പൊതു വിഭാഗം

കൊറോണക്കാലത്തെ ചിത്രങ്ങൾ…

കൊറോണക്കാലത്തിന്റെ തുടക്കത്തിൽ ഞാൻ രണ്ടു കാര്യങ്ങൾക്ക് തുടക്കമിട്ടിരുന്നു.
 
1. കൊറോണക്കാലത്ത് ആളുകൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ ഇവ ശേഖരിച്ച് അവയിൽ നിന്നും തെരഞ്ഞെടുത്തവ പ്രസിദ്ധീകരിക്കുക.
 
2. കൊറോണക്കാലത്ത് വരച്ച ചിത്രങ്ങൾ തിരഞ്ഞെടുത്ത് ഒരു എക്സിബിഷൻ നടത്തുക (സിദ്ധാർഥും കൂടി ചേർന്നാണ് ഇത് പ്ലാൻ ചെയ്തത്).
 
വളരെ നല്ല പ്രതികരണമാണ് രണ്ടിനും ലഭിച്ചത്. അഞ്ഞൂറോളം ആളുകൾ കവിതയും ലേഖനങ്ങളും മറ്റും എഴുതി. ഡി സി ബുക്ക്സ് അവയിൽ തിരഞ്ഞെടുത്തത് പ്രസിദ്ധീകരിക്കാമെന്ന് സമ്മതിച്ചു. രചനകൾ കൂടുതൽ ഉണ്ടായത് കൊണ്ട് അവ ഷോർട്ട് ലിസ്റ്റ് ചെയ്യാനും ഏറെ സമയമെടുത്തു. വളരെ നല്ല രചനകളുണ്ടായത് കൊണ്ട് ഒന്നിൽ കൂടുതൽ പുസ്തകങ്ങൾ ആക്കേണ്ടി വരും. രചനകൾ തിരഞ്ഞെടുത്തവരോട് ഓരോരുത്തരോടും സമ്മതപത്രം വാങ്ങണം, എഡിറ്റ് ചെയ്യണം, കവർ ഡിസൈൻ ചെയ്യണം എന്നിങ്ങനെ സാങ്കേതികത്വങ്ങൾ പലതുണ്ട്. പതുക്കെപ്പതുക്കെ അവ തീരുകയാണ്. ആദ്യത്തെ പുസ്തകം ഉടൻ വരും, കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ച പറയാം.
 
ചിത്രങ്ങളുടെ കാര്യത്തിലും വളരെയധികം എൻട്രികൾ ഉണ്ടായിരുന്നു. നൂറ്റി അൻപതിൽ കൂടുതൽ ആളുകളുടെ ആയിരത്തോളം ചിത്രങ്ങൾ. അവയിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യാനും സമയമെടുത്തു.
കൊറോണക്കാലത്തെ തിരഞ്ഞെടുത്ത ചിത്രങ്ങൾ അടുത്ത ഒരാഴ്ച ഇവിടെ പ്രസിദ്ധീകരിക്കാം. പല പ്രായത്തിലുള്ളവരുടെ ചിത്രങ്ങളുണ്ട്. എന്നാൽ പല കുട്ടികളും പ്രായത്തിനപ്പുറം പക്വതയുള്ള ചിത്രങ്ങൾ വരച്ചതിനാൽ ആളുകളുടെ പ്രായം പറയുന്നില്ല. അവസാന തിരഞ്ഞെടുപ്പ് നടത്തുന്പോൾ അവരുടെ പ്രായം കൂടി പരിഗണിച്ചാകും തിരഞ്ഞെടുക്കുക.
 
നിങ്ങൾ ചിത്രങ്ങൾ FB യിൽ കാണണം, ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യണം. നിങ്ങളുടെ ഇഷ്ടം കൂടി അനുസരിച്ചാകും അവസാന തിരഞ്ഞെടുപ്പ്.
രചനകളും ചിത്രങ്ങളും അയച്ചവർക്ക് നന്ദി. സമയം വൈകിയതിന് ക്ഷമാപണം.
 
മുരളി തുമ്മാരുകുടി, Siddharth Muraly

Leave a Comment