1990 കളിലാണ് ഡിസ്ട്രിക്ട് പ്രൈമറി എഡ്യൂക്കേഷൻ പ്രോഗ്രാം (ഡി.പി.ഇ.പി.) എന്നൊരു വിദ്യാഭ്യാസ പദ്ധതി കേരളത്തിൽ വരുന്നത്. പഠനം, പ്രായോഗികതയിൽ ഊന്നിയതും വിദ്യാർത്ഥി സൗഹൃദവും ആക്കുന്ന വിപ്ലവകരമായ ഒരു വിദ്യാഭ്യാസ പരിഷ്കരണം ആയിരുന്നു.
പതിവ് പോലെ എതിർപ്പുകൾ ധാരാളം ഉണ്ടായി. കേരളത്തിന്റെ വിദ്യാഭ്യാസം തകർക്കാനുള്ള ലോകബാങ്കിന്റെ പദ്ധതിയാണ് എന്നതൊക്കെയായിരുന്നു പ്രധാന ആരോപണം. സർക്കാർ സ്‌കൂളുകളിൽ നടപ്പിലാക്കിയാൽ “ദരിദ്രരായ പിള്ളേരെ എങ്ങനെയും പഠിപ്പിക്കാം” എന്നതിന്റെ ചുരുക്കപ്പേരാണ് ഡി.പി.ഇ.പി. എന്നുവരെ അക്കാലത്ത് പറഞ്ഞിരുന്നു. ഇതിനെ ആസ്പദമാക്കി ശ്രീനിവാസൻ ‘ഇംഗ്ലീഷ് മീഡിയം’ എന്ന സിനിമ എടുത്തു. പൊതുബോധം അതിനെതിരായി.
എതിർപ്പുകൾ കൂടിവന്നപ്പോൾ സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചു. ഇന്ന് നമ്മൾ ആദരവോടെ നോക്കിക്കാണുന്ന ഫിൻലൻഡ് വിദ്യാഭ്യാസ രീതിയും ഡി.പി.ഇ.പി. യും ഒരേ അടിസ്ഥാനത്തിൽ നിന്നും വരുന്നതാണ്.
ഡി.പി.ഇ.പി. കാലത്ത് സ്‌കൂളിൽ പഠിച്ച ധാരാളം കുട്ടികളോട് സംസാരിച്ചിട്ടുണ്ട്. അവർക്കെല്ലാം അതിനെ പറ്റി ആദരവും അഭിമാനവും ആണ്. എന്നിട്ടും നിർഭാഗ്യവശാൽ നമ്മുടെ വിദ്യാഭ്യാസം കാലോചിതമാക്കാനുള്ള അവസരം എന്നേക്കുമായി നഷ്ടപ്പെട്ടു.
ഡി.പി.ഇ.പി. നടപ്പിലാക്കാൻ വേണ്ടി ഏറെ ശ്രമിച്ച ശ്രീ. ജയകുമാർ ഐ. എ. എസിന്റെ ‘ചരിത്രം എന്നിലൂടെ’ കേൾക്കുന്നു. 1300 പ്രസംഗങ്ങൾ ഡി.പി.ഇ.പി. യെപ്പറ്റി സമൂഹത്തിൽ അവബോധം ഉണ്ടാക്കാൻ വേണ്ടി നടത്തി എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ പ്രയോജനം ഉണ്ടായില്ല. പുതിയതായി വരുന്ന എന്തിനെയും എതിർക്കുന്ന, ഒരു സർക്കാർ കൊണ്ടുവരുന്ന മാറ്റങ്ങൾ അടുത്ത സർക്കാർ അട്ടിമറിക്കുന്ന രീതി ഈ മാറ്റത്തെ കൊന്നു. നഷ്ടം ഒരു പാർട്ടിക്കോ മുന്നണിക്കോ മാത്രമല്ല, മൊത്തം സമൂഹത്തിനാണ്.
സിനിമയും സിവിൽ സർവ്വീസും അക്കാദമിക്‌സും ഉൾപ്പെടെ കേരളത്തിലെ സാമൂഹ്യ മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന ജയകുമാർ സാറിനെ കേൾക്കുന്നത് എത്ര സന്തോഷമുള്ള കാര്യമാണ്.
കേട്ടിരിക്കേണ്ടതാണ്.
മുരളി തുമ്മാരുകുടി
Leave a Comment