പൊതു വിഭാഗം

പുതുവത്സര ദിനത്തിൽ എന്റെ കൂട്ടുകാരോട് ഒരു ചെറിയ ആവശ്യം..

രണ്ടായിരത്തി പതിനേഴിന്റെ അവസാനത്തെ ദിവസം ആണിന്ന്. നാളെ പുതു വർഷം.

പുതുവർഷം നമുക്കെല്ലാം സന്തോഷത്തിന്റെ ദിവസമാണ്, പ്രതീക്ഷയുടെയും. മറ്റൊരാൾക്ക് സന്തോഷവും പ്രതീക്ഷയും നൽകാനുള്ള അവസരവും കൂടിയാണ്.

എന്റെ ഒരു ഫേസ്ബുക്ക് സുഹൃത്തിന്റെ മിടുക്കിയായ, ഈ വർഷം ജൂണിൽ ടെറസ്സിൽ നിന്നും വീണ് കഴുത്തിന് താഴേക്ക് പൂർണ്ണമായും തളർന്നുപോയ സഹോദരിക്ക് വേണ്ടിയാണ് ഈ പോസ്റ്റ്. ഇരുപത്തിരണ്ടു വയസ്സാണ് പ്രായം, എം എ വിദ്യാർത്ഥിനിയാണ്, പാവപ്പെട്ട കുടുംബത്തിൽ നിന്നാണ്, ഉപ്പ മരിച്ചുപോയതാണ്, ഉമ്മയും ഒരു ചേച്ചിയും മാത്രമേ ഉള്ളൂ.

പഠനം തുടരണമെന്നും സ്വന്തമായി ജോലി സമ്പാദിക്കണമെന്നും ആരെയും ആശ്രയിക്കാതെയും ബുദ്ധിമുട്ടിക്കാതെയും ഇനിയുള്ള കാലം ജീവിക്കണമെന്നും കുട്ടിക്ക് ആഗ്രഹമുണ്ട്. അതിന് ആദ്യം വേണ്ടത് യാത്രാസൗകര്യം ആണ്. ഒരു ഇലക്ട്രോണിക് വീൽ ചെയർ, പിന്നീട് തുടർ ചികിത്സ, ഒക്കെ ലഭിച്ചാൽ പഠനം തുടരാം എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.

ഈ കുട്ടിയുടെ സാമ്പത്തിക സ്ഥിതിയിൽ ഇതെല്ലാം താങ്ങാൻ പറ്റാത്തതാണ്. വീൽ ചെയറിനു തന്നെ രണ്ടര ലക്ഷം രൂപ ആകും. സർക്കാർ സംവിധാനങ്ങളിൽ നിന്നും സഹായം കിട്ടിയത് പതിനയ്യായിരം രൂപയാണ്. ഗവേഷണ വിദ്യാർത്ഥിനിയായ സഹോദരി സ്കോളര്ഷിപ്പിൽ നിന്നും മിച്ചം വച്ച് എഴുപതിനായിരത്തോളം രൂപ സ്വരുക്കൂട്ടിയിട്ടുണ്ട്. നമ്മളെല്ലാം ഒത്തു ശ്രമിച്ചാൽ കുറച്ചു പണം സംഘടിപ്പിച്ച് ഈ കുട്ടിക്ക് ഒരു വീൽ ചെയറും, തുടർന്ന് പഠനത്തിനും ചികിത്സക്കും ആയി അല്പം തുകയും സംഘടിപ്പിക്കാൻ പറ്റും. അഞ്ചു ലക്ഷം രൂപയാണ് എന്റെ ടാർഗറ്റ്.

ഈ തുക ഒരു വലിയ തുകയല്ല, നമ്മൾ ഒരുമിച്ച് ശ്രമിച്ചാൽ ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കാവുന്നതേ ഉളളൂ. നിങ്ങളിൽ കഴിയാവുന്നത് ചെയ്യണം. അതെത്ര കുറവാണെങ്കിലും കുഴപ്പമില്ല. നിങ്ങൾ എല്ലാവരും എത്രയോ നല്ല കാര്യങ്ങൾക്ക് പണം മുടക്കുന്നു എന്നെനിക്ക് അറിയാം, അതിനാൽ ഒരാൾ പതിനായിരത്തിന് മുകളിൽ തരികയും വേണ്ട. ഇക്കാര്യത്തിൽ എനിക്കാവുന്നതെല്ലാം ഞാനും ചെയ്യാം.

പുതുവർഷത്തിലെ നന്മയുടെ ഈ സംരംഭത്തിൽ പങ്കുചേരാൻ താല്പര്യം ഉള്ളവർ ഇവിടെ “എനിക്ക് താല്പര്യം ഉണ്ട്” എന്ന് പോസ്റ്റ് ചെയ്താൽ. അല്ലെങ്കിൽ ഒരു കുത്തിട്ടാൽ, ഞാൻ ഇൻബോക്സിൽ വന്ന് കൂടുതൽ വിവരങ്ങളും അക്കൗണ്ട് നമ്പറും തരാം.

ഈ പുതുവർഷം ഒരാൾക്ക് കൂടി പ്രത്യാശയുടേതാകട്ടെ

മുരളി തുമ്മാരുകുടി

3 Comments

Leave a Comment