പൊതു വിഭാഗം

സൗഹൃദത്തിന്റെ അവിയൽ!

എന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ താഴെ വരുന്ന കമന്റ്സിൽ Deepa Praveen, Smitha V Sreejith Sangeeth Surendran Shaju Haneef Naseena Methal Sreeja Shyam Priya Kiran Jayaram എന്നിവരുടെ സ്ഥിരം സാന്നിധ്യം ഒരുപക്ഷെ നിങ്ങൾ ശ്രദ്ധിച്ചിരിക്കും. പലപ്പോഴും പരസ്പരം കാലുവാരിയും പാര വെച്ചും കളിയാക്കിയും പ്രത്യക്ഷത്തിൽ അകൽച്ചയിലായിരുന്നെങ്കിലും ഞങ്ങൾ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. പല രാജ്യങ്ങളിൽ, പല സാഹചര്യങ്ങളിൽ, പല തൊഴിൽ ചെയ്യുന്നതുകൊണ്ട് വിഭിന്നമായ അനുഭവങ്ങളിലൂടെയും അഭിപ്രായങ്ങളിലൂടെയുമാണ് ഞങ്ങൾ ഒരു സൗഹൃദ കൂട്ടായ്മയിലെത്തിയത്. കൊണ്ടും കൊടുത്തും അതിപ്പോഴും മുന്നേറുന്നു.

ഫേസ്ബുക്കിന്റെ ലോകത്താണ് ഞാൻ ഇവരെയെല്ലാം കണ്ടെത്തിയത്. പിന്നെ പലപ്പോഴായി പലയിടത്തായി നേരിൽ കണ്ടു. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ കട്ടഫ്രണ്ട്സ് ആണ്. ഫേസ്ബുക്ക് ഫ്രണ്ട്സ് എന്നാൽ യഥാർത്ഥ ഫ്രണ്ട്സ് അല്ല എന്ന ചിന്തക്കും, പ്രായം കൂടുന്തോറും പുതിയ ഫ്രണ്ട്സ് ഉണ്ടാകാൻ ബുദ്ധിമുട്ടാണ് എന്ന സത്യത്തിനും ഒരു അപവാദമായിരുന്നു ഞങ്ങളുടെ ഈ കൂട്ടായ്മ. ഔദ്യോഗികവും വ്യക്തിപരവുമായ രംഗങ്ങളിൽ സഹായിച്ചും സഹകരിച്ചും ചുരുങ്ങിയ കാലം കൊണ്ട് ഞങ്ങൾക്ക് ഓരോരുത്തർക്കും വിലപ്പെട്ടതായി മാറി ഈ കൂട്ടായ്മ.

ഈ കൂട്ടായ്മയെ അടയാളപ്പെടുത്തുന്ന ഒരു പുസ്തകം ഞങ്ങൾ പ്രസിദ്ധീകരിക്കുകയാണ്. പുളുക്കഥ തൊട്ട് രാഷ്ട്രീയം വരെ, യാത്രാവിവരണം തൊട്ട് കവിത വരെ എല്ലാം ഇതിലുണ്ട്. വിവിധ ജീവിത, തൊഴിൽ രംഗത്തുള്ളവർ ചേർന്ന് എഴുതിയതിനാലും സാഹിത്യത്തിൻറെ വിവിധ ചേരുവകൾ ചേർത്തുണ്ടാക്കിയതായതിനാലും “അവിയൽ” എന്നാണീ ബുക്കിന്റെ പേര്.

ആഗസ്റ്റ് ഇരുപത്തി ആറാം തിയതി ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് തൃശൂരിലെ കേരള സാഹിത്യ അക്കാദമിയിൽ ചങ്ങമ്പുഴ ഹാളിലാണ് പുസ്തകപ്രകാശനം. ഫേസ്‌ബുക്കിലൂടെ നിങ്ങൾക്കും പരിചിതരായ, ഈ കൂട്ടായ്മയിലെ അംഗങ്ങളെ നേരിൽ കാണാനുള്ള അവസരം കൂടിയാണിത്.

വൈകിട്ട് നാല് മണിമുതൽ “പഴം പൊരി പേ ചർച്ച” യായിട്ട് ഞാൻ ചങ്ങമ്പുഴ ഹാളിൽ തന്നെ കാണും. വരുന്നവർ പുസ്തക പ്രകാശനവും കഴിഞ്ഞേ പോകൂ എന്ന് പ്രതീക്ഷിക്കുന്നു. ചില സർപ്രൈസ് ഒക്കെ ഒരുക്കിയിട്ടുണ്ട്. എന്താണെന്ന് പറയുന്നില്ല… കാണാൻ പോകുന്ന പൂരമല്ലേ.

അപ്പോൾ എല്ലാം പറഞ്ഞതു പോലെ.
ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് പുസ്തക പ്രകാശനം. നാല് മണി മുതൽ വെടിവട്ടം.

എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം.

കാണാം….കാണണം.

Leave a Comment