പൊതു വിഭാഗം

രോഗിയുടെ അവകാശങ്ങൾ, ഉത്തരവാദിത്തങ്ങളും…

കൂടെ ജോലി ചെയ്യുന്ന ഒരാൾക്ക് പെട്ടെന്ന് രോഗം വന്നതിനാൽ ഇന്നലെ മുഴുവൻ നൈറോബിയിലെ ആഗാ ഖാൻ യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്നു. ഒരു എമർജൻസി ഓപ്പറേഷൻ വന്നെങ്കിലും കാര്യങ്ങൾ നിയന്ത്രണത്തിലാണ് (കഴിഞ്ഞ ആറു മാസത്തിനകം ഇത് രണ്ടാമതാണ് യാത്രക്കിടയിൽ സഹപ്രവർത്തകർക്ക് അടിയന്തിരമായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതും ഓപ്പറേഷൻ വേണ്ടിവരുന്നതും. ഞാൻ ഓപ്പറേഷൻ മാനേജരായി ചാർജ്ജ് എടുത്തതിന് ശേഷം ‘മാനേജ്‌മെന്റി’ലും അധികം ‘ഓപ്പറേഷനി’ലാണ് ശ്രദ്ധ ചെലുത്തുന്നത് എന്നൊക്കെ ആളുകൾ അടക്കം പറയുന്നുണ്ട്, കാര്യമാക്കുന്നില്ല. മുൻപ് പറഞ്ഞത് പോലെ അഫ്ഘാനിസ്ഥാൻ തൊട്ട് ആഫ്രിക്ക വരെ യുദ്ധവും ദുരന്തവുമുള്ള നാടുകളിൽ യാത്ര ചെയ്യുമ്പോൾ ഞാൻ കൂടുതൽ ഭയക്കുന്നത് ബോംബിനെയും തോക്കിനെയും ആഫ്റ്റർഷോക്കിനെയും ഒന്നുമല്ല, റോഡപകടം, മലേറിയ, പെട്ടെന്ന് വഷളാവുന്ന രോഗങ്ങൾ എന്നതിനെ ഒക്കെയാണ്.

ഇന്നത്തെ പോസ്റ്റിന്റെ വിഷയം അതല്ല. ഇവിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ആദ്യം നേഴ്സ് ചെയ്‌തത്‌ ‘രോഗിയുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും’ എന്നതിനെക്കുറിച്ച് പത്തു മിനിറ്റ് ബ്രീഫിങ്ങ് ആണ്. ഇങ്ങനെ ചെയ്യുന്നു എന്നതും, ഇതിൽ പറയുന്ന കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കേണ്ടതും മാതൃകയാക്കേണ്ടതുമാണ്. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു ഡോക്ടറെ ഇഷ്ടമല്ലെങ്കിൽ രണ്ടാമതൊരാളെ വേണമെന്ന് പറയാമെന്നതും, ആശുപത്രിക്ക് പുറത്തു നിന്ന് പോലും സെക്കൻഡ് ഒപ്പീനിയൻ എടുക്കാമെന്നതും. നാട്ടിൽ വലിയ ഈഗോ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വിഷയങ്ങളാണ്. നമ്മുടെ എല്ലാ റിപ്പോർട്ടും എപ്പോൾ ആവശ്യപ്പെട്ടാലും നമുക്ക് അവകാശപ്പെട്ടതാണെന്ന വകുപ്പും ഏറെ നല്ലതാണ്. ഇന്നലെ തന്നെ എല്ലാ റിപ്പോർട്ടും എനിക്ക് അപ്പോളപ്പോൾ ഇമെയിലിൽ കിട്ടി. നാട്ടിലെ സുഹൃത്തുക്കളോട് രണ്ടാമത് അഭിപ്രായം ചോദിക്കാനും, അവർ പറഞ്ഞുതന്ന കാര്യങ്ങൾ ഇവിടുത്തെ ഡോക്ടറുമായി പങ്കുവെക്കാനും പറ്റി. വലിയ ആശ്വാസമാണ് ഇതൊക്കെ നൽകുന്നത്. ആശുപത്രിയിലെ ബില്ല് സമയത്തിന് അടക്കുക, ആശുപത്രിയിലെ സ്റ്റാഫിനെ ചീത്ത പറയുകയോ അടിപിടി ഉണ്ടാക്കുകയോ ചെയ്യാതിരിക്കുക എന്നിങ്ങനെ നമുക്ക് പാലിക്കേണ്ട ഉത്തരവാദിത്തങ്ങളുമുണ്ട്.

കേരളത്തിലെ ഏതെങ്കിലും ആശുപത്രികളിൽ ഇത്തരം ബ്രീഫിങ്ങുകൾ ഉണ്ടോ എന്നറിയില്ല. കേരളത്തിലെ എല്ലാ ആശുപത്രികൾക്കും ബാധകമായ ഇതുപോലൊരു മാർഗ്ഗനിർദ്ദേശം നമ്മുടെ ആരോഗ്യവകുപ്പിന് ഉണ്ടാക്കാവുന്നതേ ഉളളൂ. ഇല്ലെങ്കിൽ ആരോഗ്യരംഗത്ത് പുതിയ പ്രവണത കൊണ്ടുവരുന്ന ഇൻഫോക്ലിനിക്കുകാർ ഏറ്റെടുത്തു തുടങ്ങി വച്ചാലും മതി. തൽക്കാലം തെറ്റായ പെരുമാറ്റങ്ങൾ രണ്ടു വശത്തു നിന്നുമുണ്ട്, അത് മാറണം.

(നെയ്‌റോബിയിൽ എമർജൻസി വന്നിട്ടും ഒട്ടും വിഷമിച്ചില്ല. ഫേസ്ബുക്ക് സുഹൃത്തുക്കളായ ഇവിടുത്തെ മലയാളികൾ ഒരു വശത്ത്, ടെലിമെഡിസിനുമായി സെക്കൻഡ് ഒപീനിയന് നാട്ടിലെ ഡോക്ടർമാർ മറുവശത്ത്. ഇന്റെർനെറ്റിന് നന്ദി! കൂടെ സാഹായിച്ചവർക്കും, അതിന് റെഡി ആയവർക്കും)

മുരളി തുമ്മാരുകുടി.

Leave a Comment