പൊതു വിഭാഗം

സ്വപ്നം പോലെ ഒരു ദിവസം…

ഇന്നത്തേത് ഒരു സ്വപ്ന സാക്ഷാൽക്കാരത്തിന്റെ ദിവസം ആയിരുന്നു. നാളെ മുതൽ സിദ്ധാർത്ഥിന്റെ ചിത്രപ്രദർശനമാണ് എന്ന് പറഞ്ഞിരുന്നുവല്ലോ. ഇന്നതിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ആയിരുന്നു.

സിദ്ധാർത്ഥിന്റെ ആദ്യത്തെ ചിത്രപ്രദർശനം ആണ്. ഇത്രയും ആളുകളുടെ മുൻപിൽ സിദ്ധാർഥ് ശ്രദ്ധാകേന്ദ്രം ആകുന്നതും ആദ്യമായിട്ടാണ്. അതെങ്ങനെ സിദ്ധാർഥ് മാനേജ് ചെയ്യും എന്ന് സംശയം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അടുത്ത ബന്ധുക്കളെ മാത്രമേ ക്ഷണിച്ചുള്ളൂ, അടുത്ത കൂട്ടുകാരെ പോലും ക്ഷണിച്ചതുമില്ല. അൻപത് പേരെയാണ് പ്രതീക്ഷിച്ചത്.

പക്ഷെ എല്ലാ പ്രതീക്ഷകളെയും മറികടന്ന പ്രതികരണമായിരുന്നു എല്ലായിടത്തു നിന്നും. സമയത്തിന് അര മണിക്കൂർ മുൻപേ ചോയ്‌സ് സ്‌കൂളിലെ അവന്റെ പ്രിൻസിപ്പൽ എത്തി, പതിനഞ്ചു മിനുട്ട് മുൻപ് തന്നെ ജസ്റ്റീസ് മുഹമ്മദ് മുഷ്താഖും. ഉത്ഘാടനം വിചാരിച്ച സമയത്ത് തന്നെ നടന്നു. സിദ്ധാർത്ഥിന്റെ അധ്യാപകർ ഏറെ എത്തി. പറഞ്ഞു കേട്ട് സുഹൃത്തുക്കൾ എത്തി, സദസ്സിൽ എണ്ണം നൂറു കവിഞ്ഞു.

ബിന്ദു ആണ് സിദ്ധാർത്ഥിനെ പരിചയപ്പെടുത്തിയത്. ഹ്രസ്വമെങ്കിലും സുന്ദരമായ ഒരു പ്രസംഗം മുഖ്യാതിഥി നടത്തി. സർഗ്ഗശേഷി ഉള്ളവരുടെ കഴിവുകൾ എന്നെങ്കിലും സമൂഹം മനസ്സലാക്കുക തന്നെ ചെയ്യും എന്ന് വാൻ ഗോഗിന്റെ കഥ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.

ഒരു വാക്കുപോലും സംസാരിക്കാതെ ചോയ്‌സ് സ്‌കൂളിൽ എത്തിയ കുട്ടിയിൽ നിന്നും കഴിഞ്ഞ പത്തു വർഷത്തിൽ സിദ്ധാർത്ഥിന്റെ സംസാരത്തിലും വ്യക്തിത്വത്തിലും ഉണ്ടായ മാറ്റത്തെപ്പറ്റി പ്രിൻസിപ്പാൾ സുനിത സതീഷ് സംസാരിച്ചു.

സിദ്ധാർത്ഥിന്റെ ഊഴമായി. രണ്ടു ദിവസമായി പ്രാക്ടീസ് ചെയ്യിച്ചതാണ്, എന്നാലും മനസ്സിൽ ടെൻഷൻ. ആദ്യമായി സംസാരിക്കുന്നത് ആർക്കും ടെൻഷൻ ഉണ്ടാക്കും. ഞാൻ തന്നെ ആദ്യം സ്റ്റേജിൽ കയറി നിന്നു സംസാരിക്കുന്നത് ഇരുപത്തി അഞ്ചു വയസ്സിന് ശേഷമാണ്. അപ്പോൾ സിദ്ധാർഥ് എങ്ങനെ കൈകാര്യം ചെയ്യും എന്ന പേടി.

പക്ഷെ പേടിക്കേണ്ട കാര്യം ഒന്നും ഉണ്ടായിരുന്നില്ല. സദസ്സിൽ ആളുകളുടെ എണ്ണം കൂടിയതും പരിചയം ഇല്ലാത്തവർ ഉണ്ടായിരുന്നതും ഒന്നും അവനെ അലോസരപ്പെടുത്തിയില്ല. വാക്കുകൾ ഇല്ലാതിരുന്ന കാലത്തിന്റെ ഓർമ്മകൾ ആണ് തന്റെ പ്രദർശനമെന്നും മറ്റുള്ളവരോട് സംവദിക്കാനുള്ള തന്റെ മാധ്യമമാണ് ചിത്രകല എന്നും അവൻ പറഞ്ഞു. പ്രദർശനത്തിന് വന്നതിന് എല്ലാവരോടും നന്ദി പറഞ്ഞു.
എന്റെ മനസ്സ് നിറഞ്ഞു, കണ്ണും.

ഇന്ന് ഉദ്ഘാടനത്തിന് ഞങ്ങൾ വിളിച്ചും പറഞ്ഞുകേട്ടും വന്ന എല്ലാവർക്കും നന്ദി. വിളിക്കാതിരുന്നതിന് പരിഭവിക്കരുത്. പ്രദർശനം കാണാൻ എങ്ങനെയും വരണം.

നാളെ മുതൽ ഏഴാം തിയതി വരെ രാവിലെ പതിനൊന്നു മുതൽ വൈകീട്ട് ഏഴു വരെ ദർബാർ ഹാളിൽ പ്രദർശനം തുടരും. മുഴുവൻ സമയവും സിദ്ധാർഥ് അവിടെ കാണും. മിക്കവാറും സമയം ഞാനും. വരണം.

നാളെ രാവിലെ ഞാൻ ഉണ്ടാവില്ല. ഉച്ചക്ക് വി കെ ശശിധരൻ മാഷ് ഉണ്ടാകും, ഞാനും. പൂതപ്പാട്ട് നേരിൽ കേൾക്കാൻ താല്പര്യമുള്ളവർ രണ്ടു മണി കഴിയുമ്പോൾ ദർബാർ ഹാളിലേക്ക് പോരൂ.

Leave a Comment