പൊതു വിഭാഗം

ഹർത്താലില്ലാത്ത കേരളം !

ഹർത്താലിനെതിരെ വാഹനങ്ങളുടെ ലൈറ്റ് തെളിക്കുന്ന ഒരു സമരം നാളെ കേരളത്തിൽ നടക്കുകയാണ്. നല്ല കാര്യം. നട്ടുച്ചക്ക് ലൈറ്റ് തെളിച്ചാലെങ്കിലും ഹർത്താൽ പ്രഖ്യാപിക്കുന്നവർ ശ്രദ്ധിക്കുമോ എന്ന് നോക്കാം.

ആർക്കും എപ്പോഴും എവിടെയും എടുത്തു പ്രയോഗിക്കാവുന്ന ഒരു പരിപാടിയായി ഹർത്താൽ മാറിക്കഴിഞ്ഞു. കേരളം അപ്പാടേയും കുറച്ചു പ്രദേശത്തും ഒക്കെയായി എൺപത്തേഴ് ഹർത്താൽ ഈ വർഷം ഉണ്ടായി എന്ന് എവിടെയോ വായിച്ചു. ആഴ്ചയിൽ ഒന്നിൽ കൂടുതലായി ഇത്. നിപ്പയും പ്രളയവും കാരണം ബിസിനസ്സ് ഡൌൺ ആയിരിക്കുന്ന സമയമാണിത്, ആളുകളുടെ തൊഴിൽ ഏറെ നഷ്ടപ്പെട്ട സമയവും. എന്നാലും ഏത് നിസ്സാര കാര്യത്തിനും സംഘടനകൾ ഹർത്താൽ പ്രഖ്യാപിക്കുന്നു.

ഒരു ഹർത്താൽ പ്രഖ്യാപിച്ചാൽ അതെന്തിനാണോ പ്രഖ്യാപിച്ചത് ആ വിഷയത്തിൽ പിന്നെ ആർക്കും ശ്രദ്ധയില്ല. ഹർത്താൽ നടത്തി ഇവിടെ ഒരു പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടും ഇല്ല. ഹർത്താൽ ദിവസം പരമാവധി ആളുകളുടെ ജീവിതം സ്തംഭിപ്പിക്കുക എന്നതാണ് ലക്ഷ്യം. ബസുകൾ ഓടിയില്ലെങ്കിൽ, കടകൾ അടച്ചു കിടന്നാൽ, റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഓടിയില്ലെങ്കിൽ ഹർത്താൽ ‘ലക്ഷ്യം കണ്ടു’ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അതുകൊണ്ടു തന്നെ ബസിന് കല്ലെറിഞ്ഞും കടകൾ നിർബന്ധമായും അടപ്പിച്ചും ആശുപത്രിയിൽ പോകുന്നവരുടെ പോലും വണ്ടിയുടെ കാറ്റഴിച്ചുവിട്ടും സമരം വിജയപ്പിക്കാൻ നോക്കുന്നു.

ഇതെന്ത് തരം ജനാധിപത്യമാണ് ?

ഈ സ്ഥിതി മാറിയേ പറ്റൂ. നമ്മുടെ ജീവിതത്തെ നിർബന്ധമായി സ്തംഭിപ്പിപ്പിക്കുന്ന ഒരു സമരവും ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല, അംഗീകരിക്കേണ്ടതും അല്ല. പക്ഷെ സമരകാരണങ്ങളോടുള്ള അനുഭാവമല്ല, സമരത്തിനെതിരെ എന്തെങ്കിലും ചെയ്താലുണ്ടാകുന്ന ആപത്തുകളും നഷ്ടവും ഓർത്തിട്ടാണ് ആളുകൾ അന്ന് സ്വന്തം തൊഴിൽ മുടക്കുന്നത്.

എത്ര വലിയ നഷ്ടമാണ് ഇതുകൊണ്ട് ഉണ്ടാകുന്നതെന്ന് നമ്മൾ ചിന്തിക്കുന്നില്ല. നമ്മുടെ ടൂറിസം ഇപ്പോൾ തന്നെ ശ്രീലങ്കയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. എന്നും എവിടെയും എപ്പോൾ വേണമെങ്കിലും ഹർത്താൽ പൊട്ടിപ്പുറപ്പെടുന്ന നാട്ടിലേക്ക് ആരാണ് ടൂറിസ്റ്റ് ആയി വരാൻ പോകുന്നത്, ഹർത്താലുകളിൽ പെട്ട് ചീഞ്ഞുപോകുന്ന പച്ചക്കറിക്ക് ആരാണ് ഉത്തരം പറയുന്നത്, ഹർത്താൽ ദിവസം പണിയെടുക്കാൻ പറ്റാത്ത ദിവസക്കൂലിക്കാരന് ആരാണ് നഷ്ട പരിഹാരം നൽകുന്നത്, സ്ഥിരം ഹർത്താൽ വരുന്ന തുറമുഖത്തു നിന്നും കപ്പലുകൾ അടുത്ത രാജ്യത്തേക്കും സംസ്ഥാനത്തിലേക്കും ഒക്കെ പോയാൽ അവരെ കുറ്റം പറയാൻ പറ്റുമോ, സ്വന്തം നാട്ടിലേക്ക് തിരിച്ചു വന്ന് എന്തെങ്കിലും പ്രസ്ഥാനങ്ങൾ നടത്തണമെന്ന് ചിന്തിക്കുന്പോൾ തന്നെ ആഴ്ചയിൽ ഒരു ഹർത്താൽ ഉണ്ടാകുമെന്നും അന്ന് പണി നടത്തിയാൽ തല്ലുകൊള്ളുമെന്നും ഹർത്താലിന് സ്വന്തം പ്രസ്ഥാനം തല്ലിപ്പൊളിക്കപ്പെട്ടാൽ അതിന് ആരും ഉത്തരം പറയില്ലെന്നും അതുകൊണ്ടു തന്നെ നാട്ടിലേക്ക് തിരിച്ചു പോകേണ്ട എന്നും ചിന്തിക്കുന്ന എത്രയോ ആളുകളെ എനിക്കറിയാം.

ഒരു ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷെ ജനാധിപത്യത്തിൽ ശരിക്കും വിശ്വസിക്കുന്നുണ്ടെങ്കിൽ നമുക്ക് പ്രതിഷേധിക്കാനുള്ള അവകാശം പോലെ തന്നെ പ്രധാനമാണ് മറ്റുള്ളവർക്ക് അവരുടെ ദൈനംദിന കാര്യങ്ങളുമായി മുന്നോട്ടു പോകാനുള്ള അവകാശം.

നാളെ കേരളത്തിലെ എല്ലാ വാഹനങ്ങളുടെയും ലൈറ്റ് തെളിഞ്ഞിരിക്കട്ടെ, അത് ആളുകൾ ശ്രദ്ധിക്കട്ടെ. രണ്ടായിരത്തി പതിനെട്ട് ഹർത്താലുകളുടെ അവസാന വർഷം ആകട്ടെ.

ഹർത്താൽ വിരുദ്ധ പ്രതിഷേധത്തിന് എല്ലാ പിന്തുണയും.

#SayNoToHarthal

മുരളി തുമ്മാരുകുടി

 

Leave a Comment