല ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പണം കിട്ടാൻ ഇൻഷുറൻസുകന്പനികളുമായി മല്ലടിക്കേണ്ടി വരുന്നത് കണ്ടു. ഒരു സുഹൃത്തിന്റെ ഓപ്പറേഷൻ പോലും ഇൻഷുറൻസുകാർ സമ്മതിക്കാത്തത് കൊണ്ട് മാറ്റിവെച്ചിരിക്കുകയാണ്.

അതുകൊണ്ട് തന്നെ  IRDAI തീരുമാനം അവർ അതുപോലെ നടപ്പിലാക്കുമോ എന്ന് സംശയം ഉണ്ടായിരുന്നു.

ഒരു ഇൻഷുറൻസ് ഏജന്റിനോട് ചോദിച്ചപ്പോൾ പറഞ്ഞത് 70 വയസ്സ് വരെ കൊടുക്കാം എന്ന് തീരുമാനമായി എന്നാണ്. ഇന്ന് ഫേസ്ബുക്കിൽ എനിക്ക് പരസ്യം വന്നത് 75 വയസ്സുവരെ ഉള്ളവർക്ക് എടുക്കാം എന്നാണ്. കേരളത്തിൽ എൺപത് വയസ്സ് കഴിഞ്ഞവർ അഞ്ചു ലക്ഷത്തിലധികമുണ്ട്. അവർക്ക് മെഡിക്കൽ ഇൻഷുറൻസ് വേണ്ടേ? അതിനവർക്ക് അവകാശം ഇല്ലേ? ഉണ്ടെന്നാണ് IRDAI പറയുന്നത്.

“Insurers shall ensure that they offer health insurance products to cater to all age groups. Insurers may design products specifically for senior citizens, students, children, maternity, and any other group as specified by the Competent Authority” said a notification issued by the IRDAI.

കൃത്യമാണ്. ഇതനുസരിച്ച് എൺപത് വയസ്സ് കഴിഞ്ഞവർക്ക് പുതിയതായി ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ഏതെങ്കിലും സ്ഥാപനങ്ങൾ അറിയാമോ. ഉണ്ടെങ്കിൽ ഇവിടെ കുറിക്കുമോ?

മുരളി തുമ്മാരുകുടി

May be an image of 4 people and text

Leave a Comment