പൊതു വിഭാഗം

സ്‌കൂളുകളിൽ കുട്ടികളുടെ ചോര വീഴരുത്…

രാവിലെ എഴുന്നേൽപ്പിച്ചു കുളിപ്പിച്ച് ഉമ്മ കൊടുത്തു നാം കുട്ടികളെ സ്‌കൂളിൽ അയക്കുന്നു.
 
വൈകീട്ട് ക്ഷീണിച്ചെങ്കിലും സന്തോഷത്തോടെ കുട്ടി തിരിച്ചുവന്ന് സ്‌കൂളിലെ വിശേഷങ്ങൾ നമ്മളോട് പങ്കുവക്കുന്നു,
ഇതാണ് നമുക്ക് ഒരു സ്‌കൂൾ ദിനം.
 
പക്ഷെ ചിലപ്പോഴെങ്കിലും ചില മാതാപിതാക്കൾക്കെങ്കിലും ഇങ്ങനെയല്ല ഒരു ദിവസം അവസാനിക്കുന്നത്.
 
ചിരിച്ചുകൊണ്ട് സ്‌കൂളിലേക്ക് പോയ കുട്ടി തിരിച്ചു വരുന്നില്ല. വാഹനാപകടത്തിൽ, സ്‌കൂൾ മുറ്റത്തെ കുഴിയിൽ വീണ്, സ്പോർട്സ് മേളയിലെ അപകടത്തിൽ, ഇപ്പോൾ ഇതാ ക്ലാസ് റൂമിൽ പാന്പുകടിച്ചും കുട്ടികൾ മരിച്ചുപോകുന്നു.
 
എത്ര ദുഖകരമായ കാര്യമാണിത് ?
 
പാന്പുകടിച്ച് സ്‌കൂളിൽ കുട്ടി മരിക്കുന്നത് അടുത്ത കാലത്തെ ആദ്യ സംഭവമാകാം, എന്നാൽ സ്‌കൂളിലേക്ക് ആരോഗ്യത്തോടെ ജീവനോടെ പോയ കുട്ടി ജീവനില്ലാതെ തിരിച്ചു വരുന്നത് ആദ്യത്തെ സംഭവമല്ല. അവസാനത്തേതും ആകില്ല.
 
പത്തു വർഷമായി ഞാൻ ഈ ചോദ്യം ചോദിക്കാൻ തുടങ്ങിയിട്ട്.
ഒരു വർഷം കേരളത്തിൽ എത്ര സ്‌കൂൾ കുട്ടികൾ സ്‌കൂളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ പെടുന്നു, അവരിൽ എത്ര പേരുടെ ജീവൻ പോകുന്നു?
 
ഉത്തരമില്ല.
 
ആറു വർഷമായി സ്‌കൂൾ കുട്ടികളുടെ സുരക്ഷക്ക് വേണ്ടി മാത്രം ഒരു ലഘുലേഖ ഉണ്ടാക്കി ഞാൻ സർക്കാരിന് സമർപ്പിച്ചിട്ട്. ഓരോ വർഷവും സ്‌കൂൾ തുറക്കുന്നതിന് മുൻപ് സ്‌കൂളുമായി ബന്ധപ്പെട്ട ദുരന്ത സാധ്യതകൾ വിശകലനം ചെയ്ത് കണ്ടെത്തുക, പരിഹരിക്കാവുന്നവ പരിഹരിക്കുക, സ്‌കൂളിൽ ഒരു പ്രശ്നമുണ്ടായാൽ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അധ്യാപകരെ പഠിപ്പിക്കുക, എന്നിങ്ങനെ നിസ്സാരമായ കാര്യങ്ങളാണ് ലഘുലേഖയിലുള്ളത്.
 
ആരും പുസ്തകം വായിക്കുന്നില്ല.
 
അഞ്ചു വർഷമായി ഓരോ സ്‌കൂൾ വർഷവും ആദ്യദിനം തന്നെ കുട്ടികൾക്ക് ഒരു സുരക്ഷാ ഓറിയെന്റേഷൻ നൽകണമെന്ന് പറഞ്ഞുതുടങ്ങിയിട്ട്. എന്തൊക്കെ അപകട സാധ്യതകളാണ് സ്‌കൂളിലും സ്‌കൂളിലേക്കുള്ള യാത്രയിലുമുള്ളത്, സ്‌കൂളിൽ ഒരു അപകടമോ അപകട സാഹചര്യമോ ഉണ്ടായാൽ ഏതാധ്യാപകരെ ഉടൻ അറിയിക്കണം എന്നെല്ലാം കുട്ടികളെ പറഞ്ഞു മനസിലാക്കുക. അത്രയേ ഉള്ളൂ കാര്യം. ബലൂണും പായസവും ഒക്കെ അത് കഴിഞ്ഞു മതി.
 
ആരും ശ്രദ്ധിക്കുന്നില്ല,
 
ഓരോ വർഷവും നമ്മുടെ കുഞ്ഞുങ്ങളുടെ ചോര സ്‌കൂൾ മുറ്റത്തു വീഴുന്നു. അച്ഛനമ്മമാരുടെ കണ്ണീരും.
 
എന്തെങ്കിലും അപകടം സംഭവിച്ചാലുടൻ തന്നെ ഒച്ചപ്പാടായി, പോലീസ് കേസായി, ഒന്നോ രണ്ടോ അധ്യാപകരെ സസ്‌പെൻഡ് ചെയ്യലായി. തീർന്നു കാര്യം.
 
അടുത്ത വർഷം വേറെ എവിടെയെങ്കിലും കുട്ടികളുടെ ചോര വീഴുന്നു. അന്നും ഇതേ കഥ ആവർത്തിക്കുന്നു.
ഈ വിഷയത്തിൽ കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുപോലെ മാറ്റമുണ്ടാകുമെന്ന് ഇനി നമുക്ക് പ്രതീക്ഷിക്കാൻ വയ്യ. അതുകൊണ്ട് തന്നെ നിങ്ങൾ ഏതെങ്കിലും വിധത്തിൽ സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണെങ്കിൽ (അധ്യാപകൻ, പി ടി എ, മാനേജ്‌മെന്റ്), നിങ്ങളുടെ സ്‌കൂളിലെങ്കിലും സുരക്ഷ പ്രധാനമായി എടുക്കുക, കുട്ടികൾക്ക് കരുതൽ കൊടുക്കുക.
 
അല്ലെങ്കിൽ എന്നെങ്കിലും ഒരിക്കൽ കുട്ടികളുടെ ചോര നിങ്ങളുടെ സ്‌കൂൾ മുറ്റത്തും വീഴും, അതിൽ കുറച്ച് നിങ്ങളുടെ കയ്യിലും പുരണ്ടിരിക്കുന്നതായി തോന്നുകയും ചെയ്യും.
 
സ്‌കൂളിനുള്ളിൽ പാന്പുകടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന് എന്ന കുട്ടിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
 
മുരളി തുമ്മാരുകുടി
 

Leave a Comment