പൊതു വിഭാഗം

ഹോ, ഇത് മതി…

സ്വാതന്ത്ര കേരളത്തിന്റെ എഴുപതാം വാർഷികം പ്രമാണിച്ച് ഡി സി ബുക്ക്സ് കേരളത്തിൽ ഈ എഴുപത് വർഷത്തിൽ ഓരോ രംഗത്തുമുണ്ടായ മാറ്റങ്ങളെക്കുറിച്ച് കുറേ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. സുരക്ഷയെപ്പറ്റി എഴുതിയത് ഞാനാണ്. ‘ഹോ’ എന്നാണ് അവരതിന് പേരിട്ടത്.
 
ഒരു വർഷം എണ്ണായിരത്തോളം പേരാണ് കേരളത്തിൽ അപകടത്തിൽ മരിക്കുന്നത്. അത് ഓരോ വർഷവും കൂടുകയാണ്, നമ്മുടെ ജനസംഖ്യ കൂടുന്നതിലും പല മടങ്ങ് വേഗത്തിൽ. ഓരോ സർക്കാരിന്റെ കാലാവധി കഴിയുമ്പോഴും നാല്പത്തിനായിരത്തോളം പേർ കാലാവധി എത്താതെ മരിച്ചിരിക്കും. ഈ സർക്കാരിന്റെ കാലത്തായിരിക്കും വാർഷിക അപകടമരണ സംഖ്യ പതിനായിരം കടക്കുന്നത്.
 
കഷ്ടം എന്താണെന്ന് വച്ചാൽ ഇപ്പോൾ നമുക്ക് അറിയാവുന്ന കാര്യങ്ങൾ മാത്രം ഉപയോഗിച്ച്, കേരളത്തിൽ പുതിയതായി ഒരു നിയമവും കൊണ്ടുവരാതെ നമ്മുടെ ജനങ്ങളുടെ സുരക്ഷാബോധത്തിൽ മാറ്റമുണ്ടാക്കിയാൽ മാത്രം മരണസംഖ്യ പകുതിയാക്കാം. അതായത് ഒരു സർക്കാർ വിചാരിച്ചാൽ മാത്രം അവരുടെ ഭരണ കാലയളവിൽ ഇരുപതിനായിരം ജീവൻ രക്ഷിക്കാം.
 
ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. സ്‌കൂൾ തുറക്കുന്ന ദിവസം ഒരു അരമണിക്കൂർ സുരക്ഷാ ഓറിയന്റേഷൻ നടത്തണം എന്ന എന്റെ നിർദ്ദേശം വർഷങ്ങളായി പൊടിപിടിച്ചു കിടക്കുന്നു. ഫ്ളാറ്റുകളിലെ സുരക്ഷക്ക് വേണ്ടി മാത്രം ഞാൻ എഴുതിയ കൈപ്പുസ്തകം വെറുതെ കൊടുത്തിട്ട് പോലും ആരും വായിക്കുന്നില്ല.
 
ഈ ‘ഹോ’ എന്ന പുസ്തകം ഞാൻ കേരളത്തിലെ ജനപ്രതിനിധികൾ ഉൾപ്പടെ നൂറുകണക്കിന് ആളുകൾക്ക് സൗജന്യമായി കൊടുത്തിരുന്നു. ആരെങ്കിലും വായിച്ചോ എന്നറിയില്ല. പബ്ലിഷ് ചെയ്ത ആഴ്ചയിൽ ഇവിടെ ഫേസ്ബുക്കിൽ വന്നു നല്ല വാക്ക് പറഞ്ഞ എന്റെ വായനക്കാരല്ലാതെ ആരും തന്നെ ഇതിനെപ്പറ്റി പറഞ്ഞുപോലും ഞാൻ കേട്ടില്ല. തൽക്കാലം ആ പുസ്തകത്തിൽ നിന്നുള്ള പ്രതീക്ഷ ഞാൻ ഉപേക്ഷിച്ചിരുന്നു.
കഴിഞ്ഞ മാസം എന്റെ ബന്ധുവും കൂടിയായ Rema K Nair ആണ് വീണ്ടും ആ പുസ്തകത്തെക്കുറിച്ച് പറഞ്ഞത്. നേരെ വാ നേരെ പോ എന്നെ സ്വഭാവക്കാരിയാണ് രമ. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കാര്യം മുഖത്തു നോക്കി പറയും. ആ രമ “പുസ്തകം സൂപ്പർ ആയി” എന്ന് പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി.
 
 
ഇന്നിപ്പോൾ മറുനാടനിൽ Shaji Jacob ന്റെ റിവ്യൂ. വായിച്ചിട്ട് സന്തോഷവും സങ്കടവും വന്നു. മെയിൻ സ്ട്രീമിൽ ഒന്നും പെടാത്ത ഒരു വിഷയത്തെക്കുറിച്ചുള്ള ബുക്ക് റിവ്യൂ ചെയ്തല്ലോ എന്നത് സന്തോഷം. പക്ഷെ ഇതുകഴിഞ്ഞാലും ദിവസം ഇരുപത് എന്ന നിലയിൽ മരണങ്ങൾ ഇനിയും നടക്കുമല്ലോ എന്നതാണ് സങ്കടം.
 
കേരളത്തിലെ സ്‌കൂൾ കരിക്കുലത്തിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസുകളിൽ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഓരോ വിഷയങ്ങൾ നിർബന്ധമായും പഠിപ്പിക്കണം. അങ്ങനെ ചെയ്താൽ ഒരു രണ്ടായിരത്തി മുപ്പത് ആകുമ്പോൾ എങ്കിലും നമ്മുടെ സുരക്ഷാ സംസ്കാരം മാറും, അപകടങ്ങൾ കുറയും, മരണങ്ങളും.
 
അതുവരെ മരണങ്ങൾ തുടർന്നുകൊണ്ടേ ഇരിക്കും. അത് നമ്മുടെ പടി കടന്നുവരുന്നത് വരെ മറ്റുള്ളവർക്ക് സംഭവിക്കുന്നത് മാത്രമാണ് എന്നോർത്തിരിക്കാം. പക്ഷെ സംരക്ഷിക്കുക എന്നതേ നിങ്ങൾക്ക് ചെയ്യാനുള്ളൂ. കടമ്മനിട്ട പാടിയതു പോലെ ‘നിന്റെ കാര്യം ഇനി നിൻകാര്യം മാത്രം, എന്റെ കാര്യം ഞാൻ കോ കോ കോ കൊക്കോ.”
സങ്കടമുണ്ട് കേട്ടോ…
 
Thank you Shaji
 
http://www.marunadanmalayali.com/column/pusthaka-vich-ram/ho-keralathe-nadukkiya-durandangalum-nivarana-margangalum-by-muralee-thummarukudi-98480

Leave a Comment